‘അലകടല്‍ അലകടല്‍ അലയായ് ഉയരും’ ‘ശോഭാ സുരേന്ദ്രന്റേത് കേവലം പ്രചരണ ഗാനം മാത്രമല്ല’

തിരുവനന്തപുരം: കഴക്കൂട്ടം നിയമസഭാ മണ്ഡലത്തില്‍ എന്‍.ഡി.എ. സ്ഥാനാര്‍ത്ഥിയായ ശോഭാ സുരേന്ദ്രന്റെ പ്രചരണരംഗത്ത് ഏറെ മുഴങ്ങിക്കേട്ട ഒരു ഗാനമുണ്ട്.

”അലകടല്‍ അലകടല്‍ അലയായ് ഉയരും
നുരയായ് തെളിയും ശോഭയിതേ…’
അകമെരിയുന്നൊരു കനലായ് നിറയും
വരുമിടിനിയൊരു മാറ്റവുമായ്…!!

”അയി ഗിരി നന്ദിനി’ എന്നു തുടങ്ങുന്ന ഭക്തിഗാനത്തിന്റെ ഈണത്തില്‍ തയ്യാറാക്കിയ ഗാനം വിശ്വാസി സമൂഹത്തിന്റെയും വോട്ടര്‍മാരുടെ ഹൃദയം കവര്‍ന്നുകൊണ്ട് മണ്ഡലത്തിലാകെ അലയടിച്ചിരുന്നു. ശോഭാ സുരേന്ദ്രന്‍ തന്റെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജില്‍ പങ്കുവച്ച വീഡിയോ തരംഗമാകുകയും ചെയ്തു. സാക്ഷാല്‍ മന്നത്തുപദ്മനാഭന്റെ ചെറുമകന്‍ ഡോ. ബാലശങ്കര്‍ മന്നത്ത് ശോഭാ സുരേന്ദ്രനുവേണ്ടി ഗാനമൊരുക്കിയെന്നതും പാട്ടിന്റെ ‘രാഷ്ട്രീയ പ്രാധാന്യ’മായി മണ്ഡലത്തില്‍ ചര്‍ച്ചയായി. യുവ ഗായിക കൃപാ സുഭാഷാണ് ഗാനം ആലപിച്ചത്. ഗാനരചനയില്‍ മാധ്യമപ്രവര്‍ത്തകനായ എം.എസ്. രഞ്ജിത്ത് ലാലും പങ്കാളിയായി.

ഇതാ ആ ഗാനത്തിന് വ്യത്യസ്തമായ ഒരു ആസ്വാദനക്കുറിപ്പും വന്നിരിക്കയാണ്. സാഹിത്യകാരനും ചെറുകവിതകളുടെ സൃഷ്ടാവുമായ വിതുര സ്വദേശി വളവില്‍ അലിയാരു കുഞ്ഞാണ് ഫെയ്‌സ്ബുക്കില്‍ ശോഭാ സുരേന്ദ്രന്റെ പ്രചരണഗാനത്തിന് ആസ്വാദനക്കുറിപ്പെഴുതിയത്.

വെറും പ്രചരണഗാനത്തില്‍ നിന്നും വ്യത്യസ്തമായി ഭക്തിഗാനത്തിന്റെ മികവിലേക്ക് ഉയര്‍ന്നൂവന്നതാണ് തന്റെ ആകര്‍ഷിച്ചതെന്നും കാവ്യഗുണം തുടിക്കുന്ന വരികളാണ് ഗാനത്തെ വ്യത്യസ്തമാക്കുന്നതെന്നും അദ്ദേഹം കുറിച്ചു. പ്രചരണവാഹനത്തില്‍ നിന്നാണ് ആദ്യം ഈ ഗാനം കേള്‍ക്കാനിടയായതെന്നും പിന്നേട് വാട്‌സാപ് വഴി പങ്കുവയ്ക്കപ്പെട്ട് അതു ലഭിച്ചതോടെയാണ് ആസ്വാദനക്കുറിപ്പെഴുതണമെന്ന് തോന്നിയതെന്നും അദ്ദേഹം ‘റൗണ്ട് അപ് കേരള’യോടു പറഞ്ഞു.

പ്രചരണ ഗാനത്തിനു പാരഡി സ്വഭാവമാണു മിക്കപ്പോഴും ഉണ്ടാവുകയെന്നും പ്രചരണം അവസാനിക്കുന്നതോടെ അതിന്റെ ഊര്‍ജ്ജവും ജീവനും നഷ്ടപ്പെടുകയും ചെയ്യുമെങ്കിലും ഈ ഗാനം കാലാവര്‍ത്തിയായി നിലനില്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു.

പ്രഭാതഗീതമെന്ന നിലയില്‍ ദിനംപ്രതി എഴുതുന്ന നിരവധി ചെറുകവിതകളിലൂടെ നാട്ടുകാര്‍ക്ക് സുപരിചിതനാണ് വിതുര സ്വദേശിയായ അലിയാര്‍ കുഞ്ഞ്. ഇതിനകം അറുന്നൂറിലധികം പ്രഭാതഗീതങ്ങള്‍ നവമാധ്യമങ്ങള്‍ വഴി അലിയാര്‍ സുഹൃത്തുക്കള്‍ക്കും നാട്ടുകാര്‍ക്കും പങ്കുവച്ചിട്ടുണ്ട്. എല്ലാദിനവും വാട്‌സാപിലൂടെയെത്തുന്ന അലിയാരുടെ ‘പ്രഭാതകവിത’ക്ക് നൂറുകണക്കിന് ആരാധകരാണുള്ളത്.

അദ്ദേഹത്തിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം

കാവ്യ ഗുണം തുടിക്കുന്ന ഒരു പ്രചരണ ഗാനം
…………

തെരഞ്ഞെടുപ്പുവേളയില്‍ മുന്നണികളുടെ സ്ഥാനാര്‍ത്ഥികള്‍ക്കു വിജയമുറപ്പാക്കാന്‍ പ്രചരണ ഗാനമിറക്കുക പതിവാണല്ലൊ. ഇക്കുറിയും പ്രചരണ ഗാനരംഗം ആഘോഷ പൂര്‍ണ്ണമായിരുന്നു. പ്രചരണ ഗാനത്തിനു പാരഡി സ്വഭാവമാണു മിക്കപ്പോഴും ഉണ്ടാവുക. പ്രചരണം അവസാനിക്കുന്നതോടെ അതിന്റെ ഊര്‍ജ്ജവും ജീവനും നഷ്ടപ്പെടുകയും ചെയ്യും.

സ്വാഭാവികമായും അത്രയെ അതിന്റെ സൃഷ്ടാക്കള്‍ പ്രതീക്ഷിക്കാറുമുള്ളു. എന്നാല്‍ അതില്‍ നിന്നും വ്യത്യസ്ഥമായി ഇപ്രാവശ്യത്തെ പ്രചരണഗാനത്തില്‍ ഞാന്‍ കേട്ടതില്‍ ഒന്നു ആകര്‍ഷിക്കപ്പെട്ടു. അതുകാരണമാണു ഒരാസ്വാദനം കുറിക്കാനുള്ള പ്രേരണ.

അമര്‍ഷവും ആവേശവും അനുഭവവും ഗാനത്തിന്റെ ഉള്ളില്‍ അലയടിക്കുന്നതാണെങ്കിലും ഗാനം ആലാപന സംവിധാനഭംഗികൊണ്ടു കേള്‍വിക്കാരില്‍ ജനിപ്പിക്കുന്നത് ഭക്തി സാന്ദ്രമായ ചടുലതയാകയാല്‍
സഹൃദയരില്‍ നിറഞ്ഞു നില്‍ക്കും. അതു കേവലം ശ്രവ്യ ഗുണം….! സംഗീത സംവിധാനമികവും.

ഗാനത്തിന്റെ കാവ്യഗുണമാണു വിനീതനായ എന്നെ ആകര്‍ഷിച്ച ഒന്നാമത്തെ സംഗതി. കാവ്യാത്മകമായി പ്രചരണ ഗാനം എഴുതുക പതിവല്ല. രചന നിര്‍വ്വഹിച്ച തൂലിക അനുഗൃഹീതമാണ്. രചന നടത്തിയ അനുഗൃഹീതന്‍ ‘ശയ്യാ ഗുണം’ കൃത്യമായി പാലിച്ചിരിക്കുന്നു എന്നതു് അതിശയിപ്പിക്കുന്നു. ഉചിതമായ പദങ്ങള്‍ തേച്ചുമിനുക്ക
ഉചിതമായ സ്ഥാനത്തു് മനോഹരമായി ഉറപ്പിച്ചു വച്ച ശില്പചാതുരി അഭിനന്ദനാര്‍ഹമാണ്.

ഇനിപ്പറയട്ടെ ആ ഗാനം കഴക്കുട്ടത്തെ NDAസ്ഥാനാര്‍ത്ഥി ശോഭാ സുരേന്ദ്രന്റെ പ്രചരണ വാഹനത്തില്‍ നിന്നാണു കേള്‍ക്കാനിടയായത്. പ്രചരണ ഗാനത്തിനു സാഹിത്യ ഭംഗി മാത്രമല്ല കേവലം ഒരു സാഹിത്യാസ്വാദകനെന്ന നിലയില്‍
കേട്ട ഗാനം ഭക്തിഗാനമായിട്ടെതോന്നുകയുള്ളു. മഹാനായ മന്നത്തു പത്മനാഭന്റെ കൊച്ചുമകന്‍ ഡോക്ടര്‍ ബാല ശങ്കര്‍ മന്നത്തും ശ്രീ എം.എസ്.രഞ്ജിത് ലാലും ചേര്‍ന്നാണ് ഗാനരചന നിര്‍വ്വഹിച്ചിരിക്കണത്. അവര്‍ മലയാളഗാനശാഖ
യ്ക്കു് ഒരു മുതല്‍ക്കൂട്ടാണ്.

  • വളവില്‍ അലിയാരു കുഞ്ഞ്”

LEAVE A REPLY

Please enter your comment!
Please enter your name here