തിരുവനന്തപുരം | തിരുവനന്തപുരം സെന്‍ട്രലിനും സെക്കന്തരാബാദിനും ഇടയില്‍ ഓടുന്ന ശബരി എക്‌സ്പ്രസ്, റെയില്‍വേ ബോര്‍ഡ് സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസായി ഉയര്‍ത്തി. 2025 സെപ്റ്റംബര്‍ 29 മുതല്‍ പ്രാബല്യത്തില്‍ വരുന്ന തരത്തില്‍ മുമ്പത്തെ 17229/17230 എന്ന നമ്പറിന് പകരം 20630/20629 എന്ന പുതിയ നമ്പറില്‍ ആയിരിക്കും പുതുക്കിയ ട്രെയിന്‍ ഓടുക. ഇതോടെ കേരളത്തിനും തെലങ്കാനയ്ക്കും ഇടയിലുള്ള റെയില്‍ കണക്റ്റിവിറ്റിക്ക് വലിയ നേട്ടമാകും. ദൈനംദിന യാത്രക്കാര്‍ക്കും തീര്‍ത്ഥാടകര്‍ക്കും, ശബരിമല ക്ഷേത്രത്തിലേക്കും ദക്ഷിണ, മധ്യ ഇന്ത്യയിലുടനീളമുള്ള സ്ഥലങ്ങളിലേക്കും യാത്ര ചെയ്യുന്നവര്‍ക്കും അതിവേഗം എത്തിച്ചേരാനാകും.
തിരുവനന്തപുരം സെന്‍ട്രലില്‍ നിന്ന് രാവിലെ 6.45 ന് പുറപ്പെടുന്ന ശബരി എക്‌സ്പ്രസ് അടുത്ത ദിവസം ഉച്ചയ്ക്ക് 12.45 ന് സെക്കന്തരാബാദില്‍ എത്തും. പുതിയ ഷെഡ്യൂള്‍ അനുസരിച്ച്, സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസ് രാവിലെ 11 മണിക്ക് സെക്കന്തരാബാദില്‍ എത്തും. നിലവില്‍ ശബരി എക്‌സ്പ്രസ് ഉച്ചയ്ക്ക് 12.20 ന് മടക്കയാത്ര ആരംഭിക്കും. എന്നാല്‍, സെപ്റ്റംബര്‍ 29 മുതല്‍ ശബരി സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസ് ഉച്ചയ്ക്ക് 2.45 ന് പുറപ്പെട്ട് അടുത്ത ദിവസം വൈകുന്നേരം 6.20 ന് തിരുവനന്തപുരത്ത് എത്തും. മറ്റ് ട്രെയിന്‍ സമയങ്ങളില്‍ മാറ്റം ശബരി എക്‌സ്പ്രസ് സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസായി നവീകരിച്ചതിനാല്‍ മറ്റ് ട്രെയിനുകളുടെ സമയത്തിലും മാറ്റം വരുത്തിയിട്ടുണ്ട്. ജോലാര്‍പേട്ടയ്ക്കും ആലപ്പുഴയ്ക്കും ഇടയിലുള്ള ധന്‍ബാദ് – ആലപ്പുഴ എക്‌സ്പ്രസ് (13351) സമയം പുനഃക്രമീകരിച്ചു. കൂടാതെ, പാലക്കാടിനും ഈറോഡിനും ഇടയിലുള്ള മംഗളൂരു സെന്‍ട്രല്‍ – താംബരം എക്‌സ്പ്രസ് (16160) സമയത്തിലും മാറ്റം വരുത്തും. എല്ലാ ട്രെയിനുകളുടെയും പുതിയ ഷെഡ്യൂളുകള്‍ സെപ്റ്റംബര്‍ 29 മുതല്‍ നടപ്പിലാക്കും. അതേസമയം, ആലുവയ്ക്കും തിരുവനന്തപുരത്തിനും ഇടയിലുള്ള ലോക്മാന്യതിലക് – തിരുവനന്തപുരം നേത്രാവതി എക്‌സ്പ്രസ് (16345) സമയം ഒക്ടോബര്‍ 21 മുതല്‍ മാറ്റും.