കോഴിക്കോട് | പന്നിയങ്കര ദുര്‍ഗ്ഗാ ഭഗവതി ക്ഷേത്രത്തില്‍ കേരള പുരാവസ്തു വകുപ്പു നടത്തിയ പഠനത്തില്‍ ഈ ക്ഷേത്രത്തിന് മൂന്ന് ചേരപ്പെരുമാക്കന്മാരുടെ പെരുമ അവകാശപ്പെടാനുണ്ടെന്ന് കണ്ടെത്തി. പില്‍ക്കാലത്ത് പോര്‍ളാതിരിമാരുടെയും സാമൂതിരിമാരുടെയും ചരിത്രവുമായി ബന്ധപ്പെട്ട ഈ ക്ഷേത്രത്തിലെ മൂന്നു ലിഖിതങ്ങള്‍ ചരിത്ര പണ്ഡിതനായ ഡോ. എം.ജി.എസ്. നാരായണനാണ് ആദ്യമായി വായിക്കുന്നതും വ്യാഖ്യാനിക്കുന്നതും. പൊതുവര്‍ഷം 962 മുതല്‍ 1021 വരെ ഭരണം നടത്തിയ ചേരപ്പെരുമാളായ ഭാസ്‌കര രവിവര്‍മ്മന്റെയും തുടര്‍ന്ന് പൊതുവര്‍ഷം 1021 മുതല്‍ 1036 വരെ ഭരിച്ച രവി കോത രാജസിംഹന്റെയും ലിഖിതങ്ങള്‍ കൃത്യമായി ഡോ. എം.ജി.എസ്. തിരിച്ചറിഞ്ഞിട്ടുണ്ട്. ഭാസ്‌കര രവിവര്‍മ്മന്റെ രേഖയുള്ള കല്ലിന്റെ മറുപുറത്തുള്ള രേഖ തേഞ്ഞു പോയതിനാല്‍ രാജാവിന്റെ പേര് അദ്ദേഹത്തിന് വ്യക്തമായിരുന്നില്ല. ഏതോ പെരുമാളിന്റെ എട്ടാമത്തെ ഭരണ വര്‍ഷത്തിലെ രേഖയാണെന്നും കോത രവിയുടേതാകാമെന്നും അദ്ദേഹം അനുമാനിക്കുകയാണ് ഉണ്ടായത്. കോഴിക്കോട് സര്‍വ്വകലാശാലയിലെ ചരിത്രമ്യൂസിയത്തില്‍ സൂക്ഷിച്ചിരിക്കുന്ന ഈ ലിഖിതങ്ങളാണ് കോഴിക്കോട് പഴശ്ശിരാജാ മ്യൂസിയം ഓഫീസര്‍ കെ. കൃഷ്ണരാജിന്റെ നേതൃത്വത്തിലുള്ള പുരാവസ്തു വകുപ്പിലെ ഗവേഷണ സംഘം വീണ്ടും പരിശോധിച്ചത്. കോതരവിപ്പെരുമാളിന്റേതെന്ന് എം. ജി. എസ്. നാരായണന്‍ സംശയിച്ച രേഖ കോതരവിയുടേതു തന്നെയാണെന്നും രാജാവിന്റെ 27ാം ഭരണ വര്‍ഷത്തിലേതാണെന്നും (പൊതുവര്‍ഷം 910) പരിശോധനയില്‍ വ്യക്തമായി. ഈ പരിശോധനയിലൂടെ പന്നിയങ്കരയിലെ ഏറ്റവും പഴയ രേഖ ഇതാണെന്നും സംശയലേശമെന്യേ തെളിഞ്ഞു.

‘മൂന്നു വ്യത്യസ്ത ചേരപ്പെരുമാക്കന്മാരുടെ ലിഖിതങ്ങള്‍ തൃശ്ശൂര്‍ ജില്ലയിലെ നെടുമ്പുറം തളി, തൃക്കാക്കര എന്നീ ചുരുക്കം ചില ക്ഷേത്രങ്ങളില്‍ നിന്നു മാത്രമേ ലഭ്യമായിട്ടുള്ളൂ. അതുകൊണ്ടു തന്നെ പന്നിയങ്കരയ്ക്കും ഈ പെരുമ അവകാശപ്പെടാവുന്നതാണെന്ന് കെ. കൃഷ്ണരാജ് പറഞ്ഞു. കോഴിക്കോട് സര്‍വ്വകലാശാലാ ചരിത്ര വിഭാഗം മേധാവി ഡോ. മന്മഥന്‍ എം. ആര്‍., പ്രൊഫസര്‍മാരായ ഡോ. കെ.എസ്. മാധവന്‍, ഡോ. വി.വി. ഹരിദാസ് എന്നിവരും പരിശോധനയില്‍ പങ്കെടുത്തു.

ലിഖിത പഠനത്തിന്റെ മേഖലയിലേക്ക് കൂടുതല്‍ വിദ്യാര്‍ത്ഥികളെ എത്തിക്കുന്നതിനും ലിഖിതപഠനം എന്ന പുരാതത്ത്വശാസ്ത്രശാഖയെ ചരിത്രപഠനത്തിന് വിപുലമായി ഉപയോഗപ്പെടുത്തുന്നതിന് പഠിതാക്കളെ സഹായിക്കുന്നതിനുമുളള ശ്രമമാണ് പുരാവസ്തു വകുപ്പ് നടത്തുന്നത് എന്നും സമീപകാലത്ത് വകുപ്പു കണ്ടെത്തിയ എല്ലാ ലിഖിതങ്ങളുടെയും രേഖാപാഠങ്ങളും വ്യാഖ്യാനവും പ്രസിദ്ധീകരിച്ച് ഗവേഷകര്‍ക്കും ചരിത്രപഠിതാക്കള്‍ക്കും പൊതുജനങ്ങള്‍ക്കും ലഭ്യമാക്കുമെന്നും പുരാവസ്തു വകുപ്പ് ഡയറക്ടര്‍ ഡോ. ഇ. ദിനേശന്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here