ഡബ്ലിന്‍ | ഐറിഷ് തലസ്ഥാനമായ ഡബ്ലിനില്‍ ഒരു ഇന്ത്യക്കാരനെ ഒരു സംഘം ആക്രമിച്ച് നഗ്നനാക്കി റോഡില്‍ തള്ളി. കുട്ടികളോട് മോശമായി പെരുമാറിയെന്നാരോപിച്ചായിരുന്നൂ മര്‍ദ്ദനം. മര്‍ദ്ദിച്ച ശേഷം അക്രമികള്‍ നഗ്നനാക്കി റോഡില്‍ തള്ളിയതായി ആരോപിക്കപ്പെടുന്നു.
പോലീസിന്റെ പ്രാഥമിക അന്വേഷണത്തില്‍ ഇത് വംശീയ ആക്രമണമായിരിക്കാമെന്ന് സൂചനയുണ്ട്. ജൂലൈ 19 ന് വൈകുന്നേരം, ഡബ്ലിനിലെ ടാലഗട്ടിലെ പാര്‍ക്ക്ഹില്‍ റോഡില്‍, ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് മാത്രം അയര്‍ലണ്ടിലേക്ക് കുടിയേറിയ ഒരു ഇന്ത്യക്കാരനാണ് ഒരു കൂട്ടം ഐറിഷ് യുവാക്കളില്‍ നിന്ന് ക്രൂരമായ മര്‍ദ്ദനം ഏറ്റത്.
ആക്രമണത്തില്‍ അദ്ദേഹത്തിന്റെ കൈകള്‍ക്കും കാലുകള്‍ക്കും മുഖത്തിനും ഗുരുതരമായി പരിക്കേറ്റു. റോഡില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ ഇയാളെ വഴിയാത്രക്കാരാണ് ആശുപത്രിയിലെത്തിച്ചത്. സംഭവത്തെക്കുറിച്ചുള്ള വാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെ, ഇന്ത്യക്കാരെ അനുകൂലിച്ചും പ്രതികൂലിച്ചും അഭിപ്രായങ്ങള്‍ പ്രചരിക്കാന്‍ തുടങ്ങി. ടാലഗട്ടില്‍ മുമ്പും സമാനമായ ആക്രമണങ്ങള്‍ നടന്നിട്ടുണ്ട്.
കുടിയേറ്റക്കാര്‍ക്കെതിരായ ആക്രമണങ്ങള്‍ വര്‍ദ്ധിച്ചുവരികയാണെന്നും അവരെ കുഴപ്പക്കാരായി ചിത്രീകരിക്കാന്‍ ബോധപൂര്‍വമായ ശ്രമം നടക്കുന്നുണ്ടെന്നും ഐറിഷ് ജസ്റ്റിസ് ജിം ഒ’കല്ലഗന്‍ പറഞ്ഞു. സംഭവത്തെക്കുറിച്ച് അയര്‍ലണ്ടിലെ ഇന്ത്യന്‍ അംബാസഡര്‍ അഖിലേഷ് മിശ്ര പ്രതികരിച്ചു. തെളിവുകള്‍ ലഭ്യമാകുന്നതിന് മുമ്പ് തെറ്റിദ്ധരിപ്പിക്കുന്ന രീതിയില്‍ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തതിന് ദേശീയ മാധ്യമങ്ങളെ അദ്ദേഹം വിമര്‍ശിച്ചു. സത്യം കണ്ടെത്തുന്നതില്‍ ഐറിഷ് ജനത നല്കിയ പിന്തുണയ്ക്ക് അദ്ദേഹം നന്ദി രേഖപ്പെടുത്തി, കുറ്റവാളികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
13 പേരടങ്ങുന്ന ഒരു സംഘം ഇന്ത്യക്കാരനെ മര്‍ദ്ദിക്കുകയും അദ്ദേഹത്തിന്റെ ബാങ്ക് കാര്‍ഡുകള്‍, ഫോണ്‍, ഷൂസ്, വസ്ത്രങ്ങള്‍ എന്നിവ മോഷ്ടിക്കുകയും ചെയ്തൂവെന്ന് ഒരു ദൃക്സാക്ഷി പറഞ്ഞു. രക്തത്തില്‍ കുളിച്ചു കിടക്കുന്ന അയാളെ കണ്ട സ്ത്രീ അദ്ദേഹത്തിന് പ്രഥമശുശ്രൂഷ നല്‍കുകയും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.