തിരുവനന്തപുരം | ഇന്ത്യയുടെ ആഭ്യന്തര വിമാന ഗതാഗതത്തില്‍ വന്‍ വര്‍ദ്ധനവ്. ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ) പുറത്തിറക്കിയ ഏറ്റവും പുതിയ ഡാറ്റ പ്രകാരം, 2025 ജൂണില്‍ രാജ്യത്തുടനീളം 1.36 കോടിയിലധികം യാത്രക്കാരാണ് വിമാനയാത്ര നടത്തിയത്. മെയ് മാസത്തേക്കാള്‍ 3% വര്‍ദ്ധനവാണ് ഉണ്ടായത്. 2025 ലെ ആദ്യ ആറ് മാസങ്ങളില്‍, ഇന്ത്യന്‍ വിമാനക്കമ്പനികള്‍ 851.74 ലക്ഷം യാത്രക്കാരെ ലക്ഷ്യസ്ഥാനങ്ങളില്‍ എത്തിച്ചു. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ രേഖപ്പെടുത്തിയ 793.48 ലക്ഷം യാത്രക്കാരെ അപേക്ഷിച്ച് 7.34% വര്‍ദ്ധനവ്.
ജൂണില്‍ ഇന്‍ഡിഗോ വിമാനങ്ങളെയാണ് കൂടുതലായും യാത്രക്കാര്‍ തെരഞ്ഞെടുത്തത്. എങ്കിലും എയര്‍ ഇന്ത്യ, എഐഎക്‌സ് കണക്റ്റ്, വിസ്താര എന്നിവ ഉള്‍പ്പെടുന്ന എയര്‍ ഇന്ത്യ ഗ്രൂപ്പ്, കഴിഞ്ഞ മാസം 26.5% ല്‍ നിന്ന് 27.1% സംയോജിത വിപണി വിഹിതത്തോടെ സാന്നിധ്യം ശക്തിപ്പെടുത്തി.
അതേസമയം മെയ് മാസത്തിലെ 2.4% ല്‍ നിന്ന് 1.9% ആയി സ്പൈസ് ജെറ്റിന് ഇടിവ് നേരിട്ടു. ഷെഡ്യൂള്‍ ചെയ്ത ആഭ്യന്തര വിമാനക്കമ്പനികളുടെ മൊത്തത്തിലുള്ള വിമാന റദ്ദാക്കല്‍ നിരക്ക് ജൂണില്‍ 0.93% ആയിരുന്നു. സാങ്കേതിക പ്രശ്നങ്ങളാണ് ഏകദേശം 37% റദ്ദാക്കലുകള്‍ക്കും കാരണം. കഴിഞ്ഞ മാസം വിമാന തടസ്സങ്ങള്‍ ആയിരക്കണക്കിന് യാത്രക്കാരെ ബാധിച്ചു. ഏകദേശം 1,20,023 യാത്രക്കാര്‍ക്ക് കാലതാമസം നേരിട്ടു. ഇതിനായി വിമാനക്കമ്പനികള്‍ മൊത്തത്തില്‍ 1.68 കോടി രൂപയില്‍ കൂടുതല്‍ സൗകര്യ സേവനങ്ങള്‍ നല്‍കി. അതേസമയം, റദ്ദാക്കലുകള്‍ 33,333 യാത്രക്കാരെ ബാധിച്ചു. 72.4 ലക്ഷം രൂപ നഷ്ടപരിഹാരവും സേവനങ്ങളും നല്‍കി. കൂടാതെ, 1,022 യാത്രക്കാര്‍ക്ക് ബോര്‍ഡിംഗ് നിഷേധിക്കപ്പെടുകയും ഏകദേശം 99.57 ലക്ഷം രൂപ നഷ്ടപരിഹാരം ലഭിക്കുകയും ചെയ്തു.