ഏകദേശം 8000 വര്‍ഷങ്ങള്‍ക്കു മുമ്പ് വടക്കു കിഴക്കന്‍ ഇന്ത്യക്കാര്‍ ഇണക്കി വളര്‍ത്തിയ കാട്ടുപോത്തിന്റെ സങ്കരയിനമാണ് മിഥുന്‍. അരുണാചല്‍ പ്രദേശിന്റെയും നാഗാലാന്‍ഡിന്റെയും സംസ്ഥാന മൃഗം. മിഥുന്‍ വീണ്ടും ചര്‍ച്ചകളില്‍ ഇടം നേടുകയാണ്.
നാഷണല്‍ ലൈവ് സ്‌റ്റോക്ക് മിഷന്‍പോലുള്ള പ്രധാന കന്നുകാലി വികസന പദ്ധതികളില്‍ മിഥുനെ ഉള്‍പ്പെടുത്തണമെന്ന ആവശ്യവുമായി ശാസ്ത്രജ്ഞരും ഗോത്ര കര്‍ഷകരും കേന്ദ്ര സര്‍ക്കാരിനെ സമീപിച്ചു. സുസ്ഥിത കൃഷി പ്രോത്സാഹിപ്പിക്കുക, ജീവിവര്‍ഗങ്ങളെ സംരക്ഷിക്കുക, മേഖലയിലെ ഗോത്ര ഉപജീവന മാര്‍ഗം മെച്ചപ്പെടുത്തുക എന്നിവയാണ് ആവശ്യത്തിനു കാരണമായി ഉയര്‍ത്തിക്കാട്ടുന്നത്.
ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ്‌സ് അതോറിറ്റി ഓഫ് ഇന്ത്യ 2024 സെപ്റ്റംബര്‍ 1 മുതല്‍ മിഥുനെ ഒരു ഭക്ഷ്യ മൃഗമായി വിജ്ഞാപനം ചെയ്തിട്ടുണ്ട്. 2019 ലെ കന്നുകാലി സെന്‍സസ് പ്രകാരം ഇന്ത്യയില്‍ നിലവില്‍ 3.9 ലക്ഷം മിഥുനുകള്‍ ഉണ്ട്, ആഗോള ജനസംഖ്യയുടെ 95 ശതമാനവും രാജ്യത്താണ്. കിഴക്കന്‍ ഹിമാലയന്‍ മേഖലയിലാണ് മിഥുന്‍ വളരുന്നത്. ഇവയെ ഗായല്‍, മിഥാന്‍, സുബു എന്ന പേരുകളിലും അറിയപ്പെടുന്നു. ഇരുണ്ട നിറമുള്ള ശരീരത്തിലെ പിങ്കുപാടുകളാണ് കാട്ടുപോത്തില്‍ നിന്നും ഇതിനെ തിരിച്ചറിയാന്‍ സഹായിക്കുന്നത്. മിഥുന്‍ വളര്‍ത്തല്‍ അരുണാചല്‍ പ്രദേശുകാരുടെ ഒരു പ്രധാന വരുമാനമാര്‍ഗ്ഗമാണ്.