തിരുവനന്തപുരം | വിവാദഫോണ്‍ സംഭാഷണം പുറത്തായതോടെ രാജി വച്ച പാലോട് രവിക്ക് പകരം പുതിയ തിരുവനന്തപുരം ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ (ഡിസിസി) താല്‍ക്കാലിക പ്രസിഡന്റായി എന്‍. ശക്തനെ നിയമിച്ചു. മുമ്പ് കേരള നിയമസഭാ സ്പീക്കറായി സേവനമനുഷ്ഠിച്ചിട്ടുള്ള ശക്തന്, മുന്‍ കെപിസിസി വൈസ് പ്രസിഡന്റ് കൂടിയാണ്. പാലോട് രവി പാര്‍ട്ടിക്ക് എതിരല്ലെന്നും പൂര്‍ണ്ണ വോയ്സ് ക്ലിപ്പിനായി കാത്തിരിക്കണമെന്നും എന്‍. ശക്തന് മാധ്യമങ്ങളോട് പറഞ്ഞു. പൂര്‍ണ്ണമായ സംഭാഷണം ലഭ്യമാകുമ്പോള്‍ രവിയുടെ ഉദ്ദേശ്യങ്ങള്‍ വ്യക്തമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
”രവി ഗുരുതരമായ ഒരു തെറ്റും ചെയ്തിട്ടില്ലെങ്കിലും, ചില വാക്കുകള്‍ ഉപയോഗിക്കുന്നത് ഒഴിവാക്കേണ്ടതായിരുന്നു. പാലോട് രവിയുടെ പൂര്‍ണ്ണമായ സംഭാഷണം മാധ്യമങ്ങള്‍ പുറത്തുവിടണം. പൊതുജനങ്ങള്‍ക്ക് സത്യം അറിയാന്‍ ആഗ്രഹമുണ്ട്. ചെയ്യാത്ത തെറ്റിന് അദ്ദേഹം ശിക്ഷിക്കപ്പെട്ടു” – ശക്തന് പറഞ്ഞു. വരാനിരിക്കുന്ന തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിന് ശേഷം കോണ്‍ഗ്രസ് പാര്‍ട്ടി നിലവിലെ രീതിയില്‍ തുടര്‍ന്നാല്‍ അപ്രസക്തമാകുമെന്നും ഇടതുപക്ഷ ജനാധിപത്യ മുന്നണി (എല്‍ഡിഎഫ്) തുടര്‍ച്ചയായി മൂന്നാം തവണയും അധികാരം നിലനിര്‍ത്തുമെന്നും പാലോട് രവി പറയുന്ന ഓഡിയോ ക്ലിപ്പാണ് പുറത്തായത്. രവിയും വാമനപുരം ബ്ലോക്ക് ജനറല്‍ സെക്രട്ടറി എ ജലീലിന്റെയും സംഭാഷണമാണ് വിവാദമായത്. എട്ട് മിനിറ്റ് ഫോണ്‍ സംഭാഷണം പുറത്തുവിട്ട ജലീലിനെ പുറത്താക്കുകയും പാലോട് രവിയുടെ രാജി വാങ്ങുകയും ചെയ്തുകൊണ്ടാണ് കോണ്‍ഗ്രസ് പ്രതികരിച്ചത്.