30 സെപ്റ്റംബര്‍, അന്താരാഷ്ട്ര വിവര്‍ത്തന ദിനം | എല്ലാ വര്‍ഷവും സെപ്റ്റംബര്‍ 30 ന് അന്താരാഷ്ട്ര വിവര്‍ത്തന ദിനം ആചരിക്കുന്നു. ഭാഷാ പ്രൊഫഷണലുകളുടെ പ്രവര്‍ത്തനത്തിന് ആദരാഞ്ജലികള്‍ അര്‍പ്പിക്കാന്‍ ഈ ദിവസം അവസരം നല്‍കുന്നു. രാജ്യങ്ങളെ ഒന്നിപ്പിക്കുന്നതിലും ലോക സമാധാനവും സുരക്ഷയും ശക്തിപ്പെടുത്തുന്നതിലും ഇത് ഒരു പ്രധാന പങ്ക് വഹിക്കുന്നു.

മൂന്നു ദിവസം മഴ | സംസ്ഥാനത്ത് മധ്യ തെക്കന്‍ ജില്ലകളിലെ മലയോര മേഖലകളില്‍ മൂന്നു ദിവസം ശക്തമായ മഴയ്ക്കും ഇടിമിന്നല്‍, കാറ്റ് ഏന്നിവയ്ക്ക് സാധ്യത. വടക്കന്‍ ജില്ലകളിലെ മലയോര മേഖലകളിലും ശക്തമായ മഴയുണ്ടാകും. ശ്രീലങ്കയ്ക്കു സമീപമുള്ള ചക്രവാതച്ചുഴി ശക്തിപ്രാപിച്ചാല്‍ വരും ദിവസങ്ങളില്‍ മഴ ശക്തിപ്പെടും.

രണ്ടു കിലോ അരി മാത്രം| മുന്‍ഗണനാ ഇതര വിഭാഗത്തിലെ വെള്ളറേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് ഒക്‌ടോബറില്‍ രണ്ടു കിലോ അരി മാത്രമേ ലഭിക്കൂ. ഓണം പ്രമാണിച്ച് 10 കിലോ അരി നല്‍കിയ സാഹചര്യത്തിലെന്ന് വിശദീകരണം. നീല കാര്‍ഡിലെ ഓരോ അംഗത്തിനും രണ്ട് കിലോ അതി എന്ന സാധാരണ വിഹിതം ലഭിക്കും.

അന്‍വര്‍ പിണറായി പോര് | നിലമ്പൂര്‍ മണ്ഡലത്തിലെ വന്‍ ജനക്കൂട്ടത്തെ സാക്ഷിയാക്കി പി.വി. അന്‍വര്‍ പിണറായി വിജയനെ വീണ്ടും വെല്ലുവിളിച്ചു. മുഖ്യമന്ത്രിയെ പരസ്യമായി വെല്ലുവിളിക്കുകയും പാര്‍ട്ടിയും ഇടതു മുന്നണിയുമായുള്ള എല്ലാ ബന്ധവും അറുത്തു മുറിക്കുകയും ചെയ്ത അന്‍വറിനെ സര്‍വാംഗം പൂട്ടാന്‍ സി.പി.എമ്മും സര്‍ക്കാരും നീക്കം തുടങ്ങി. ഫോണ്‍ ചോര്‍ത്തലില്‍ അന്‍വറിനെതിരെയും കൊലവിളി പ്രസംഗത്തില്‍ സി.പി.എം പ്രവര്‍ത്തകര്‍ക്കെതിരെയും പോലീസ് കേസ് എടുത്തിയിട്ടുണ്ട്.

ശശീന്ദ്രന്‍- എന്‍.സി.പി പോര് | രാജി വയ്ക്കില്ലെന്ന് എ.കെ. ശശീന്ദ്രന്‍ നിലപാട് വ്യക്തമാക്കിയതോടെ തോമസ് കെ. തോമസിനെ മന്ത്രിയാക്കാനുള്ള എന്‍.സി.പി നീക്കത്തില്‍ പ്രതിസന്ധി. മന്ത്രിസഭയില്‍ നിന്ന് ശശീന്ദ്രനെ പിന്‍വലിച്ചുകൊണ്ട് കത്ത് നല്‍കാന്‍ എന്‍.സി.പി നേതൃത്വം തീരുമാനിച്ചു. ഇക്കാര്യത്തില്‍ മുഖ്യമന്ത്രിയുടെ നിലപാട് നിര്‍ണായകമാകും.

എസ്.എ.ടി മൂന്നു മണിക്കൂര്‍ ഇരുട്ടില്‍ | വൈദ്യുതി തടസമുണ്ടായതിനു പിന്നാലെ ജനറേറ്ററും തകരാറിലായതോടെ തിരുവനന്തപുരത്തെ എസ്.എ.ടി (അവിട്ടം തിരുന്നാള്‍ ആശുപത്രി) ഇരുട്ടിലായത് രാത്രി ഏഴു മണി മുതല്‍ മൂന്നു മണിക്കൂര്‍. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ പ്രസവം നടക്കുന്ന ആശുപത്രികളിലൊന്നിലാണ് കുറ്റകരമായ അനാസ്ഥയുണ്ടായത്. ബന്ധുക്കളുടെ പ്രതിഷേധം സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു. ജനറേറ്റര്‍ റീചാര്‍ജ് ചെയ്യുമ്പോള്‍ സര്‍ക്യൂട്ട് ബ്രേക്കിലുണ്ടായ തകരാറാണ് വൈദ്യുതി മുടക്കിയതെന്നാണ് വിശദീകരണം. ആരോഗ്യ വൈദ്യുതി വകുപ്പുകള്‍ അന്വേഷണം തുടങ്ങി.

ബസുകളുടെ കാലാവധി നീട്ടി | കെ.എസ്.ആര്‍.ടി.സി. ബസുകളുടെ കാലാവധി 17 വര്‍ഷമായി ദീര്‍ഘിപ്പിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി കേന്ദ്രമാനദണ്ഡപ്രകാരം 15 വര്‍ഷം പിന്നിട്ട 1117 ബസുകള്‍ ഈ മാസം നിരത്തില്‍ നിന്നു പിന്‍വലിക്കേണ്ടി വരുന്നത് ഒഴിവാക്കാനാണ് നീക്കം.

177 മെഗാവാട്ട് വൈദ്യുതി | വൈദ്യുതി പ്രതിസന്ധി പരിഹരിക്കാന്‍ 177 മെഗാവാട്ട് വൈദ്യുതി ലഭ്യമാക്കാന്‍ കേന്ദ്ര ഊര്‍ജ്ജ മന്ത്രാലയത്തിന്റെ അനുമതി. നാഷണല്‍ തെര്‍മല്‍ പവര്‍ കോര്‍പ്പറേഷന്റെ ബാര്‍ഹ് 1,2 നിലയങ്ങളില്‍ നിന്ന് യഥാക്രമം 80, 97 മെഗാവാട്ട് വൈദ്യുതി ഒക്‌ടോബര്‍ ഒന്നു മുതല്‍ അടുത്ത മാര്‍ച്ച് 31 വരെയാകും ലഭ്യമാക്കുക.

ആദ്യ സൂപ്പര്‍ കപ്പാസിറ്റര്‍ കേന്ദ്രം| ഇന്ത്യയിലെ ആദ്യ സൂപ്പര്‍ കപ്പാസിറ്റര്‍ ഉല്‍പ്പാദന കേന്ദ്രം കണ്ണൂരില്‍ നാളെ പ്രവര്‍ത്തനം ആരംഭിക്കും. വ്യവസായ വകുപ്പിനു കീഴിലുള്ള കെല്‍ട്രോണ്‍ കോംപണന്റ് കോംപ്ലക്‌സ് ആരംഭിക്കുന്ന പുതിയ പ്ലാന്റില്‍ ഒരു ദിവസം 2000 സൂപ്പര്‍ കപ്പാസിറ്ററുകള്‍ വരെ നിര്‍മ്മിക്കാന്‍ സാധിക്കും. 42 കോടി മുതല്‍ മുടക്കുളള പദ്ധതിയുടെ ആദ്യഘ്ടത്തിന് ചെലവ് 18 കോടി രൂപയാണ്.

വരണാധികാരിയെ നിയമിച്ചു | കാലാവധി കഴിഞ്ഞ ആഴ്ചയില്‍ പൂര്‍ത്തിയാക്കിയ കേരള നഴ്‌സിംഗ് കൗണ്‍സിലിന്റെ പുതിയ ഭരണസമിതി തെരഞ്ഞെടുപ്പിന് വരണാധികാരിയായി നിയമവകുപ്പിലെ അണ്ടര്‍ സെക്രട്ടറി അരുണ്‍ കുമാര്‍ എസ്.എസിനെ സര്‍ക്കാര്‍ നിയമിച്ചു.

യൂട്യൂബ് ചാനലുകള്‍ക്കെതിരെ കേസ്| അശ്ലീല സംഭാഷണങ്ങള്‍ അടങ്ങിയ വീഡിയോ പ്രചരിപ്പിെച്ചന്ന നടനും സംവിധായകനുമായ ബാലചന്ദ്ര മേനോന്റെ പരാതിയില്‍ ചില യൂട്യൂബ് ചാനലുകള്‍ക്കെതിരെ കൊച്ചി സൈബര്‍ പോലീസ് കേസ് എടുത്തു.

സിദ്ധിഖിന് ഇന്ന് നിര്‍ണായകം| പീഡനക്കേസില്‍ നടന്‍ സിദ്ധിഖ് സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീം കോടതിയുടെ വനിതാ ജഡ്ജി അടങ്ങിയ രണ്ടംഗ ബഞ്ചെ് ഇന്ന് പരിഗണിക്കും.

അറസ്റ്റ് ചെയ്തു| വിവിധ പ്രദേശങ്ങളില്‍ കറങ്ങി നടന്ന് അടച്ചിട്ട വീടുകള്‍ കേന്ദ്രീകരിച്ച് മോഷണം നടത്തിയ സ്ത്രീകള്‍ ഉള്‍പ്പെട്ട നാലംഗ സംഘത്തെ പാലോട് പോലീസ് പിടികൂടി.

ആന്ധ്രയില്‍ നിക്ഷേപിക്കാന്‍ ലുലു| ആന്ധ്രാപ്രദേശിലെ വിവിധ പദ്ധതികളില്‍ നിക്ഷേപിക്കാന്‍ എം.എ. യൂസഫലിയുടെ ലുലു ഗ്രൂപ്പ് ഒരുങ്ങുന്നു. മുഖ്യമന്ത്രി എന്‍. ചന്ദ്രബാബു നായിഡുവിന്റെ അമരാവതിയിലെ ഔദ്യോഗിക വസതിയില്‍ എം.എ. യൂസഫലി നടത്തിയ കൂടിക്കാഴ്ചയിലാണ് ധാരണ.

പ്രകാശ് കാരാട്ട് സി.പി.എം കോ ഓര്‍ഡിനേറ്റര്‍ | സി.പി.എം പോളിറ്റ് ബ്യൂറോയുടെയും കേന്ദ്രകമ്മിറ്റിയുടെയും കോഓഡിനേറ്ററായി മുന്‍ ജനറല്‍ സെക്രട്ടറി പ്രകാശ് കാതാട്ടിനെ നിയോഗിച്ചു. സീതാറാം യെച്ചൂരിയുടെ മരണത്തെ തുടര്‍ന്നാണ് ഡല്‍ഹിയില്‍ ചേര്‍ന്ന കേന്ദ്ര കമ്മിറ്റി യോഗത്തിന്റെ തീരുമാനം.

ആദ്യ മഞ്ഞു വീഴ്ച്ച | വടക്കന്‍ സിക്കിമില്‍ ഈ സീസണിലെ ആദ്യത്തെ മഞ്ഞുവീഴ്ച, പ്രതീക്ഷിച്ചതിലും വളരെ നേരത്തെ അനുഭവപ്പെട്ടു. കനത്ത മഴയ്ക്കൊപ്പം നിരവധി പ്രദേശങ്ങളില്‍ ഒന്നിലധികം മണ്ണിടിച്ചിലുകളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അടുത്ത രണ്ട് ദിവസങ്ങളില്‍ അതിശക്തമായതോ അതിശക്തമായതോ ആയ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു.

ഇസ്രയേല്‍ ആക്രമണം | ലബനനില്‍ ഹിസ്ബുള്ളയെ തകര്‍ത്തടിച്ചതിനു പിന്നാലെ യെമനിലെ ഹൂതികള്‍ക്കെതിരെ വ്യോമാക്രമണം തുടങ്ങി ഇസ്രയേല്‍. ഡസന്‍ കണക്കിനു വ്യോമസേന വിമാനങ്ങള്‍ റാസ് ഇസ, ഹൊദ്ദൈ പ്രദേങ്ങളിലെ ഹൂതി കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടെന്ന് ഇസ്രയേലി സൈനിക വക്താവ് വ്യക്തമാക്കി. ഇസ്രയേലിലെ ടെല്‍ അവീവിനടുത്തുള്ള ബെന്‍ ഗുറിയോണ്‍ രാജ്യാന്തര വിമാനത്താവളത്തിലേക്ക് ഹൂതികള്‍ ബാലിസ്റ്റിക് മിസൈല്‍ തൊടുക്കാന്‍ ശ്രമിച്ചതിനു പിന്നാലെയാണ് ഇസ്രയേല്‍ നടപടി. ഹിസ്ബുള്ളയുടെ ഉന്നത നേതാവ് ഹസന്‍ നസ്റല്ല വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടതിന്റെ പിറ്റേന്ന്, മറ്റൊരു മുതിര്‍ന്ന ഹിസ്ബുള്ള ഉദ്യോഗസ്ഥനായ നബീല്‍ ക്വൗക്കിനെ വ്യോമാക്രമണത്തില്‍ ഇല്ലാതാക്കിയതായും ഇസ്രായേല്‍ സൈന്യം ഞായറാഴ്ച പറഞ്ഞു.

ഭൂമിയിലെത്തിക്കാന്‍ പുറപ്പെട്ടു| ഇന്ത്യന്‍ വംശജയായ ബഹിരാകാശ സഞ്ചാരി സുനിത വില്യംസിനെ ഭൂമിയിലേക്ക് തിരികെ കൊണ്ടുവരാന്‍ ലക്ഷ്യമിട്ടുള്ള ദൗത്യത്തില്‍, നാസയും സ്പേസ് എക്സ് പേടകവും ക്രൂ-9 അംഗങ്ങളും ബഹിരാകാശയാത്രികന്‍ നിക്ക് ഹേഗും റോസ്‌കോസ്മോസ് ബഹിരാകാശ സഞ്ചാരി അലക്സാണ്ടര്‍ ഗോര്‍ബുനോവും ഇന്നലെ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് (ISS) പുറപ്പെട്ടു.

സമനില| ഐ.എസ്.എല്ലില്‍ സീസണിലെ ആദ്യ ഏവേ മത്സരത്തില്‍ കേരള ബ്ലാസ്‌റ്റേഴ്‌സിന് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡുമായി സമനില (1-1). അലാഡില്‍ അജാരെ നേടിയ ഗോളിലൂടെ മുന്നിലെത്തിയ നോര്‍ത്ത് ഈസ്റ്റിനെ നോഹസദുയി നേടിയ ഗോളിലൂടെ സമനിലയല്‍ തളച്ചു. 82-ാം മിനിട്ടില്‍ ചുവപ്പു കാര്‍ഡു കണ്ട് അഷീര്‍ അക്തര്‍ പുറത്തുപോയതോടെ നോര്‍ത്ത് ഈസ്റ്റ് പത്തായി ചുരുങ്ങിയിരുന്നു.

മഴമാറി നിന്നിട്ടും പന്തെറിഞ്ഞില്ല| ഇന്ത്യാ- ബംഗ്ലാദേശ് രണ്ടാം ടെസ്റ്റിന്റെ മൂന്നാം ദിനത്തെ കളിയും ഒരു പന്തുപോലും റിയാനാകാതെ ഉപേക്ഷിച്ചു. മഴ പെയ്തില്ലെങ്കിലും ഗ്രൗണ്ടിലെ ഈര്‍പ്പം പൂര്‍ണമായും മാറാത്തതാണ് തടസമായത്.

പുതിയ ഐ.പി.എല്‍ നിയമങ്ങള്‍ | ഐ.പി.എല്‍ മെഗാ ലേലത്തിന് മുമ്പ് ടീമുകള്‍ക്ക് ആറു താരങ്ങളെ നിലനിര്‍ത്താം. ഐ.പി.എല്‍ ഗവേണിംഗ് കൗണ്‍സിലിന്റെ തീരുമാനത്തിന് ബി.സി.സി.ഐയുടെ അംഗീകാരം ലഭിച്ചു. താരങ്ങളെ നിലനിര്‍ത്തുകയോ ആര്‍.ടി.എം കാര്‍ഡ് ഉപയോഗിച്ച് സ്വന്തമാക്കുകയോ ചെയ്യാം. കരാറൊപ്പിട്ടശേഷം മതിയായ കാരണങ്ങളില്ലാതെ കളിക്കാര്‍ വരാതിരിക്കുന്ന താരങ്ങളെ വിലക്കാനും വ്യവസ്ഥ നിലവില്‍ വന്നു. മെഗാലേലത്തില്‍ ഒരു ടീമിന് ചെലവഴിക്കാവുന്ന തുക നൂറില്‍ നിന്ന് 120 കോടിയായി ഉയര്‍ത്തിയിട്ടുണ്ട്.

ബാഴ്‌സയ്ക്ക് തോല്‍വി| തുടര്‍ച്ചയായ ഏഴു ജയങ്ങള്‍ക്കുശേഷം ലാലിഗയില്‍ സീസണിലെ ആദ്യ തോല്‍വി വഴങ്ങി ബാഴ്‌സലോണ. ഒസാസുന സ്വന്തം തട്ടകത്തില്‍ രണ്ടിനെതിരെ നാലു ഗോളുകള്‍ക്കാണ് ബാഴസലോണയെ കീഴടക്കിയത്.

LEAVE A REPLY

Please enter your comment!
Please enter your name here