ശ്രീനഗര്‍ | കേന്ദ്രഭരണ പ്രദേശത്ത് ‘തെറ്റായ ആഖ്യാനവും’ ‘വിഘടനവാദവും’ പ്രചരിപ്പിച്ചുവെന്ന് ആരോപിച്ച് 25 പുസ്തകങ്ങള്‍ക്ക് ജമ്മു കാശ്മീരില്‍ നിരോധനം ഏര്‍പ്പെടുത്തി. ബുക്കര്‍ സമ്മാന ജേതാവ് അരുന്ധതി റോയിയുടെ ആസാദി, ഭരണഘടനാ വിദഗ്ധന്‍ എ.ജി. നൂറാനിയുടെ ദ കശ്മീര്‍ ഡിസ്പ്യൂട്ട് അടക്കമുള്ളവ കണ്ടുകെട്ടാനാണ് ഉത്തരവ്.

ചരിത്രപരമോ രാഷ്ട്രീയപരമോ ആയ വ്യാഖ്യാനങ്ങളുടെ രൂപത്തില്‍ ‘തെറ്റായ ആഖ്യാനങ്ങളും വിഘടനവാദ സാഹിത്യങ്ങളും വ്യവസ്ഥാപിതമായി പ്രചരിപ്പിക്കുന്നുവെന്ന് അന്വേഷണത്തിലും വിശ്വസനീയമായ രഹസ്യാന്വേഷണ വിവരങ്ങള്‍ വഴിയും ബോധ്യപ്പെട്ടശേഷമാണ് പുസ്തകങ്ങള്‍ നിരോധിച്ചതെന്ന് ജമ്മു കശ്മീര്‍ ആഭ്യന്തര സെക്രട്ടറി പുറപ്പെടുവിച്ച ഉത്തരവില്‍ പറയുന്നു.

എ.ജി. നൂറാനി, വിക്ടോറിയ ഷോഫീല്‍ഡ്, സുമന്ത്ര ബോസ്, ക്രിസ്റ്റഫര്‍ സ്‌നെഡന്‍ എന്നിവരുടെ പുസ്തകങ്ങളും നിരോധിക്കപ്പെട്ടവയിലുണ്ട്. ബ്രിട്ടീഷ് എഴുത്തുകാരിയും ചരിത്രകാരിയുമായ വിക്ടോറിയ ഷോഫീല്‍ഡിന്റെ ‘കശ്മീര്‍ ഇന്‍ കോണ്‍ഫഌക്റ്റ് ഇന്ത്യ, പാകിസ്ഥാന്‍ ആന്‍ഡ് ദി അണ്‍എന്‍ഡിങ് വാര്‍’ എന്ന പുസ്തകവും സുമന്ത്ര ബോസ് എഴുതിയ ‘കണ്ടെസ്റ്റഡ് ലാന്‍ഡ്‌സ്’, ‘കശ്മീര്‍ അറ്റ് ദി ക്രോസ്‌റോഡ്‌സ്’ എന്നീ രണ്ട് പുസ്തകങ്ങളും നിരോധിക്കപ്പെട്ടവയിലുണ്ട്. പിയോട്ടര്‍ ബാല്‍സെറോവിച്ചും ആഗ്‌നീസ്‌ക കുഷെവ്‌സ്‌കയും ചേര്‍ന്ന് രചിച്ച ‘ലോ & കോണ്‍ഫഌക്റ്റ് റെസല്യൂഷന്‍’ ആണ് നിരോധിച്ച പട്ടികയിലെ മറ്റൊരു പുസ്തകം.

പത്രപ്രവര്‍ത്തകയും കശ്മീര്‍ ടൈംസ് എഡിറ്ററുമായ അനുരാധ ഭാസിന്റെ ‘ദ ഡിസ്മാന്റില്‍ഡ് സ്‌റ്റേറ്റ്, ദ അണ്‍ടോള്‍ഡ് സ്‌റ്റോറി ഓഫ് കശ്മീര്‍ ആഫ്റ്റര്‍ 370’ എന്ന പുസ്തകവും നിരോധിച്ചിട്ടുണ്ട്. 2023 ലെ ഭാരതീയ ന്യായ സംഹിതയുടെ 152, 196, 197 വകുപ്പുകള്‍ക്ക് വിധേയമായിട്ടാണ് നടപടി.

LEAVE A REPLY

Please enter your comment!
Please enter your name here