എ.ജി ശശിധരന്‍
പ്രതിപക്ഷ നേതാവായിരിക്കവേ വി.എസിന്റെ പ്രൈവറ്റ് സെക്രട്ടറി

മുല്ലപ്പെരിയാറിനെക്കുറിച്ച് വി.എസ്. ആഴത്തില്‍ പഠിക്കുമ്പോഴായിരുന്നു 1995 ല്‍ ആദ്യമായി നേരിട്ട് ബന്ധപ്പെട്ടത്. അന്ന് നിയമവകുപ്പില്‍ അഡീഷണല്‍ സെക്രട്ടറിയായിരിക്കുമ്പോള്‍ മുല്ലപ്പെരിയാറിന്റെ ഡീഡുകള്‍ പരിഭാഷപ്പെടുത്തി നല്‍കാന്‍ നിര്‍ദേശിച്ചു. പിന്നീട് 2011 മുതല്‍ 2016 വരെ, പ്രതിപക്ഷ നേതാവ് ആയിരിക്കുമ്പോള്‍ വി.എസിന്റെ പ്രൈവറ്റ് സെക്രട്ടറിയായി പ്രവര്‍ത്തിക്കാന്‍ അവസരം ലഭിച്ചു. ഉത്തരവാദിത്വപ്പെട്ടവരോടു മാത്രം സംസാരിക്കുകയും ഏല്‍പ്പിച്ചിട്ടുള്ള കാര്യങ്ങള്‍ മാത്രം ചെയ്യാന്‍ സ്വാതന്ത്യം നല്‍കുന്നതുമായിരുന്നു വി.എസിന്റെ രീതി.

ഒട്ടുമിക്ക കാര്യങ്ങിലും വി.എസിനു അദ്ദേഹത്തിന്റേതായ രീതികളും ശൈലിയും ഉണ്ടായിരുന്നു. 90കളിലെ ഊര്‍ജ്ജം നേരിട്ടു അനുഭവിച്ചവരാണ് ഞങ്ങള്‍. പേഴ്‌സണല്‍ സ്റ്റാഫിലെ അംഗങ്ങള്‍ക്ക് അദ്ദേഹത്തിനോടൊപ്പം എത്തുന്നതിന് നന്നേ പാടുപെടേണ്ടി വന്നിട്ടുണ്ട്. പ്രശ്‌നങ്ങള്‍ പഠിക്കുന്നതു മുതല്‍ ഓഫീസിന്റെ നടത്തിപ്പില്‍ അടക്കം അങ്ങനെയായിരുന്നു.

വി.എസിന്റെ പ്രത്യേകതകളില്‍ ഒന്നു ഭാഷാ പ്രായോഗമാണ്. മറ്റാരും ഉപയോഗിക്കാത്ത വാക്കുകള്‍ അദ്ദേഹം പ്രസംഗിത്തിലും സംസാരത്തിലും ഉള്‍പ്പെടുത്താറുണ്ട്. അത്തരത്തില്‍ ഒന്നാണ് ‘ബന്ത കങ്കണന്‍’. ഒരുമിച്ച് പ്രവര്‍ത്തിക്കുന്നവര്‍ എന്ന അര്‍ത്ഥത്തിലാണ് വി.എസ് അത് ഉപയോഗിച്ചിരുന്നത്. സാധാരണയല്ലാത്ത ഇത്തരം ഒത്തിരി വാക്കുകള്‍ പലപ്പോഴും കടന്നുവരും. അത്തരം വാക്കുകളുടെ ഒരു പദാവലിതന്നെ എടുക്കാന്‍ കഴിയും. നാടന്‍ ഭാഷകളില്‍ നിന്നും സാഹിത്യ ഗ്രന്ഥങ്ങളില്‍ നിന്നും ഗ്രഹിച്ചവയാണ് ഇതൊക്കെ.

മറ്റൊന്ന് അദ്ദേഹത്തിന്റെ ശബ്ദമാണ്. നല്ല കമാന്‍ഡിംഗ് പവറാണ്. 96 വയസിലും 98 വയസിലുമൊക്കെ പ്രസംഗിക്കുന്നത് നൂറുവാര അകലെ വരെ മൈക്കില്ലാതെ കേള്‍ക്കാം. അതും ആരും അനുകരിച്ചിട്ടില്ലാത്ത സംഭാഷണ ശൈലിയില്‍. പുറത്തേക്കുളള യാത്രയ്ക്ക് ജുബ്ബയും മുണ്ടും നിര്‍ബന്ധമാണ്. 2008 മുതല്‍ ഖദര്‍ ധരിക്കാന്‍ തുടങ്ങി. തിരുവനന്തപുരം ആയുര്‍വേദ കോളജിനു മുന്നിലുള്ള ഖാദി ബോര്‍ഡിന്റെ ഔട്ട്‌ലെറ്റില്‍ അന്നു നേരിട്ടുപോയിയാണ് വാങ്ങിയത്.
എപ്പോള്‍ പുറത്തുപോയി തിരികെ വന്നാലും വസ്ത്രം മാറും. ഒരു ദിവസം നാലു പരിപാടിക്കുപോകേണ്ടതുണ്ടെങ്കില്‍ വീട്ടിലെത്തിയശേഷമാണ് പോകുന്നതെങ്കില്‍ പുതിയ അലക്കിതേച്ച വസ്ത്രം നിര്‍ബന്ധമായിരുന്നു. വീട്ടിലാണെങ്കില്‍ കയലിമുണ്ടും ബനിയനുമാണ് സ്ഥിരം വേഷം. വ്യായാമത്തിനു പ്രത്യേകം വസ്ത്രം മാറ്റിവച്ചിട്ടുണ്ട്.

മറ്റൊന്ന് അദ്ദേഹം പിന്തുടര്‍ന്നിരുന്ന ആഹാരരീതിയാണ്. കൃത്യമായ സമയത്ത് കൃത്യമായ അളവില്‍ ഭക്ഷണം കഴിക്കുന്നതാണ് ശീലം. ഇറച്ചി കഴിക്കില്ല. കരിമീന്‍, വരാല്‍ തുടങ്ങിയവ ഇഷ്ടമായിരുന്നു. അത് താമസിക്കുന്ന സ്ഥലത്ത് എത്തിച്ചുകൊടുക്കാന്‍ അദ്ദേഹത്തിന്റേതായ സംവിധാനം ഉണ്ടായിരുന്നു. അളവില്‍ കൂടുതല്‍ ഭക്ഷണം കഴിക്കില്ല. ഉച്ച ഊണു കഴിഞ്ഞാല്‍ മുക്കാല്‍ മണിക്കൂര്‍ ഉറക്കം നിര്‍ബന്ധമാണ്. എവിടെ ആണെങ്കിലും അതിനനുസരിച്ചേ പരിപാടി ക്രമീകരിക്കൂ. കര്‍ക്കശ സ്വഭാവകാരനാണെങ്കിലും ഇടവേളകളില്‍ അദ്ദേഹം പാട്ടുകള്‍ മൂളുകയും കേള്‍ക്കുകയും ചെയ്യും. നര്‍മ്മം കലര്‍ന്ന വര്‍ത്തമാനങ്ങള്‍ പറയും.

എതിരാളികളെ നര്‍മ്മ രസത്തില്‍കൂടി കളിയാക്കാനും വലിയ വൈഭവുണ്ടായിരുന്നു വി.എസിന്. ഇന്നത്തെ ട്രോളര്‍മാരുടെ ആശാനെന്നു വേണമെങ്കില്‍ പറയാം. ഒറ്റവാക്കിലും വാചകത്തിലും പലരെയും നിലംപരിശാക്കിയിട്ടുണ്ട്. തലനരയ്ക്കാത്തതാണ് എന്റെ യൗവനം എന്ന് തുടങ്ങി ഉദാഹരണങ്ങള്‍ ഒത്തിരിയുണ്ട്. ചില ആളുകള്‍ മണ്ടത്തരങ്ങള്‍ പറയുമ്പോള്‍ ചില വാക്കുകള്‍ കൊണ്ട് വിശേഷിപ്പിക്കാറുണ്ട്. പോഴന്‍, മണ്ടന്‍… ഇങ്ങനെയൊക്കെയാണ് ഉപയോഗിക്കാറുള്ളത്.

പഠനത്തിനുള്ള താല്‍പര്യം അവസാനകാലത്തും അദ്ദേഹം തുടര്‍ന്നിരുന്നു. ഏതു കാര്യവും അതിന്റെ ബേസ് തൊട്ട് പഠിക്കും. പഠിച്ചതിനുശേഷമേ പ്രതികരിക്കൂ. കേസ് നടത്തുന്ന കാര്യത്തിലായാലും ഒരു വിഷയം ഉയര്‍ത്തുന്ന കാര്യത്തിലായാലും അടിത്തറ മനസിലാക്കി മുന്നോട്ടു പോകുന്നതാണ് രീതി. വിഷയം ഏറ്റെടുത്താല്‍ അവസാനത്തെ നെല്ലിപലക കണ്ടേ പിന്‍മാറൂ. ഒരു പ്രശ്‌നവും വഴിക്കിട്ട് പോകുന്ന സ്വഭാവം ഇല്ല. സത്യമെന്നു തോന്നുന്നത് ആരുടെ മുഖത്തു നോക്കിയും വിളിച്ചു പറയാന്‍ മടിച്ചിരുന്നില്ല.

ഏഴാം ക്ലാസ് മാത്രമാണ് സ്‌കൂള്‍ വിദ്യാഭ്യാസമെങ്കിലും ഏത് ആളോടും അത് ഇംഗ്ലീഷ് മാത്രം സംസാരിക്കുന്ന ആളായാലും കമ്മ്യുണിക്കേറ്റ് ചെയ്യാനുള്ള കഴിവ് അദ്ദേഹം ആര്‍ജ്ജിച്ചിരുന്നു. പേഴ്‌സണല്‍ സ്റ്റാഫ് എഴുതി കൊടുക്കുന്ന ഇംഗ്ലീഷിലുള്ള കത്തുകളിലും നിയമസഭാ കാര്യങ്ങളിലുമൊക്കെ കോണ്‍ടക്‌സ്്റ്റ് മാറ്റിക്കാനുള്ള ഉല്‍പ്പത്തി ഇംഗ്ലീഷില്‍ അദ്ദേഹത്തിനുണ്ടായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here