പാലക്കാട് | തേങ്കുറുശ്ശി ദുരഭിമാന കൊലക്കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ രണ്ടു പ്രതികള്‍ക്കും കോടതി ജീവപര്യന്തം തടവും 50,000 രൂപ വീതം പിഴയും ശിക്ഷ. ഹരിതയുടെ (19) അച്ഛന്‍ തേങ്കുറിശ്ശി ഇലമന്ദം കുമ്മാണി ചെറുതുപ്പല്ലൂര്‍ പ്രഭുകുമാര്‍ (43), ഭാര്യാ സഹോദരന്‍ ഇലമന്ദം കുമ്മാണി ചെറുതുപ്പല്ലൂര്‍ കെ. സുരേഷ് കുമാര്‍ (45) എന്നിവരെയാണ് ശിക്ഷിച്ചത്.
2020 ഡിസംബര്‍ 25ലെ ക്രിസ്മസ് ദിനത്തില്‍ വൈകുന്നേരം ഇലമന്ദം കൊല്ലത്തറയില്‍ അനീഷിനെ കൊലപ്പെടുത്തിയ കേസിലാണ് വിധി. ഹരിതയെ പ്രണയിച്ച് വിവാഹം കഴിച്ച തേങ്കുറിശ്ശി ഇലമന്ദം അനീഷിനെ (27) വിവാഹത്തിന്റെ 88-ാം ദിവസം ഹരിതയുടെ അച്ഛനും അമ്മാവനും ചേര്‍ന്ന് കുത്തിക്കൊലപ്പെടുത്തിയെന്നാണ് കേസ്. ജാതി പ്രശ്നം ഉയര്‍ത്തിയായിരുന്നു കൊലപാതകം.
വിവാഹത്തെത്തുടര്‍ന്ന് അനീഷും ഹരിതയുടെ വീട്ടുകാരും തമ്മില്‍ തര്‍ക്കം നിലനിന്നിരുന്നു. ബൈക്കില്‍ സഹോദരനൊപ്പം സഞ്ചരിക്കുന്നതിനിടെ അനീഷിനെ മാന്നാംകുളമ്പില്‍വെച്ച് തടഞ്ഞുനിര്‍ത്തി സുരേഷും പ്രഭുകുമാറും ചേര്‍ന്ന് വെട്ടിയും കുത്തിയും കൊലപ്പെടുത്തിയെന്നായിരുന്നു കേസ്.
തേങ്കുറിശ്ശി ഇലമന്ദം ആറുമുഖന്റെയും രാധയുടെയും മകനാണ് അനീഷ്. ആദ്യം ലോക്കല്‍ പോലീസ് അന്വേഷിച്ച കേസ് പിന്നീട് ക്രൈംബ്രാഞ്ച് ഏറ്റെടുത്തു. 75 ദിവസം കൊണ്ടാണ് ജില്ലാ ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചത്. ദുരഭിമാനക്കൊലയെന്നാണ് കുറ്റപത്രത്തില്‍ പരാമര്‍ശിച്ചിട്ടുള്ളത്. കൊലക്കുറ്റത്തിനുപുറമേ ഗൂഢാലോചന, തെളിവ് നശിപ്പിക്കല്‍ എന്നീ വകുപ്പുകളും പ്രതികള്‍ക്കെതിരേ ചുമത്തിയിട്ടുണ്ട്.