ന്യൂഡല്‍ഹി | പാക്കിസ്ഥാനെതിരേയുള്ള ഓപ്പറേഷന്‍ സിന്ദൂറിനെത്തുടര്‍ന്ന് ജമ്മു കശ്മീരിലെ അഖ്‌നൂരിലെ അതിര്‍ത്തി മേഖലയില്‍ ആക്രമണം നടത്തിയ പാക്കിസ്ഥാന്‍ സൈന്യത്തെ നിലംപരശാക്കിയ വനിതാ സൈനികരെ ആദരിച്ച് ബിഎസ്എഫ്. ആദ്യമായാണ് വനിതാ സൈനികര്‍ അതിര്‍ത്തിയിലെ സംഘര്‍ഷത്തില്‍ നേരിട്ട് ഭാഗമായത്. വിജയകരമായി ആക്രമണം നയിച്ചത് അസിസ്റ്റന്റ് കമാന്‍ഡന്റ് നേഹ ഭണ്ഡാരിയുടെ നേതൃത്വത്തിലുള്ള സംഘമാണ്.
നേഹയുടെ നേതൃത്വത്തിലുള്ള ഏഴംഗ വനിതാ സൈനികരാണ് അഖ്‌നൂര്‍ സെക്ടറിലെ രണ്ട് പോസ്റ്റുകളില്‍ പോരാട്ടം നയിച്ചത്. ബിഎസ്എഫിന്റെ കനത്ത തിരിച്ചടിയില്‍ പാക്ക് സൈന്യം പിന്‍വലിഞ്ഞ് ഓടിയിരുന്നു. ഇതേത്തുടര്‍ന്നാണ് ചീഫ് ഓഫ് ആര്‍മി സ്റ്റാഫ് ഉപേന്ദ്ര ദ്വിവേദി വനിതാ സൈനികരെ ആദരിച്ചത്.
അഖ്‌നൂര്‍ മേഖല രാജ്യാന്തര അതിര്‍ത്തിയോട് ചേര്‍ന്ന തന്ത്രപ്രധാന പ്രദേശമാണ്. ഓപ്പറേഷന്‍ സിന്ദൂറിന്റെ ഭാഗമായി പാക്കിസ്ഥാന്റെ മൂന്ന് പോസ്റ്റുകളാണ് നേഹ ഭണ്ഡാരിയുടെ നേതൃത്വത്തില്‍ ബിഎസ്എഫ് ഇവിടെ തകര്‍ത്തത്. ആക്രമണം സ്വതന്ത്രമായി പ്ലാന്‍ചെയ്ത് വനിതാ കമാന്‍ഡര്‍മാര്‍ തീരുമാനമെടുത്തെന്ന് ബിഎസ്എഫ് ഡിഐജി വരീന്ദര്‍ ദത്ത മാധ്യമങ്ങളോട് പറഞ്ഞു.