കൊച്ചി | മലയാള ചലച്ചിത്ര നിര്‍മ്മാതാക്കളുടെ സംഘടനാ നേതൃത്വത്തോട് ഇടഞ്ഞ സാന്ദ്രാതോമസ് വ്യത്യസ്ത പ്രതിഷേധവുമായി രംഗത്തെത്തി. കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനെത്തിയ സാന്ദ്രാ തോമസ് പര്‍ദ്ദ ധരിച്ചാണ് എത്തിയത്. തന്റെ വസ്ത്രധാരണം അസോസിയേഷന്റെ നിലവിലെ നേതൃത്വത്തിനെതിരായ പ്രതിഷേധമാണെന്ന് നടിയും നിര്‍മ്മാതാവുമായ സാന്ദ്ര പറഞ്ഞു.
തുറിച്ചുനോട്ടം ഒഴിവാക്കാനാണ് ഈ വസ്ത്രം ധരിച്ചതെന്നാണ് സൂചന. മുമ്പ്, അസോസിയേഷന്‍ ഓഫീസില്‍ നടന്ന ഒരു നിര്‍ണായക യോഗത്തിനെത്തിയ സാന്ദ്രയെ വസ്ത്രധാരണത്തിന്റെ പേരില്‍ അശ്‌ളീലച്ചുവയോടെ അധിക്ഷേപിച്ചൂവെന്ന് പരാതി ഉയര്‍ന്നിരുന്നു. ഇക്കാര്യത്തില്‍ നേതൃത്വത്തിന് പരാതി നല്‍കിയിട്ടും പരിഹരിക്കാതെ വന്നതോടെ സാന്ദ്ര നിയമപരമായി നീങ്ങി. ഇതിനുപിന്നാലെയാണ് നിര്‍മ്മാതാക്കളുടെ സംഘടനാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സാന്ദ്ര തീരുമാനമെടുത്തത്.

പത്രികാ സമര്‍പ്പണവും സാന്ദ്രാ തോമസ് പ്രതിഷേധം രേഖപ്പെടുത്താനുള്ള അവസരമാക്കിയതിന്റെ ഞെട്ടലിലാണ് നിര്‍മ്മാതാക്കള്‍. സോഷ്യല്‍മീഡിയായിലും വാര്‍ത്താമാധ്യമങ്ങളിലും സാന്ദ്രയുടെ ഈ നീക്കം വലിയ ചര്‍ച്ചയാകുകയാണ്.

‘എന്നെപ്പോലുള്ള വനിതാ നിര്‍മ്മാതാക്കള്‍ ഇവിടെ ഓഫീസിലേക്ക് വരുന്നത് സുരക്ഷിതമല്ലെന്ന് തോന്നുന്നു. പതിറ്റാണ്ടുകളായി, പ്രൊഡ്യൂസേഴ്സ് അസോസിയേഷനില്‍ പുരുഷന്മാരുടെ ആധിപത്യമാണ് നിലനില്‍ക്കുന്നത്, അതിനാല്‍ ഇന്‍ഡസ്ട്രിയില്‍ സ്ത്രീകള്‍ക്ക് വളരെ കുറച്ച് മാത്രമേ ഇടം നല്‍കൂ. അത് മാറ്റാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. പ്രൊഡ്യൂസേഴ്സ് അസോസിയേഷനില്‍ മാറ്റം കൊണ്ടുവരണം, നിലവിലെ നേതൃത്വം അധികാരത്തില്‍ തുടര്‍ന്നാല്‍ അത് അസാധ്യമാണ്. ഇന്‍ഡസ്ട്രിയില്‍ നല്ല മാറ്റങ്ങള്‍ കൊണ്ടുവരാനുള്ള അസോസിയേഷന്റെ കഴിവിനെ അവര്‍ ദുര്‍ബലപ്പെടുത്തി. ഈ വര്‍ഷത്തെ പ്രസിഡന്റ് സ്ഥാനത്തേക്ക് ഞാന്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കും, ഈ ശ്രമത്തില്‍ എനിക്ക് ശക്തമായ പിന്തുണയുണ്ട്” – സാന്ദ്ര മാധ്യമങ്ങളോട് പറഞ്ഞു. താനും സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള ഒരു കൂട്ടം നിര്‍മ്മാതാക്കളും ഈ വര്‍ഷത്തെ തിരഞ്ഞെടുപ്പില്‍ ഒരു പാനലായി മത്സരിക്കാന്‍ പദ്ധതിയിടുന്നുണ്ടെന്നും സാന്ദ്ര വെളിപ്പെടുത്തി. ഓഗസ്റ്റ് 14 നാണ് പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ തെരഞ്ഞെടുപ്പ്.

LEAVE A REPLY

Please enter your comment!
Please enter your name here