ശ്രീനഗര്‍ | സൈനിക വാഹന വ്യൂഹത്തിന് നേരേയുണ്ടായ ഭീകരാക്രമണത്തില്‍ അഞ്ച് സൈനികര്‍ക്ക് വീരമൃത്യു. ആറു സൈനികര്‍ക്ക് പരുക്കേറ്റു. ജമ്മു-കശ്മീരിലെ കത്വാ ജില്ലയില്‍ ഉള്‍പ്രദേശമായ മചേഡിയിലാണ് തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് ഭീകരരുടെ ഒളിയാക്രമണം ഉണ്ടായത്.
മചേഡി-കിന്‍ഡി-മല്‍ഹാര്‍ റോഡില്‍ പതിവ് പട്രോളിങ്ങിനിടെയാണ് സംഭവം. കത്വായില്‍ നിന്ന് 150 കിലോമീറ്റര്‍ അകലെയാണ് മചേഡി. ആദ്യത്തെ ആക്രമണത്തിന് ശേഷം ഭീകരര്‍ ഗ്രനേഡുകള്‍ എറിയുകയും, വെടിവയ്പ് തുടങ്ങുകയും ചെയ്തു. സുരക്ഷാസേന ശക്തമായി തിരിച്ചടിച്ചതോടെ, ഭീകരര്‍ സമീപത്തെ കാട്ടിലേക്ക് ഓടി മറഞ്ഞു.
കൂടുതല്‍ സൈനികര്‍ സ്ഥലത്തെത്തി ഭീകരര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. ഇടയ്ക്കിടെ സുരക്ഷാസേനയും ഭീകരരും തമ്മില്‍ വെടിവെപ്പ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ജമ്മു മേഖലയില്‍ 48 മണിക്കൂറിനിടെ സൈന്യത്തിന് നേരേയുള്ള രണ്ടാമത്തെ ആക്രമണമാണ്.
ഞായറാഴ്ച രജൗറിയിലെ സൈനിക ക്യാമ്പിന് നേരേയുള്ള ആക്രമണത്തില്‍ ഒരുസൈനികന് പരുക്കേറ്റിരുന്നു. കുല്‍ഗാമില്‍ 24 മണിക്കൂറിനിടെ വ്യത്യസ്ത ഏറ്റുമുട്ടലുകളില്‍ ആറ് ഭീകരരെ സൈന്യം വകവരുത്തിയതിന് പിന്നാലെയാണ് ഇന്നത്തെ ആക്രമണം ഉണ്ടായിരിക്കുന്നത്. കുല്‍ഗാമില്‍ രണ്ട്് സൈനികര്‍ വീരമൃത്യു വരിച്ചിരുന്നു. ഒരു പാരാ ട്രൂപ്പറും മറ്റൊരു സൈനികനുമാണ് ജീവന്‍ വെടിഞ്ഞത്.