തിരുവനന്തപുരം: ആശാ തൊഴിലാളികള്‍ക്കുള്ള നിശ്ചിത പ്രതിമാസ ഇന്‍സെന്റീവ് 2,000 ല്‍ നിന്ന് 3,500 ആയി ഉയര്‍ത്താനുള്ള നിര്‍ദ്ദേശത്തിന് കേന്ദ്രസര്‍ക്കാര്‍ അംഗീകാരം നല്‍കിയതിനെ സ്വാഗതം ചെയ്ത് കേരളത്തിലെ ആശാവര്‍ക്കര്‍മാര്‍.
മെച്ചപ്പെട്ട ശമ്പളവും വിരമിക്കല്‍ ആനുകൂല്യങ്ങളും ആവശ്യപ്പെട്ട് സെക്രട്ടേറിയറ്റിനു പുറത്ത് മാസങ്ങളായി സമരം നടത്തിവരുന്ന ആശാപ്രവര്‍ത്തകര്‍ക്ക് കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്തുനിന്നാണ് ആശ്വാസകരമായ നടപടി ഉണ്ടായത്. ഇത് ഇന്ത്യയിലെ മുഴുവന്‍ ആശാപ്രവര്‍ത്തകര്‍ക്കും ഗുണപ്രദമാകുന്ന നടപടിയാണെന്നും അതിന് കേരളത്തിലെ ആശാവര്‍ക്കര്‍മാരുടെ സമരം കാരണമായതില്‍ സന്തോഷമുണ്ടെന്നും കേരള ആശ ഹെല്‍ത്ത് വര്‍ക്കേഴ്‌സ് അസോസിയേഷന്റെ സംസ്ഥാന വൈസ് പ്രസിഡന്റ് എസ് മിനി പറഞ്ഞു.

വിരമിക്കല്‍ ആനുകൂല്യങ്ങള്‍ 20,000 ല്‍ നിന്ന് 50,000 ആയി ഉയര്‍ത്താനുള്ള നിര്‍ദ്ദേശവും കേന്ദ്രം പരിഗണിക്കുന്നതായാണ് സൂചന. ”കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനത്തെ ഞങ്ങള്‍ സ്വാഗതം ചെയ്യുന്നു. പദ്ധതി ആരംഭിച്ച് 18 വര്‍ഷമായി. ഈ പരിഷ്‌കരണം ആവശ്യപ്പെട്ട് ഞങ്ങള്‍ രണ്ട് പാര്‍ലമെന്റ് മാര്‍ച്ചുകള്‍ നടത്തിയിട്ടുണ്ട്. കേരളത്തിലെ എംപിമാര്‍ അടക്കം ഇതിനുവേണ്ടി ശബ്ദമുയര്‍ത്തി.” – മിനി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഈ വര്‍ഷം ആദ്യം കേരളത്തില്‍ നിന്നുള്ള പാര്‍ലമെന്റ് അംഗങ്ങള്‍ അവരുടെ പ്രതിഷേധ സ്ഥലം സന്ദര്‍ശിച്ച് വിഷയം കേന്ദ്രത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തുമെന്ന് അവര്‍ക്ക് ഉറപ്പ് നല്‍കിയതായും അവര്‍ പറഞ്ഞു. കേന്ദ്രത്തിന്റെ പ്രഖ്യാപനം ആ ഉറപ്പുകളുടെ തുടര്‍ച്ചയായിരുന്നുവെന്ന് അവര്‍ പറഞ്ഞു.

‘എന്നാല്‍, സംസ്ഥാന സര്‍ക്കാര്‍ ഞങ്ങളുടെ ആവശ്യപ്രകാരം ഓണറേറിയം വര്‍ദ്ധിപ്പിക്കുമ്പോള്‍ മാത്രമേ ഞങ്ങള്‍ തുടരുന്ന പ്രക്ഷോഭം അവസാനിപ്പിക്കൂവെന്നും എസ്. മിനി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here