ന്യൂഡല്‍ഹി | ലോകത്തെ മുന്‍മുനയില്‍ നിര്‍ത്തി ഇസ്രായേല്‍ – ഇറാന്‍ സംഘര്‍ഷം രൂക്ഷമാകുന്നു. ഇറാന്റെ തലസ്ഥാനമായ ടെഹ്റാനില്‍ ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ ഇറാന്റെ നിരവധി ഉന്നത സൈനിക ഉദ്യോഗസ്ഥരും ആണവ ശാസ്ത്രജ്ഞരും കൊല്ലപ്പെട്ടതോടെയാണ് ലോകം വീണ്ടും യുദ്ധഭീതിയിലായത്. ഉടന്‍ തന്നെ ഇസ്രായേലിലേക്ക് നൂറോളം ഡ്രോണുകള്‍ ആക്രമണങ്ങള്‍ നടത്തി ഇറാന്‍ തിരിച്ചടിച്ചു.
‘ഈ കുറ്റകൃത്യത്തിന് കഠിനമായ ശിക്ഷ പ്രതീക്ഷിക്കണ’മെന്ന് ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി ഇസ്രായേലിന് മുന്നറിയിപ്പ് നല്‍കിയതോടെ പ്രതികാരം പ്രതീക്ഷിക്കുന്നൂവെന്നും രാജ്യം ഒരു ‘നീണ്ട ഓപ്പറേഷനു’ തയ്യാറാകണമെന്നും ഇസ്രായേല്‍ സൈന്യവും ജനങ്ങളോട് ആഹ്വാനം ചെയ്തു. അമേരിക്കയും ഇസ്രായേലിനെ പിന്‍തുണച്ച് രംഗത്തുവന്നതോടെ കനത്ത യുദ്ധഭീതിയുടെ നിഴലിലാണ് ലോകം. ആണവ പദ്ധതിയില്‍ അമേരിക്കയുമായി ഒരു കരാറിലെത്തണമെന്നാണ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇറാനോട് ആവശ്യപ്പെട്ടത്.
1980 -ല്‍ ഇറാഖുമായുണ്ടായ യുദ്ധത്തിനുശേഷം ഇറാന്‍ നേരിടുന്ന ഏറ്റവും വലിയ ഭീഷണിയാണ് ഇസ്രായേലില്‍ നിന്നും ഉണ്ടായിരിക്കുന്നത്. ‘യുദ്ധത്തിന്റെ ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതുവരെ ഞങ്ങള്‍ പ്രവര്‍ത്തനം തുടരും.’ ഇറാന്‍ ഒരു സൈനിക പ്രതികരണത്തിന് തയ്യാറെടുക്കുന്നുണ്ടെന്നും ഞങ്ങള്‍ക്കറിയാം. ” – മാധ്യമപ്രവര്‍ത്തകരെ അഭിസംബോധന ചെയ്തുകൊണ്ട് ഇസ്രായേല്‍ സൈനിക വക്താവ് റിയര്‍ അഡ്മിറല്‍ ഡാനിയേല്‍ ഹഗാരി പറഞ്ഞു.
ലെബനനിലെ ഹിസ്ബുള്ള പോലുള്ള ഇറാനെ പിന്‍തുണയ്ക്കുന്ന ഗ്രൂപ്പുകള്‍ക്കെതിരേയും ഹമാസ് ഭീകരര്‍ക്കെതിരേയും യെമനിലെ ഹൂത്തികള്‍ക്കെതിരെയും ഇസ്രായേലിന്റെ പോരാട്ടം തുടരുന്നതിനിടെയാണ് ഇറാനില്‍ ഈ ആക്രമണം നടത്തിയത്. ഇറാന്റെ മണ്ണില്‍ക്കടന്നുള്ള ആക്രമണം ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു തന്നെ സ്ഥിതീകരിച്ചതോടെ ഇറാന് തിരിച്ചടിച്ചേ മതിയാകൂവെന്നതാണ് സാഹചര്യം.