തിരുവനന്തപുരം | സ്കൂള്‍ സമയമാറ്റത്തില്‍ സര്‍ക്കാര്‍ തീരുമാനവുമായി മുന്നോട്ടു പോകുമെന്ന് മന്ത്രി വി. ശിവന്‍കുട്ടി. സ്കൂള്‍ മാനേജ്മെന്റുകളുമായി നടത്തിയ ചര്‍ച്ചയ്ക്ക് പിന്നാലെയായിരുന്നു പ്രതികരണം. ഭൂരിഭാഗം സംഘടനകളും സര്‍ക്കാര്‍ തീരുമാനത്തെ സ്വാഗതം ചെയ്തതായി മന്ത്രി അറിയിച്ചു.
മാനേജ്മെന്റ് അസോസിയേഷനുമായി നടത്തിയ ചര്‍ച്ചയില്‍ എല്ലാവരുടെയും അഭിപ്രായം കേട്ടു. ഏത് സാഹചര്യത്തിലാണ് ഇങ്ങനെ ഒരു തീരുമാനമെടുത്തതെന്ന് സര്‍ക്കാര്‍ യോഗത്തില്‍ വിശദീകരിച്ചു. ഭൂരിപക്ഷം പേരും തീരുമാനം സ്വാഗതം ചെയ്തു. ചിലര്‍ വ്യത്യസ്ത അഭിപ്രായം പങ്കുവച്ചു. അതിന്റെ പ്രയാസങ്ങള്‍ അവരെ അറിയിച്ചു. പരാതികള്‍ ഉണ്ടെങ്കില്‍ അടുത്ത അധ്യയന വര്‍ഷം പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു. സ്കൂള്‍ സമയമാറ്റത്തില്‍ കടുത്ത പ്രതിഷേധമാണ് സമസ്ത ഉയര്‍ത്തിയിരുന്നത്. എന്നാല്‍ മന്ത്രിയുമായി നടത്തിയ ചര്‍ച്ചയില്‍ സംതൃപ്തരാണെന്ന് സമസ്ത പ്രതികരിച്ചു.