ധര്‍മ്മസ്ഥല | ദക്ഷിണ കന്നഡയിലെ ധര്‍മ്മസ്ഥല കൂട്ടക്കൊലയില്‍ നടത്തുന്ന അന്വേഷണത്തിനിടെ ഒരു പ്രധാന സാക്ഷി പറഞ്ഞ സ്ഥലത്ത് നടത്തിയ പരിശോധനയില്‍ വീണ്ടും അസ്ഥികൂട അവശിഷ്ടങ്ങള്‍ കണ്ടെടുത്തു. ആറാമത്തെ സ്ഥലത്ത് കുഴിച്ചപ്പോഴാണ് രണ്ടടി താഴ്ചയില്‍ അവശിഷ്ടങ്ങള്‍ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയത്.
പ്രാഥമിക വിലയിരുത്തലുകള്‍ പ്രകാരം അസ്ഥികൂടങ്ങള്‍ ഒരു മനുഷ്യന്റെതാണെന്നും, അവശിഷ്ടങ്ങള്‍ ഒരു പുരുഷ അസ്ഥികൂടത്തോട് സാമ്യമുള്ളതാണെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു. രണ്ടു ദിവസത്തെ പരിശോധന ആരംഭിച്ചതിന് ശേഷമുള്ള ആദ്യ കണ്ടെത്തലാണിത്.
സംഭവസ്ഥലത്തുണ്ടായിരുന്ന ഫോറന്‍സിക് സംഘം വിശദമായ വിശകലനത്തിനായി അസ്ഥികള്‍ ശേഖരിച്ചു. കൂടുതല്‍ വ്യക്തമായ വിശദാംശങ്ങള്‍ക്കായി ഫോറന്‍സിക് പരിശോധന ആവശ്യമാണെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. കഴിഞ്ഞ ദിവസങ്ങളില്‍ കുഴിച്ചെടുത്ത ആദ്യത്തെ അഞ്ച് സ്ഥലങ്ങളില്‍ നിന്ന് മനുഷ്യാവശിഷ്ടങ്ങള്‍ ഒന്നും കണ്ടെടുത്തില്ല. ഫോറന്‍സിക് വിദഗ്ധര്‍, വനം, റവന്യൂ വകുപ്പ് ഉദ്യോഗസ്ഥര്‍, നക്‌സല്‍ വിരുദ്ധ സേന (എഎന്‍എഫ്) ഉദ്യോഗസ്ഥര്‍, പോലീസ്, ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍, തൊഴിലാളികള്‍ എന്നിവരടങ്ങുന്ന ഒരു വലിയ സംഘമാണ് സ്ഥലത്ത് തെരച്ചില്‍ നടത്തുന്നത്.
ധര്‍മ്മസ്ഥലയിലെ 15 സ്ഥലങ്ങളില്‍ മൃതദേഹങ്ങള്‍ കുഴിച്ചിട്ടതായി സാക്ഷി നേരത്തെ തിരിച്ചറിഞ്ഞിരുന്നു. തുടര്‍ന്ന് അന്വേഷണ സംഘം എല്ലാ സ്ഥലങ്ങളും അടയാളപ്പെടുത്തുകയും ജിയോ-ടാഗ് ചെയ്യുകയും ചെയ്തു. ആദ്യത്തെ 8 സ്ഥലങ്ങള്‍ നേത്രാവതി നദിയുടെ തീരത്താണ്. 9 മുതല്‍ 12 വരെയുള്ള സ്ഥലങ്ങള്‍ നദിക്കരികിലുള്ള ഹൈവേയ്ക്ക് സമീപമാണ് സ്ഥിതി ചെയ്യുന്നത്. പതിമൂന്നാം സ്ഥലം നേത്രാവതിയെ അജുകുരിയുമായി ബന്ധിപ്പിക്കുന്ന റോഡരികിലാണ്. അവസാനത്തെ രണ്ടെണ്ണം കന്യാടി പ്രദേശത്താണ്.