ലോകത്ത് ഏറ്റവും കൂടുതല്‍ മരണങ്ങള്‍ക്ക് കാരണമാകുന്ന
പകര്‍ച്ചവ്യാധി ക്ഷയരോഗമാണ്. മരണങ്ങള്‍ വിതയ്ക്കുന്ന രണ്ടാമത്തെ അസുഖമാണ് വൈറല്‍ ഹെപ്പറ്റൈറ്റിസ്. എ, ബി, സി, ഡി, ഇ എന്നിങ്ങനെ ഹെപ്പറ്റൈറ്റിസ് വൈറസുകളെ അഞ്ചായി തിരിക്കാം. ഇതില്‍ ഹെപ്പറ്റൈറ്റിസ് ഡിയെ കാന്‍സറിന് കാരണമാവുന്ന അണുബാധകളുടെ പട്ടികയില്‍ ലോകാരോഗ്യ സംഘടന വീണ്ടും ഉള്‍പ്പെടുത്തി.
രോഗിയുടെ രക്തം വഴി ഹെപ്പറ്റൈറ്റിസ് ഡി വൈറസ് പകര്‍ന്നു കരളിനെ ബാധിക്കുന്ന ഒരു സാംക്രമിക രോഗമാണ് ഹെപ്പറ്റൈറ്റിസ് ഡി. ഹെപ്പറ്റൈറ്റിസ് ഡി വൈറസിന്റെ പ്രത്യുല്‍പാദനത്തിന് ഹെപ്പറ്റൈറ്റിസ് ബി വൈറസിന്റെ സഹായം ആവശ്യമായതിനാല്‍ ഹെപ്പറ്റൈറ്റിസ് ബി അണുബാധയുള്ളവരില്‍ മാത്രമേ ഈ അസുഖം ഉണ്ടാവുകയുള്ളൂ. ഈ രണ്ട് അണുബാധകളും ഒരുമിച്ച് വരികയോ ഹെപ്പറ്റൈറ്റിസ് ബി വന്നതിനുശേഷം ഹെപ്പറ്റൈറ്റിസ്ഡി വരികയോ ചെയ്യാം. ലോകത്ത് ഓരോ ദിവസവും 3500 പേര്‍ വൈറല്‍ ഹെപ്പറ്റൈറ്റിസ് സംബന്ധമായ അസുഖം മൂലം മരിക്കുന്നുവെന്നാണ് കണക്കുകള്‍ പറയുന്നത്.
സംഘടനയുടെ കാന്‍സര്‍ വിഭാഗം കൈകാര്യം ചെയ്യുന്ന ഇന്റര്‍നാഷണല്‍ ഏജന്‍സി ഫോര്‍ റിസേര്‍ച്ച് ഓണ്‍ കാന്‍സര്‍ ആണ് കരളിനെ ബാധിക്കുന്ന അര്‍ബുദത്തിനെ നിശബ്ദമായി ഉയര്‍ത്തുന്ന വൈറസ്സായ ഹെപ്പറ്റൈറ്റിസ്ഡിയെ കാര്‍സിനോജന്‍ എന്ന് വിളിച്ചത്. എച്ച്ഡിവി രോഗികളില്‍ ഏകദേശം 75% പേര്‍ക്കും 15 വര്‍ഷത്തിനുള്ളില്‍ ലിവര്‍ സിറോസിസ് ഉണ്ടാകുന്നു. ഹെപ്പറ്റൈറ്റിസ് ബിയുടെ അര്‍ബുദകാരി പ്രഭാവം എച്ച്ഡിവി വര്‍ദ്ധിപ്പിക്കുന്നു, ഇത് കരള്‍ കോശ ഡിഎന്‍എയില്‍ സംയോജിപ്പിച്ച് കാന്‍സറിന് കാരണമാകുമെന്നാണ് പഠനങ്ങള്‍ പറയുന്നത്.
ഹെപ്പറ്റൈറ്റിസ്ഡിക്ക് പ്രത്യേകമായി കുത്തിവെപ്പില്ല. ഹെപ്പറ്റൈറ്റിസ്ബിയുടെ കുത്തിവെപ്പിലൂടെ മാത്രമേ ഇതിനെ ചെറുക്കാന്‍ സാധിക്കുകയുള്ളു.