തെരഞ്ഞെടുപ്പ് വരുമ്പോള്‍ മാത്രമാണ് ഭരണ – പ്രതിപക്ഷ നേതാക്കള്‍ ജനങ്ങളെ തേടിയെത്താറുള്ളത്. സങ്കടക്കാഴ്ചകള്‍ പലതും കണ്ട് ഇപ്പൊ ശരിയാക്കിത്തരാമെന്നു പറഞ്ഞ് വോട്ടുവാങ്ങിപോയാല്‍ പിന്നെ അടുത്ത അഞ്ചുവര്‍ഷം കഴിഞ്ഞേ നേതാക്കളെ കണ്ടുകിട്ടുകയുള്ളൂ.

ആലപ്പുഴ അരൂര്‍ മണ്ഡലത്തിലെ പ്രചരണത്തിനിടെ പട്ടികജാതി കോളനികളുടെ ദുരവസ്ഥ നേരില്‍ കണ്ട കുമ്മനം രാജശേഖരനാണ് വേദനിപ്പിക്കുന്ന ഒരു കാഴ്ച ഫെയ്‌സ്ബുക്ക് കൂട്ടായ്മയില്‍ പങ്കുവച്ചത്. നാലു ചുറ്റും മലിനജലത്തില്‍ ചുറ്റപ്പെട്ട് കിടക്കുന്ന വീട്. കൈക്കുഞ്ഞുമായി സ്വന്തം വിഷമങ്ങള്‍ അകലെ നിന്നും ഞങ്ങളോട് ഉറക്കെ കരഞ്ഞു പറയുന്ന ഒരമ്മയുടെ ദയനീയതയാണ് കാണാനായതെന്ന് കുമ്മനം പറഞ്ഞു. മിക്ക കോളനികളിലും ഇതാണ് അവസ്ഥയെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

പാവങ്ങള്‍ക്ക് വീട് വെക്കാനും ശൗചാലയങ്ങള്‍ പണിയാനും ഗ്രാമ പഞ്ചായത്തിന് കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ പണം എന്ത് ചെയ്തു എന്ന് കേരള സര്‍ക്കാരും ഗ്രാമ പഞ്ചായത്തും ഈ പ്രദേശത്തെ ജനങ്ങളോട് വിശദീകരിക്കണമെന്നും കുമ്മനം ആവശ്യപ്പെട്ടു.

ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം:

അരൂര്‍ നിയോജകമണ്ഡലത്തിലെ തിരഞ്ഞെടുപ്പ് പ്രചരണ യാത്രയില്‍ കോടംതുരുത്ത് പഞ്ചായത്ത് ഒന്ന്, രണ്ട്, പതിനഞ്ച് വാര്‍ഡുകള്‍ സന്ദര്‍ശിച്ച വേളയില്‍ കാണാനിടയായ കാഴ്ച്ച അത്യന്തം വേദനാജനകമായിരുന്നു.
നാലു ചുറ്റും മലിനജലത്തില്‍ ചുറ്റപ്പെട്ട് കിടക്കുന്ന വീട്. കൈക്കുഞ്ഞുമായി സ്വന്തം വിഷമങ്ങള്‍ അകലെ നിന്നും ഞങ്ങളോട് ഉറക്കെ കരഞ്ഞു പറയുന്ന ഒരമ്മ. മാസങ്ങളോളമായി കെട്ടിക്കിടക്കുന്ന മലിനജലത്തില്‍ നീന്തി പോകാന്‍ പോലും സാധ്യമല്ല.റോഡുമായി 100 അടി ദൂരം മാത്രമേ ഉള്ളു.ഇതേ അവസ്ഥയാണ് ചുറ്റുമുള്ള വീടുകളിലും.
പട്ടികജാതി കോളനിയാണ് ഇവിടം.പ്ലാസ്റ്റിക് ഷീറ്റ് ഇട്ടു മറച്ച വീടുകള്‍ ധാരാളം. ശൗചാലയങ്ങളില്ല കുടിവെള്ളമില്ല , തൊഴില്‍ എടുത്തു ജീവിക്കാന്‍ ആകില്ല, അഴുക്കു ചാലുകളില്ല ,അടഞ്ഞു കിടക്കുന്ന മാന്‍ഹോളുകള്‍ ദുരിതത്തിന്റെ ആക്കം കൂട്ടും. ആരോഗ്യ സംരക്ഷണത്തിനായി ഒരു നടപടിയും ഇതുവരെ സ്വീകരിച്ചിട്ടില്ല. സര്‍ക്കാര്‍ കൊട്ടിഘോഷിക്കുന്ന ഭവന നിര്‍മ്മാണ പദ്ധതി,ആരോഗ്യ സുരക്ഷ പദ്ധതി , കുടിവെള്ള പദ്ധതികളും ഒന്നും എത്തി നോക്കാത്ത ഈ പട്ടികജാതി കോളനികള്‍ മനസ്സാക്ഷി മരവിച്ച അധികാരി വര്‍ഗ്ഗത്തിന്റെ വേദനിപ്പിക്കുന്ന അവഗണനയുടെ നേര്‍ചിത്രങ്ങളാണ് .
പാവങ്ങള്‍ക്ക് വീട് വെക്കാനും ശൗചാലയങ്ങള്‍ പണിയാനും ഗ്രാമ പഞ്ചായത്തിന് കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ പണം എന്ത് ചെയ്തു എന്ന് കേരള സര്‍ക്കാരും ഗ്രാമ പഞ്ചായത്തും ഈ പ്രദേശത്തെ ജനങ്ങളോട് വിശദീകരിക്കണം.

LEAVE A REPLY

Please enter your comment!
Please enter your name here