വയനാട് | പുല്‍പ്പള്ളി കബനിഗിരിയില്‍ വീണ്ടും പുള്ളിപ്പുലി ആക്രമണം. പനച്ചിമത്തില്‍ ജോയിയുടെ വീടിന്റെ പിന്‍വശത്ത് കെട്ടിയിരുന്ന ആടിനെ കൊന്നു. നേരത്തെ, ജോയിയുടെ ഉടമസ്ഥതയിലുള്ള മറ്റ് രണ്ട് ആടുകളെ പുള്ളിപ്പുലി കൊന്നിരുന്നു. ഇവിടെ പുള്ളിപ്പുലിയുടെ രണ്ടാമത്തെ ആക്രമണമാണിത്. ആടിന്റെ പകുതി ഭാഗം തിന്നശേഷം പുള്ളിപ്പുലി കടന്നു. ആടിന്റെ കഴുത്തില്‍ കെട്ടിയ കയര്‍ പൊട്ടിച്ചിരുന്നില്ല. മൃഗത്തെ പിടിക്കാന്‍ വനംവകുപ്പ് ഒരു കെണി ഒരുക്കിയിരുന്നു, കഴിഞ്ഞ രണ്ട് ദിവസമായി ജോയിയുടെ വീടിനടുത്ത് വനം ഉദ്യോഗസ്ഥര്‍ കാവല്‍ നിന്നിരുന്നു.
എന്നിട്ടും വീണ്ടും പുള്ളിപ്പുലി എത്തി ആടിനെ കൊന്ന് രക്ഷപ്പെട്ടതിന്റെ ഞെട്ടലിലാണ് നാട്ടുകാര്‍. രാവിലെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയപ്പോള്‍ പ്രദേശവാസികള്‍ കടുത്ത രോഷമാണ് പ്രകടിപ്പിച്ചത്. കഴിഞ്ഞ അഞ്ച് ദിവസമായി പുള്ളിപ്പുലിയുടെ സാന്നിധ്യം തുടരുന്നതില്‍ പരിഭ്രാന്തരായ ഗ്രാമവാസികള്‍ അതിനെ പിടികൂടാന്‍ വേഗത്തിലുള്ള നടപടി ഉണ്ടാകണമെന്ന് ആവശ്യപ്പെട്ടു. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് പുല്‍പ്പള്ളി പോലീസും സ്ഥലത്തെത്തി രംഗം തണുപ്പിച്ചു. കൂട്ടിനുള്ളില്‍ ജീവനുള്ള ആടിനെ ഉപയോഗിക്കാതെ പുള്ളിപ്പുലിയുടെ നേരത്തെ ഇരയാക്കിയ ആടിന്റെ ജഡമാണ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ഉപയോഗിച്ചത്. പകരം ജീവനുള്ള ആടിനെ ഉപയോഗിച്ചിരുന്നെങ്കില്‍ പുള്ളിപ്പുലിയെ നേരത്തെ പിടികൂടാമായിരുന്നുവെന്നാണ് നാട്ടുകാര്‍ ചൂണ്ടിക്കാട്ടുന്നത്.