തിരുവനന്തപുരം | രാത്രികാല വൈദ്യൂതി ഉപയോഗം കുതിച്ചുയരുന്നു. ഉയര്‍ന്ന നിരക്കില്‍ വൈദ്യുതി വാങ്ങാന്‍ പണം കണ്ടെത്താനുള്ള മാര്‍ഗങ്ങള്‍ തേടുകയാണ് കെ.എസ്.ഇ.ബി. സര്‍ക്കാര്‍ പണം നല്‍കിയില്ലെങ്കില്‍ വായ്പ എടുക്കേണ്ടി വരും. അങ്ങനെയെങ്കില്‍ അമിത നിരക്ക് ജനം നല്‍കണം. അല്ലെങ്കില്‍ പവര്‍കട്ടും ലോഡ്ഷെഡിംഗും വരും. ഒന്നം രണ്ടും ദിവസമല്ല, മാസങ്ങളോളം.
ഉത്തരേന്ത്യന്‍ നിലയങ്ങളില്‍ നിന്നുള്ള വൈദ്യുതി ലഭ്യത കുറഞ്ഞതോടെ കഴിഞ്ഞയാഴ്ചയില്‍ ഒന്നിലധികം ദിവസമാണ് കേരളത്തില്‍ അപ്രതീക്ഷിത ലോഡ്ഷെഡിംഗ് നടപ്പാക്കേണ്ടി വന്നത്. സര്‍ക്കാര്‍ സഹായം ലഭിച്ചില്ലെങ്കില്‍ ലോഡ്ഷെഡിംഗ് ഏര്‍പ്പെടുത്തേണ്ടിവരുമെന്ന് പെന്‍ഷനേഴ്സ് കൂട്ടായ്മയുടെ സമ്മേളനത്തില്‍ കെ.എസ്.ഇ.ബി. ചെയര്മാന് തന്നെ കഴിഞ്ഞ ദിവസം തുറന്നു പറഞ്ഞു.
പണം കണ്ടെത്താന്‍ സര്‍ക്കാര്‍ സഹായിച്ചില്ലെങ്കില്‍ വായ്പയെടുക്കുകയാണു മറ്റുവഴി. ഇതോടെ, നിരക്കുവര്‍ധന ഉള്‍പ്പെടെയുള്ള ഭാരം ജനങ്ങള്‍ക്കുമേല്‍ വരും. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 12,938 കോടി രൂപയാണു വൈദ്യുതി വാങ്ങാന്‍ ചെലവഴിച്ചത്. ഇക്കൊല്ലം 14,500-15,000 കോടി വേണ്ടിവരുമെന്നാണു കണക്കുകൂട്ടല്‍.
അടിയന്തര ആവശ്യങ്ങള്‍ക്കായി 1000 മെഗാവാട്ട് വൈദ്യുതി സംഭരിക്കുന്ന ബാറ്ററി എനര്‍ജി സ്റ്റോറേജ് സിസ്റ്റം (ബെസ്) സ്ഥാപിക്കുന്നതിനും ശ്രമം തുടങ്ങിയിട്ടുണ്ട്. സോളാര്‍ എനര്‍ജി കോര്‍പ്പറേഷനുമായി ചര്‍ച്ച പുരോഗമിക്കുകയാണ്. ഒരു മെഗാവാട്ടിന് 5.6 കോടി രൂപയെന്ന നിരക്കില്‍ 1000 മെഗാവാട്ടിനു 5600 കോടി രൂപ വേണ്ടി വരും.