കൊല്‍ക്കത്ത| ദേശീയതലത്തില്‍ ചര്‍ച്ചയായ വിഷയം തൃണമുലിനു തിരിച്ചടിയായതോടെ ഗത്യന്തരമില്ലാതെ അറസ്റ്റ്. സന്ദേശ്ഖാലി സംഘര്‍ഷത്തിനു കാരണമായ കേസിലെ മുഖ്യപ്രതി, തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് ഷെയ്ഖ് ഷാജഹാനെ പൊലീസ് ഒടുവില്‍ അറസ്റ്റ് ചെയ്തു.
സ്ത്രീകള്‍ക്കെതിരായ ലൈംഗികാതിക്രമം, സന്ദേശ്ഖാലിയിലെ ഭൂമി കൈയേറ്റം തുടങ്ങിയ കേസുകളിലാണ് നടപടി. നോര്‍ത്ത് 24 പര്‍ഗാനാസ് ജില്ലയില്‍നിന്ന് അര്‍ധരാത്രിയോടെയാണ് ഷെയ്ഖ് ഷാജഹാനെ ബംഗാള്‍ പൊലീസിന്റെ പ്രത്യേക സംഘം കസ്റ്റഡിയില്‍ എടുത്തത്. 55 ദിവസമായി ഒളിവിലായിരുന്നു.
ഷാജഹാന്‍ ശൈഖിനെ അറസ്റ്റ് ചെയ്യാന്‍ സംസ്ഥാന പോലീസിപുറമേ ഇ.ഡിക്കും സി.ബി.ഐക്കും അധികാരമുണ്ടെന്ന് കൊല്‍ക്കത്ത ഹൈക്കോടതി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് ബംഗാള്‍ പോലീസിന്റെ നടപടി. ഷെയ്ഖ് ഷാജഹാനും അനുയായികള്‍ക്കുമെതിരെ ഭൂമി തട്ടിയെടുക്കലും ലൈംഗികാതിക്രമവും ആരോപിച്ച് സന്ദേശ്ഖാലിയിലെ സ്ത്രീകള്‍ രംഗത്തെത്തിയിരുന്നു. ഇതോടെ ജനുവരി അഞ്ചിനു ഇയാള്‍ ഒളിവില്‍ പോയി. 2019ല്‍ മൂന്നു ബിജെപി പ്രവര്‍ത്തകരെ കൊലപ്പെടുത്തിയത് ഉള്‍പ്പെടെ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ്.
റേഷന്‍-ഭൂമി കുംഭകോണങ്ങള്‍, കള്ളപ്പണം വെളുപ്പിക്കല്‍ തുടങ്ങി സംഭവങ്ങളില്‍ ഇ.ഡിയും ഷെയ്ഖ് ഷാജഹാനെതിരെ കേസുകള്‍ റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ബംഗാളില്‍ വൈദ്യുതി വകുപ്പ് ജീവനക്കാര്‍ക്കെതിരെ ആക്രമണം നടത്തിയ കേസിലും പ്രതിയാണ്.
ഒരു മാസം മുമ്പ് ഒരു 13കാരിയെ ഇയാളുടെ ഗുണ്ടകള്‍ കൂട്ടബലാത്സംഗം ചെയ്തുകൊന്നതോടെയാണ് കാര്യങ്ങള്‍ പിടിവിട്ടത്. ദലിതരും, ആദിവാസികളുമായ പാവങ്ങളായ അമ്മമാര്‍ സഹികെട്ടതോടെ വടിയും പന്തുവുമായി തെരുവിലിറങ്ങിയിരിക്കയാണ്. ഗവര്‍ണ്ണര്‍ സി വി ആനന്ദബോസ് റിപ്പോര്‍ട്ട് തേടിയിട്ടും സംഘര്‍ഷങ്ങള്‍ക്ക് ശമനമില്ല. ഷെയ്ഖ് ഷാജഹാന്‍ എന്ന തൃണമൂല്‍ ഗുണ്ടയെ പിടികൂടാതെ പോരാട്ടം അവസാനിപ്പിക്കില്ലെന്ന നിലപാട് അവര്‍ സ്വീകരിച്ചു. എന്നാല്‍, പ്രക്ഷോഭത്തെ അവഗണിച്ച് മുന്നോട്ടു പോകാനാണ് സംസ്ഥാന സര്‍ക്കാര്‍ ശ്രമിച്ചത്.
ഷാജഹാന്‍ ശൈഖിന്റെ അനുയായികള്‍ സ്തീകളെ പാര്‍ട്ടി ഓഫീസില്‍ കൊണ്ടുപോയി ദിവസങ്ങളോളം ലൈംഗികമായി ഉപദ്രവിക്കുന്നുവെന്നാണ് പ്രദേശത്തെ സ്ത്രീകള്‍ പരസ്യമായി ആരോപിച്ചിരുന്നു. ഭീഷണിപ്പെടുത്തി തങ്ങളുടെ ഭൂമി കൈവശപ്പെടുത്തുന്നുവെന്നും ജോലിചെയ്യിച്ച ശേഷം കൂലിനല്‍കാതെ മര്‍ദിക്കുന്നെന്നും സ്ത്രീകള്‍ വിവരിച്ചിരുന്നു.
തൃണമൂല്‍ നേതാവ് ഷാജഹാന്‍ ഷെയ്ഖിന്റെയും കൂട്ടാളികളുടെയും നിരന്തര ആക്രമണത്തിന് വിധേയരാവുന്ന സന്ദേശ്ഖാലിയിലെ സ്ത്രീകള്‍, ഗ്രാമം സന്ദര്‍ശിച്ച ബിജെപി നേതാക്കള്‍ക്കും, മാധ്യമ പ്രവര്‍ത്തകര്‍ക്കുമുമ്പാകെ ഞെട്ടിക്കുന്ന ലൈഗികാതിക്രമത്തിന്റെ വിവരങ്ങാണ് പങ്കുവെച്ചത്. ബംഗാളിലെ 24 പര്‍ഗാനാസ് ജില്ലയിലെ സന്ദേശ്ഖാലി എന്ന നാട് ഇപ്പോള്‍ കലാപങ്ങളില്‍ വെന്തുരുകയാണ്.