ന്യൂഡല്‍ഹി | അനുഭവത്തിലും ചരിത്ര വായനയിലും, ബിജെപിയെപ്പോലെ ശക്തമായി സംഘടിതമായ ഒരു രാഷ്ട്രീയ പാര്‍ട്ടിയും ഉണ്ടായിട്ടില്ലെന്ന് പുകഴ്ത്തി കോണ്‍ഗ്രസ് നേതാവ് പി. ചിദംബരം. ബിജെപിയെ നേരിടാന്‍ ഇന്ത്യാ മുന്നണി ആഗ്രഹിക്കുന്നുവെങ്കില്‍, എല്ലാ പാര്‍ട്ടികളും ബിജെപിയെ വെല്ലുവിളിക്കണമെന്നും പി ചിദംബരം ഉപദേശിച്ചു.
ഡല്‍ഹിയിലെ ഇന്ത്യ ഇന്റര്‍നാഷണല്‍ സെന്ററില്‍ സല്‍മാന്‍ ഖുര്‍ഷിദും മൃത്യുഞ്ജയ് സിംഗ് യാദവും ചേര്‍ന്ന് എഴുതിയ ‘കണ്ടസ്റ്റിംഗ് ഡെമോക്രാറ്റിക് ഡെഫിസിറ്റ്: ആന്‍ ഇന്‍സൈഡ് സ്റ്റോറി ഓഫ് ദി 2024 ഇലക്ഷന്‍സ്’ എന്ന പുസ്തകത്തിന്റെ പ്രകാശന ചടങ്ങില്‍ സംസാരിക്കവെയാണ് പി. ചിദംബരം ബിജെപിയെ പുകഴ്ത്തിയത്. മാത്രമല്ല ഇന്ത്യ സഖ്യം നിലനില്‍ക്കുമോ എന്ന് ഉറപ്പില്ലെന്നും ഭാവി അത്ര ശോഭനമല്ലെന്നും അദ്ദേഹം തുറന്നടിച്ചു. എന്നിരുന്നാലും, കോണ്‍ഗ്രസിനെ രക്ഷിക്കാന്‍ ഇനിയും വൈകിയിട്ടില്ലെന്നും, ഇനിയും സമയമുണ്ടെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവായ പി. ചിദംബരം പറഞ്ഞു.
‘എന്റെ അനുഭവത്തിലും ചരിത്ര വായനയിലും, ബിജെപിയെപ്പോലെ ശക്തമായി സംഘടിതമായ ഒരു രാഷ്ട്രീയ പാര്‍ട്ടിയും ഉണ്ടായിട്ടില്ല. എല്ലാ വകുപ്പുകളിലും അത് അതിശക്തമാണ്. അത് മറ്റൊരു രാഷ്ട്രീയ പാര്‍ട്ടിയല്ല. അത് ഒരു യന്ത്രമാണ്. ഇന്ത്യയുടെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ മുതല്‍ ഇന്ത്യയിലെ ഏറ്റവും താഴ്ന്ന പോലീസ് സ്റ്റേഷന്‍ വരെ ഇന്ത്യയിലെ എല്ലാ യന്ത്രങ്ങളെയും നിയന്ത്രിക്കുന്നത് ഈ രണ്ട് യന്ത്രങ്ങളാണ്; അവര്‍ക്ക് ഈ സ്ഥാപനങ്ങളെ നിയന്ത്രിക്കാനോ ചിലപ്പോള്‍ പിടിച്ചെടുക്കാനോ കഴിയും’ ചിദംബരം കൂട്ടിച്ചേര്‍ത്തു.