കൊല്ലം | മലയാള സിനിമയിലെ മറക്കാനാകാത്ത മുഖം ടി.പി മാധവന്‍ (88) അന്തരിച്ചു. ഉദരസംബന്ധമായ അസുഖത്തെ തുടര്‍ച്ച് രണ്ട് ദിവസം മുമ്പ് കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട മാധവനെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയിരുന്നു.

ഏറെ നാളായി പത്തനാപുരം ഗാന്ധി ഭവനിലായിരുന്നു ടി.പി മാധവന്‍ താമസിച്ചിരുന്നത്. അഭിനേതാക്കളുടെ സംഘടനയായ ‘അമ്മ’യുടെ സ്ഥാപകാംഗമായ ടി.പി മാധവന്‍, സംഘടനയുടെ ആദ്യ ജനറല്‍ സെക്രട്ടറി കൂടിയാണ്. 600ലേറെ മലയാള സിനിമയിലും 30ലേറെ ടെലിവിഷന്‍ പരമ്പരകളിലും വേഷമിട്ടിട്ടുണ്ട്.

നാല്‍പതിലേറെ വര്‍ഷം മലയാള സിനിമയില്‍ അദ്ദേഹം നിറഞ്ഞുനിന്നു. കേരള സര്‍വകലാശാല ഡീനും സംസ്ഥാന വിദ്യാഭ്യാസ ഉപദേശക സമിതി അധ്യക്ഷനുമായിരുന്ന ഡോ. എന്‍.പി. പിള്ളയുടെ മകനായ മാധവന്‍ 1935 നവംബര്‍ 7ന് തിരുവനന്തപുരം വഴുതക്കാടാണ് ജനിച്ചത്. സോഷ്യോളജിയില്‍ എംഎ ബിരുദധാരിയായ മാധവന്‍, 1960ല്‍ മുംബൈയില്‍ ഇംഗ്ലിഷ് പത്രത്തില്‍ സബ് എഡിറ്ററായാണു കരിയര്‍ തുടങ്ങിയത്. പിന്നീട് നടന്‍ മധുവുമായുള്ള സൗഹൃദത്തിലൂടെ നാടകത്തിലേക്കും സിനിമയിലേക്കുമെത്തുകയായിരുന്നു.

1975ല്‍ നടന്‍ മധു സംവിധാനം ചെയ്ത കാമം ക്രോധം മോഹം എന്ന ചിത്രത്തിലൂടെയാണ് ടി.പി മാധവന്‍ മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. മികവുറ്റ ഒട്ടേറെ കഥാപാത്രങ്ങളിലൂടെ ശ്രദ്ധേയനായ ടി.പി മാധവന്, 2015 ഒക്ടോബറിലെ ഹിമാലയന്‍ യാത്രയ്ക്കിടെ ഹരിദ്വാറില്‍വച്ചു പക്ഷാഘാതം സംഭവിക്കുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here