കൊച്ചി | വധശിക്ഷക്ക് വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന നിമിഷ പ്രിയയുടെ മോചനത്തിനുള്ള മാര്‍ഗങ്ങള്‍ തേടി അമ്മ പ്രേമകുമാരി യമനിലേക്ക്. കഴിഞ്ഞ ആഴ്ചയാണ് പ്രേമകുമാരിക്കു വിസ ലഭിച്ചത്. സന്നദ്ധ പ്രവര്‍ത്തകനായ സാമുവല്‍ ജെറോമും പ്രേമകുമാരിക്കൊപ്പം യമനിലേക്കു പോകും.

കൊല്ലപ്പെട്ട യെമന്‍ പൗരന്റെ കുടുംബത്തെ നേരില്‍ കാണുകയാണ് പ്രേമകുമാരിയുടെ യാത്രയുടെ പ്രധാന ലക്ഷ്യം. ഈ കുടുംബം അനുവദിച്ചാല്‍ മാത്രമേ നിമിഷപ്രിയയ്ക്കു മോചനം സാധ്യമാകൂ. നിമിഷപ്രിയയും സുഹൃത്തും ചേര്‍ന്നു കൊലപ്പെടുത്തിയെന്ന കേസില്‍ വിചാരണക്കോടതി വധശിക്ഷയ്ക്കു വിധിച്ചത് യെമനിലെ സുപ്രീം കോടതിയും ശരിവച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ഡല്‍ഹി ഹൈക്കോടതിയുടെ അനുവദത്തോടെയുള്ള പ്രേമകുമാരിയുടെ യാത്ര.

വീസാ നടപടികള്‍ പൂര്‍ത്തിയായി. ഇനി ടിക്കറ്റ് എടുക്കണം. ഏതു വഴിക്കാണ് അവിടേക്കു പോകേണ്ടത് എന്നതു സംബന്ധിച്ച് മുംബൈയിലെ ഒരു ട്രാവല്‍ ഏജന്‍സിയുമായി ചര്‍ച്ച നടന്നുവരികയാണ്. അതു തീരുമാനമായാല്‍ യാത്രാ തീയതി തീരുമാനിക്കും. ഒന്നോ രണ്ടോ ആഴ്ചകള്‍ക്കുള്ളില്‍ പോകാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് പ്രേമകുമാരിക്കു വേണ്ടി ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ച അഭിഭാഷകന്‍ സുഭാഷ് ചന്ദ്രന്‍ വ്യക്തമാക്കി. ആദ്യം നിമിഷപ്രിയയെ കാണാനാണ് ശ്രമിക്കുകയെന്നും അതിനുശേഷം യെമന്‍ പൗരന്റെ കുടുംബത്തെയും കാണുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

നിമിഷ പ്രിയയുടെ മോചനത്തിനായി പ്രവര്‍ത്തിക്കുന്ന സേവ് നിമിഷ പ്രിയ ആക്ഷന്‍ കൗണ്‍സില്‍ പ്രതിനിധികള്‍ യമന്‍ അംബാസഡറുമായി കഴിഞ്ഞ ദിവസം ചര്‍ച്ച നടത്തിയിരുന്നു.

കൊല്ലങ്കോട് മാത്തൂരിലെ തോട്ടം കാര്യസ്ഥനായിരുന്ന തൊടുപുഴ സ്വദേശിയായ ടോമിയെ വിവാഹം കഴിച്ച് 2012ലാണ് നിമിഷപ്രിയ യെമനില്‍ നഴ്‌സായി ജോലിക്ക് പോയത്. ഭര്‍ത്താവ് സ്വകാര്യ സ്ഥാപനത്തിലും നിമിഷ ക്ലിനിക്കിലും ജോലി നേടി. അതിനിടെ യെമന്‍ പൗരനായ തലാല്‍ അബ്ദുള്‍ മഹ്ദിയെ പരിചയപ്പെടുകയും ഇരുവരും ചേര്‍ന്ന് കച്ചവട പങ്കാളിത്തത്തോടെ ക്ലിനിക്ക് തുടങ്ങാനും തീരുമാനിച്ചു. യെമന്‍ പൗരന്റെ ഉത്തരവാദിത്തത്തോടെയല്ലാതെ ക്ലിനിക്ക് ആരംഭിക്കാനാവില്ല എന്നതിനാലാണ് മഹ്ദിയുടെ സഹായം തേടിയത്. ബിസിനസ് തുടങ്ങാന്‍ നിമിഷയും ഭര്‍ത്താവും തങ്ങളുടെ സമ്പാദ്യമെല്ലാം മഹ്ദിക്ക് കൈമാറിയിരുന്നു.

ബിസിനസ്സിന് കൂടുതല്‍ പണം ആവശ്യമുള്ളതിനാല്‍ നിമിഷയും ഭര്‍ത്താവും മിഷേല്‍ എന്ന മകളുമൊത്ത് നാട്ടിലേക്ക് വന്നു. പിന്നീട് നാട്ടില്‍ നിന്ന് യെമനിലേക്ക് തിരിച്ചുപോയത് നിമിഷ മാത്രമായിരുന്നു. ബിസിനസ് പച്ചപിടിക്കുമെന്നും മഹ്ദി ചതിക്കില്ലെന്നുമായിരുന്നു ഇവരുടെ വിശ്വാസം. നിമിഷപ്രിയ പോയതിന് ശേഷം യെമനിലേക്ക് തിരിച്ചുപോവാനായിരുന്നു ടോമി ഉദ്ദേശിച്ചതെങ്കിലും യെമന്‍-സൗദി യുദ്ധത്തെ തുടര്‍ന്ന് ആ യാത്രയും മുടങ്ങി.

ബിസിനസ് പങ്കാളിയെന്ന നിലയില്‍ ആദ്യമാദ്യം മാന്യമായി ഇടപെട്ടിരുന്ന മഹ്ദിയുടെ സ്വഭാവം പിന്നീട് പ്രതീക്ഷിക്കാത്ത രീതിയിലേക്ക് മാറി. മഹ്ദിയുമായി ചേര്‍ന്ന് ക്ലിനിക്ക് തുടങ്ങിയശേഷം താന്‍ ഭാര്യയാണെന്ന് പലരേയും വിശ്വസിപ്പിച്ചു. വ്യാജ വിവാഹ സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കി. പിന്നീട് ഭീഷണിപ്പെടുത്തി മതാചാരപ്രകാരം വിവാഹം നടത്തി. ഇരുവരും ചേര്‍ന്ന് ആരംഭിച്ച ക്ലിനിക്കിലെ വരുമാനം മുഴുവന്‍ തലാല്‍ സ്വന്തമാക്കി. പാസ്‌പോര്‍ട്ട് തട്ടിയെടുത്തു. സ്വര്‍ണമെടുത്ത് വിറ്റു. അധികൃതര്‍ക്ക് പരാതി നല്‍കിയ നിമിഷപ്രിയയെ മഹ്ദി മര്‍ദനത്തിനിരയാക്കി. ജീവന്‍ അപകടത്തിലാകുമെന്ന ഘട്ടത്തിലാണ് താന്‍ മഹ്ദിയെ അപായപ്പെടുത്താന്‍ ശ്രമിച്ചത് എന്നാണ് നിമിഷപ്രിയയുടെ വാദം. യെമന്‍ പൗരനായ തലാല്‍ അബ്ദുള്‍ മഹ്ദിയുടെ മാനസിക-ശാരീരിക പീഡനത്തില്‍ നിന്ന് രക്ഷപ്പെടാനായി മഹ്ദിയെ കൊലപ്പെടുത്തിയെന്നതാണ് നിമിഷപ്രിയയ്‌ക്കെതിരേയുള്ള കേസ്. 2017ലായിരുന്നു സംഭവം.

LEAVE A REPLY

Please enter your comment!
Please enter your name here