ന്യൂഡല്‍ഹി | എല്ലാ സംസ്ഥാനങ്ങള്‍ക്കും എത്തരത്തിലാകും ഇന്ത്യ-യുകെ വ്യാപാര കരാറിന്റെ പ്രയോജനം ലഭിക്കുന്നതെന്ന് മനസിലാക്കാന്‍ ജനങ്ങള്‍ക്കിടയില്‍ പ്രചാരണം നടത്താന്‍ കേന്ദ്രസര്‍ക്കാര്‍. രാജ്യമെമ്പാടും അടുത്ത 20 ദിവസത്തിനുള്ളില്‍ യോഗങ്ങള്‍, വര്‍ക്ക്ഷോപ്പുകള്‍, ഫീഡ്ബാക്ക് സെഷനുകള്‍ എന്നിവയുള്‍പ്പെടെ 1,000 പ്രചരണ പരിപാടികള്‍ സര്‍ക്കാര്‍ സംഘടിപ്പിക്കാനാണ് നീക്കം.

ജൂലൈ 24 ന് ഒപ്പുവച്ച സമഗ്ര സാമ്പത്തിക, വ്യാപാര കരാറിലൂടെ (സിഇടിഎ) പരമാവധി നേട്ടങ്ങള്‍ ജനങ്ങള്‍ക്ക് പ്രയോജനം ചെയ്യണമെന്ന ലക്ഷ്യത്തോടെയാണ് മേഖലാടിസ്ഥാനത്തില്‍ ഔട്ട്റീച്ച് പരിപാടികള്‍ നടത്തുന്നത്. കരാറില്‍ ബന്ധപ്പെട്ട മന്ത്രാലയങ്ങളും പരിപാടികള്‍ നടത്തും.

ഈ വ്യാപാര കരാറിന്റെ നേട്ടങ്ങള്‍ വിശദീകരിക്കാന്‍ പ്രത്യേക ടീമുകള്‍ വിവിധ സംസ്ഥാനങ്ങള്‍ സന്ദര്‍ശിക്കും. നാളെ തുകല്‍, തുണിത്തരങ്ങള്‍ മേഖലയുമായി വ്യാപാര കരാറിനെക്കുറിച്ച് വാണിജ്യ വ്യവസായ മന്ത്രി പിയൂഷ് ഗോയല്‍ കൂടിക്കാഴ്ച നടത്തും. ഈ കരാര്‍ നടപ്പിലാക്കിയതിനുശേഷം കൂടുതല്‍ മത്സരക്ഷമതയുള്ളതായി മാറുന്ന പ്രത്യേക വ്യവസായ വിഭാഗങ്ങളെക്കുറിച്ച് സംസാരിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇതിനകം തന്നെ നിര്‍ദ്ദേശിച്ചിട്ടുണ്ടെന്ന് ജൂലൈ 26 ന് ഗോയല്‍ പറഞ്ഞു.

പാര്‍ലമെന്റ് സമ്മേളനം ആരംഭിക്കുന്നതുവരെ എല്ലാ മേഖലകളുമായും ഞാന്‍ മേഖലാ മീറ്റിംഗുകള്‍ നടത്തും, അതിനുശേഷം എല്ലാ സംസ്ഥാനങ്ങളിലേക്കും പോകുമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യ-യുകെ സ്വതന്ത്ര വ്യാപാര കരാര്‍ ഇവിടെ നിര്‍മ്മിക്കുന്ന നിരവധി പരമ്പരാഗത ഉല്‍പ്പന്നങ്ങള്‍ക്ക് തീരുവ ഇളവുകള്‍ നല്‍കുന്നതിനാല്‍, ഭഗല്‍പൂര്‍ സില്‍ക്ക് (ബീഹാര്‍), പശ്മിന ഷാളുകള്‍ (ജമ്മു കശ്മീര്‍), കോലാപുരി ചപ്പല്‍ (മഹാരാഷ്ട്ര), തഞ്ചാവൂര്‍ പാവകള്‍ (തമിഴ്‌നാട്) എന്നിവ ഇപ്പോള്‍ ബ്രിട്ടനിലുടനീളമുള്ള മാളുകളിലും കടകളിലും ഷെല്‍ഫുകളില്‍ പ്രാധാന്യത്തോടെ പ്രത്യക്ഷപ്പെടും.

കരാറിന്റെ പ്രയോജനം ലഭിക്കുന്ന മറ്റ് ഉല്‍പ്പന്നങ്ങളില്‍ ബാലുചാരി സാരികള്‍ (പശ്ചിമ ബംഗാള്‍), ബന്ധിനി (ഗുജറാത്തി ടൈ-ഡൈ ടെക്‌സ്‌റ്റൈല്‍ ആര്‍ട്ട്), കാഞ്ചീപുരം സാരികള്‍, തിരുപ്പൂര്‍ നിറ്റ്വെയര്‍ എന്നിവ ഉള്‍പ്പെടുന്നു. ഒഡീഷ, ആന്ധ്രാപ്രദേശ്, മഹാരാഷ്ട്ര, തമിഴ്നാട് എന്നിവിടങ്ങളിലേക്കും മന്ത്രി യാത്ര ചെയ്യുകയും മത്സ്യത്തൊഴിലാളി സമൂഹത്തിന് ഈ കരാര്‍ എങ്ങനെ പ്രയോജനപ്പെടുമെന്നതിനെക്കുറിച്ച് അവരുമായി സംസാരിക്കുകയും ചെയ്യും. ‘ഹൈദരാബാദ്, ബെംഗളൂരു, പൂനെ, മുംബൈ, ഗുരുഗ്രാം എന്നിവിടങ്ങളിലെ ടെക് സെന്ററുകള്‍ ഞാന്‍ സന്ദര്‍ശിക്കും. അവരുടെ സേവന കയറ്റുമതി വിപുലീകരിക്കാന്‍ എങ്ങനെ സഹായിക്കുമെന്ന് അറിയിക്കും’- ഗോയല്‍ പറഞ്ഞു.

കരാര്‍ പ്രാബല്യത്തില്‍ വരുമ്പോള്‍ ഇന്ത്യന്‍ കയറ്റുമതിയുടെ 99 ശതമാനവും യുകെയില്‍ തീരുവയില്ലാതെ പ്രവേശിക്കും. കാറുകള്‍, സൗന്ദര്യവര്‍ദ്ധക വസ്തുക്കള്‍, വിസ്‌കി തുടങ്ങിയ ബ്രിട്ടീഷ് ഉല്‍പ്പന്നങ്ങളുടെ താരിഫ് കുറയ്ക്കുകയും ചെയ്യും. 2030 ആകുമ്പോഴേക്കും ലോകത്തിലെ അഞ്ചാമത്തെയും ആറാമത്തെയും വലിയ സമ്പദ്വ്യവസ്ഥകള്‍ തമ്മിലുള്ള 56 ബില്യണ്‍ യുഎസ് ഡോളറിന്റെ വ്യാപാരം ഇരട്ടിയാക്കുക എന്നതാണ് ഈ കരാര്‍ ലക്ഷ്യമിടുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here