തിരുവനന്തപുരം | ബറ്റാലിയന്‍ എഡിജിപി എം. ആര്‍. അജിത് കുമാറിനെതിരായ അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ഒറിജനല്‍ വിജിലന്‍സ് അന്വേഷണ റിപ്പോര്‍ട്ടും കേസ് ഡയറി ഫയലും ഹാജരാക്കിയെന്ന് സര്‍ക്കാര്‍ വിജിലന്‍സ് കോടതിയെ അറിയിച്ചു. എം ആര്‍ അജിത് കുമാറിനെ കുറ്റ വിമുക്തനാക്കി ക്ലീന്‍ ചിറ്റ് നല്‍കിയ വിജിലന്‍സ് അന്വേഷണ റിപ്പോര്‍ട്ട് തള്ളി കേസെടുക്കണമെന്ന ഹര്‍ജി 28 ന് പരിഗണിക്കും.
കള്ളപ്പണം വെളിപ്പിക്കല്‍ , ഇന്റലിജന്‍സ് റിപ്പോര്‍ട്ട് പൂഴ്ത്തല്‍ , സോളാര്‍ കേസ് അട്ടിമറിക്കല്‍ സ്വര്‍ണ്ണക്കടത്ത് മാഫിയാ ബന്ധം, പ്രോസിക്യൂഷന്‍ നടപടികള്‍ ഒഴിവാക്കാന്‍ പ്രതികളില്‍ നിന്ന് കോഴ കൈപ്പറ്റല്‍, അനധികൃത സ്വത്ത് സമ്പാദനം തുടങ്ങിയ കുറ്റകൃത്യങ്ങളിലൂടെ അഴിമതി നടത്തി വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദനം നടത്തിയെന്നാണ് ഹര്‍ജിയിലെ ആരോപണം. ഒറിജനല്‍ വിജിലന്‍സ് എന്‍ക്വയറി റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കാന്‍ എന്തിനാണ് പരിഭ്രമിക്കുന്നതെന്ന് സര്‍ക്കാരിനോട് ജഡ്ജി എ. മനോജ് ചോദിച്ചിരുന്നു. ഒറിജനല്‍ റിപ്പോര്‍ട്ട് ഹാജരാക്കാന്‍ സര്‍ക്കാര്‍ വിസമ്മതം പ്രകടിപ്പിച്ചതിനെ തുടര്‍ന്നാണ് കോടതിയില്‍ നിന്നും ചോദ്യമുയര്‍ന്നത്. എം.ആര്‍.അജിത്കുമാര്‍ ഭാര്യാസഹോദരനുമായി ചേര്‍ന്ന് സെന്റിന് 70 ലക്ഷം രൂപ വിലയുളള ഭൂമി തിരുവനന്തപുരം കവടിയാറില്‍ വാങ്ങി ആഡംബര കെട്ടിടം നിര്‍മിക്കുന്നതില്‍ അഴിമതിപ്പണം ഉണ്ടെന്നായിരുന്നു ഹര്‍ജിക്കാരന്റെ വാദം. ഇതിനായി മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി.ശശി എഡിജിപിയെ വഴിവിട്ട് സഹായിക്കുന്നതായും ഹര്‍ജിക്കാരന്‍ ആരോപിച്ചിരുന്നു.