ഇന്ത്യയില്‍ യുപിഐ വഴി പ്രതിദിനം 640 ദശലക്ഷത്തിലധികം ഇടപാടുകള്‍ നടക്കുന്നുണ്ടെന്നാണ് കണക്കുകള്‍. 2025 ജൂണില്‍ മാത്രം 18.39 ബില്യണ്‍ (1,800 കോടിയിലധികം) യുപിഐ ഇടപാടുകളിലൂടെ 24 ലക്ഷം കോടി രൂപ കൈമാറ്റം ചെയ്യപ്പെട്ടിട്ടുണ്ട്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ഇതു 32 ശതമാനം കൂടുതലാണ്. നമ്മുടെ സ്വന്തം ഡിജിറ്റര്‍ യുപിഐ ആഗോളതലത്തില്‍ വിസ ഉള്‍പ്പെടെയുള്ള സംവിധാനങ്ങളെ മറികടന്ന് മുന്നേറുന്നുവെന്ന് ഇതില്‍നിന്ന് വ്യക്തമാണ്.
ഇന്ത്യയില്‍ 85 ശതമാനവും ആഗോളതലത്തില്‍ അമ്പതു ശതമാനത്തില്‍ അധികവും ഡിജിറ്റല്‍ പേയ്‌മെന്റുകള്‍ ഇന്ന് യു.പി.ഐ വഴിയാണ്. യു.പി.ഐ ഇടപാടുകള്‍ അനുദിനം വര്‍ദ്ധിച്ചു വരുമ്പോള്‍ നിലവില്‍ സൗജന്യമായി ജനം ഉപയോഗിക്കുന്ന ഈ സേവനം എന്നും അങ്ങനെ തന്നെ ആയിരിക്കുമോ ? ആയിരിക്കില്ലെന്നതിന്റെ സൂചന ആര്‍.ബി.ഐ ഗവര്‍ണര്‍ സഞ്ജയ് മല്‍ഹോത്ര നല്‍കി.
യുപിഐ പൂര്‍ണ്ണമായും സൗജന്യമല്ലെന്നും നിലവില്‍ സബ്‌സിഡികള്‍ വഴിയാണ് സര്‍ക്കാര്‍ അതിന്റെ ചെലവുകള്‍ വഹിക്കുന്നതെന്നും മല്‍ഹോത്ര ചൂണ്ടിക്കാട്ടി. ഗൂഗില്‍പേ, ഫോണിപേ തുടങ്ങിയ യു.പി.ഐ ഇടപാടുകള്‍ക്ക് സ്ഥിരമായി ഒരു ഫണ്ടിംഗ് മാതൃക ആവശ്യമാണെന്ന് സഞ്ജയ് മല്‍ഹോത്ര പറഞ്ഞു. യു.പി.ഐ ഇടപാടുകള്‍ നടത്തുന്ന പ്രക്രിയയ്ക്ക് ചെലവ് വരുന്നുണ്ട്. അത് ആരെങ്കിലും വഹിക്കേണ്ടതുണ്ട്. യുപിഐ ഇടപാടുകള്‍ ദീര്‍ഘകാലം മുന്നോട്ടു പോകണമെങ്കില്‍ അതിന്റെ ചെലവ് കൂട്ടായോ വ്യക്തിഗതമായോ വഹിക്കപ്പെടേണ്ടി വരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഉപയോക്താക്കളില്‍ നിന്ന് യുപിഐ ഉപയോഗിക്കുന്നതിന് പണം ഈടാക്കുമെന്ന് താന്‍ ഒരിക്കലും പറഞ്ഞിട്ടില്ലെന്ന് ഓര്‍മ്മിപ്പിച്ച മല്‍ഹോത്ര യുപിഐ സൗജന്യമായി തുടരണോ വേണ്ടയോ എന്നതിനെക്കുറിച്ചുള്ള ഏതൊരു തീരുമാനവും ധനകാര്യ മന്ത്രാലയത്തിന്റേതാണെന്നും വ്യക്തമാക്കി. മര്‍ച്ചന്റ് ഡിസ്‌കൗണ്ട് റേറ്റ് (എംഡിആര്‍) പോലുള്ള നിരക്കുകള്‍ ഒടുവില്‍ ഉപഭോക്താക്കള്‍ക്ക് കൈമാറുമോ എന്ന ചോദ്യത്തോടാണ് അദ്ദേഹം പ്രതികരിച്ചത്.
അതിനിടെ, 2025 ഓഗസ്റ്റ് 1 മുതല്‍ യുപിഐ ഇടപാടുകള്‍ കൈകാര്യം ചെയ്യുന്ന പേയ്‌മെന്റ് അഗ്രഗേറ്ററുകള്‍ക്ക് പ്രോസസ്സിംഗ് ചാര്‍ജുകള്‍ ഏര്‍പ്പെടുത്തുന്ന ആദ്യത്തെ ബാങ്കായി ഐസിഐസിഐ ബാങ്ക് മാറുമെന്നാണ് റിപ്പോര്‍ട്ടുകള്‍.