അമേരിക്കയുടെ നേതൃത്വത്തിലുള്ള മുതലാളിത്ത പടിഞ്ഞാറും സോവിയറ്റ് യൂണിയന്റെ നേതൃത്വത്തിലുള്ള കമ്മ്യൂണിസ്റ്റ് കിഴക്കും തമ്മിലുള്ള ആഗോള പ്രത്യയശാസ്ത്രപരവും ഭൗമരാഷ്ട്രീയവുമായ പോരാട്ടമായിരുന്നു ശീതയുദ്ധം. രണ്ടാം ലോക മഹായുദ്ധത്തിനുശേഷം ആരംഭിച്ച് 1991 ല്‍ സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയോടെ അവസാനിച്ച കാലഘട്ടമായിരുന്നു ശീതയുദ്ധത്തിന്റേത്. പ്രോക്‌സി യുദ്ധങ്ങള്‍ എന്നറിയപ്പെടുന്ന പ്രാദേശിക സംഘര്‍ഷങ്ങളില്‍ എതിര്‍ കക്ഷികളെ പിന്തുണച്ചെങ്കിലും, രണ്ട് വന്‍ശക്തികള്‍ക്കിടയില്‍ നേരിട്ടുള്ള പോരാട്ടം ഉണ്ടായിരുന്നില്ല എന്നതിനാലാണ് ശീതയുദ്ധം എന്ന പദം അനുയോജ്യമായത്. പരമ്പരാഗത, ആണവായുധങ്ങളിലെ പ്രത്യയശാസ്ത്രപരവും സാമ്പത്തികവുമായ സ്വാധീനത്തിനായുള്ള പോരാട്ടത്തിനും ആയുധ മത്സരത്തിനും പുറമേ ബഹിരാകാശ മത്സരം, ചാരവൃത്തി, പ്രചാരണ കാമ്പെയ്‌നുകള്‍, ഉപരോധങ്ങള്‍, കായിക നയതന്ത്രം തുടങ്ങിയ സാങ്കേതിക വൈരാഗ്യങ്ങളിലൂടെയാണ് ശീതയുദ്ധം പുരോഗമിച്ചിരുന്നത്.

ശീതയുദ്ധത്തിന്റെ പുതിയ അധ്യായങ്ങള്‍ എഴുതാനുള്ള തത്രപാടിലാണ് പുടിനും ട്രംപും എന്നുവേണം പിന്നിട്ട ദിവസങ്ങളിലെ ഇരുവരുടെയും നീക്കങ്ങളില്‍ നിന്നു വായിച്ചെടുക്കാന്‍. ശീതയുദ്ധത്തിന്റേതിനു സമാനമായിരിക്കുമോ അതോ പ്രകോപനങ്ങള്‍ നേര്‍ക്കുനേരുള്ള ഏറ്റുമുട്ടിലിലേക്കു വഴിമാറുമോയെന്ന ആശങ്കയിലാണ് ലോകം. ഉക്രെയ്‌നിലെ യുദ്ധം അവസാനിപ്പിക്കാന്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സമ്മര്‍ദ്ദം വര്‍ദ്ധിക്കുന്നതിനിടയില്‍, 1987ല്‍ അമേരിക്കയുമായുള്ള ഇന്റര്‍മീഡിയറ്റ്‌റേഞ്ച് ന്യൂക്ലിയര്‍ ഫോഴ്‌സ് (ഐഎന്‍എഫ്) ഉടമ്പടിയില്‍ (ഹ്രസ്വ, ഇടത്തരം ആണവ മിസൈലുകള്‍ വിന്യസിക്കുന്നതിനുള്ള മൊറട്ടോറിയം) നിന്ന് പിന്‍മാറുന്നതായി റഷ്യ പ്രഖ്യാപിച്ചു. റഷ്യയ്ക്ക് സമീപമുള്ള ‘ഉചിതമായ പ്രദേശങ്ങളില്‍’ രണ്ട് ആണവ അന്തര്‍വാഹിനികള്‍ സ്ഥാപിക്കാന്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഉത്തരവിട്ട് ദിവസങ്ങള്‍ പിന്നിടുമ്പോഴാണ് റഷ്യന്‍ പ്രസിഡന്റ് പുടിന്റെ ഈ നീക്കം. സോവിയറ്റ് കാലഘട്ടത്തിലെ ഉടമ്പടി പാലിക്കുന്നതിനുള്ള വ്യവസ്ഥകള്‍ ‘അപ്രത്യക്ഷമായി’ എന്ന് റഷ്യയുടെ വിദേശകാര്യ മന്ത്രാലയം പറഞ്ഞു, കൂടാതെ മോസ്‌കോ മുമ്പ് സ്വയം ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ഇനി പാലിക്കുന്നില്ലത്രേ.

ആഗോള ആയുധ നിയന്ത്രണത്തിന്റെ ഒരു മൂലക്കല്ലായി കരുതിയിരുന്നതായിരുന്നു 1987ല്‍ ഒപ്പുവച്ച ഇന്റര്‍മീഡിയറ്റ്‌റേഞ്ച് ന്യൂക്ലിയര്‍ ഫോഴ്‌സ് (ഐഎന്‍എഫ്) ഉടമ്പടി. സോവിയറ്റ് നേതാവ് മിഖായേല്‍ ഗോര്‍ബച്ചേവും യുഎസ് പ്രസിഡന്റ് റൊണാള്‍ഡ് റീഗനും ഒപ്പുവച്ച ഐഎന്‍എഫ് ഉടമ്പടി, 500 മുതല്‍ 5,500 കിലോമീറ്റര്‍ (311 മുതല്‍ 3,418 മൈല്‍ വരെ) ദൂരപരിധിയുള്ള കരയില്‍ നിന്ന് വിക്ഷേപിക്കാവുന്ന മിസൈലുകള്‍ ഉള്‍പ്പെടെ ഒരു കൂട്ടം ആയുധങ്ങളെ ഇല്ലാതാക്കി. 2600 ല്‍ അധികം മിസൈലുകള്‍ പൊളിച്ചുമാറ്റിയത് ഒരു പ്രധാന ആയുധ നിയന്ത്രണ നേട്ടമായി ലോകത്ത് പ്രശംസിക്കപ്പെട്ടിരുന്നു.

റഷ്യ നിയമലംഘനങ്ങള്‍ നടത്തിയെന്ന് ആരോപിച്ച് 2019 ല്‍ അമേരിക്ക ഉടമ്പടിയില്‍ നിന്ന് പിന്മാറി. ആരോപണങ്ങള്‍ നിഷേധിച്ച മോസ്‌കോ ഏകപക്ഷീയമായിട്ടെങ്കിലും ഉടമ്പടി നിലനിര്‍ത്തിയിരുന്നു. അതില്‍ നിന്നാണ് റഷ്യ ഇപ്പോള്‍ പൂര്‍ണമായും പിന്‍മാറിയിരിക്കുന്നത്. ഉടമ്പടി പാലിക്കാന്‍ രാജ്യത്തിനുനിന്ന് ഇനി ബാധ്യസ്ഥമല്ലെന്ന് തിങ്കളാഴ്ച (ഓഗസ്റ്റ് 4) റഷ്യന്‍ വിദേശകാര്യ മന്ത്രാലയം പ്രഖ്യാപിച്ചു. ഫിലിപ്പീന്‍സില്‍ ടൈഫോണ്‍ ലോഞ്ചര്‍ ഉള്‍പ്പെടെയുള്ള അമേരിക്കന്‍ മിസൈല്‍ സംവിധാനങ്ങള്‍ വിന്യസിക്കുകയും ഓസ്‌ട്രേലിയയിലെ സൈനികാഭ്യാസത്തിനിടെ പരീക്ഷണ വിക്ഷേപണം നടത്തുകയും ചെയ്തതിരുന്നു. ഈ വിന്യാസങ്ങള്‍ അവരുടെ തീരുമാനത്തെ രൂപപ്പെടുത്തുന്നതില്‍ നിര്‍ണായകമാണെന്ന് റഷ്യന്‍ ഉദ്യോഗസ്ഥര്‍ പറയുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here