കൊച്ചി | കുട്ടിയുടെ ചോറൂണ് ചടങ്ങില്‍ പങ്കെടുക്കാന്‍ പത്ത് ദിവസത്തെ പരോള്‍ ആവശ്യപ്പെട്ട് ടി.പി. ചന്ദ്രശേഖരന്‍ വധക്കേസിലെ ആറാം പ്രതിയായ സിജിത്തിന്റെ ഭാര്യ നല്‍കിയ ഹര്‍ജി തള്ളി. വധക്കേസ് പ്രതിക്ക് ഒരു കുട്ടിയുടെ ജനനശേഷമുള്ള എല്ലാ ചടങ്ങിലും പങ്കെടുക്കാന്‍ പരോള്‍ അനുവദിക്കാനാകില്ലെന്ന് കോടതി പറഞ്ഞു. മാത്രമല്ല, കുട്ടി ജനിച്ചതിനെത്തുടര്‍ന്ന് ഫെബ്രുവരിയില്‍ സിജിത്തിന് 10 ദിവസത്തെ പരോള്‍ അനുവദിച്ചിരുന്നുവെന്നും കോടതി ചൂണ്ടിക്കാട്ടി.
ആചാര സമയത്ത് പിതാവിന്റെ സാന്നിധ്യം അനിവാര്യമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ജീവപര്യന്തം തടവ് ശിക്ഷ അനുഭവിക്കുന്ന സിജിത്തിന്റെ ഭാര്യ സി.എസ്. അഞ്ജു കോടതിയെ സമീപിച്ചത്. ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണനാണ് വധക്കേസ് പ്രതിക്ക് ഇത്തരത്തില്‍ പരോള്‍ നല്‍കാന്‍ കഴിയില്ലെന്ന് വിധിച്ചത്.