കേരളപ്പിറവി ദിനത്തില്‍ വാളയാര്‍ കുഞ്ഞുങ്ങള്‍ക്കുവേണ്ടി ഉണ്ണാവ്രതമിരിക്കാന്‍ കുമ്മനത്തിന്റെ അഭ്യര്‍ത്ഥന

0

കേരളം പിറന്നിട്ട് 63 കൊല്ലം തികയുമ്പോള്‍ നമ്മള്‍ എവിടെ എത്തിനില്‍ക്കുന്നൂവെന്ന് കാണിക്കുന്നതാണ് വാളയാറിലെ കുഞ്ഞുങ്ങള്‍ക്ക് സംഭവിച്ചതെന്ന് കുമ്മനം രാജശേഖരന്‍. അതുകൊണ്ട്് നവംബര്‍ 1 -ന് ഉണ്ണാവ്രതമിരിക്കുമെന്നും തങ്ങളാലാവുന്ന വിധം പ്രതിഷേധം സര്‍ക്കാരിനെ അറിയിക്കണമെന്നും കുമ്മനം ഫെയ്‌സ്ബുക്കില്‍ കുറിച്ചു. കറുത്ത വസ്ത്രങ്ങളണിയണമെന്നും ‘ഓര്‍ക്കുക , കുഞ്ഞുങ്ങളുടെ കണ്ണുനീര്‍ കാണാത്ത കോയ്മകള്‍ കടലെടുക്കുമെന്നും ഓര്‍മ്മപ്പെടുത്തിയാണ് അദ്ദേഹം പോസ്റ്റ് അവസാനിപ്പിക്കുന്നത്.

പൂര്‍ണ്ണരൂപം:

സുഹൃത്തുക്കളെ
നാളെ കേരള പിറവിയാണ് ,
മലബാറിയും തിരുവിതാകൂറുകാരനും കൊച്ചിക്കാരനുമായിരുന്ന മലയാളി കേരളം എന്ന അസ്തിത്വത്തെ പുല്കിയതിന്റെ 63 ആം സുവര്‍ണ വാര്‍ഷികം
ഈ 63 കൊല്ലം കൊണ്ട് നമ്മള്‍ എവിടെയെത്തി എന്നതിന്റെ നേര്‍ക്കാഴ്ചയാണ് നിങ്ങളോരോരുത്തരുടേയും മനസില്‍ ഇന്ന് പതിഞ്ഞു നില്‍ക്കുന്ന വാളയാര്‍ കുഞ്ഞുങ്ങളുടെ തൂങ്ങിയാടുന്ന ശവശരീരങ്ങളുടെ ചിത്രം .
ദില്ലിയിലെ കേരളാ ഹൌസിലുള്‍പ്പെടെ എല്ലായിടത്തും ആഘോഷം കൊണ്ടാടുമ്പോള്‍ എന്റെ മനസില്‍ നിന്നും ആ കുഞ്ഞുങ്ങളുടെ ദീനമായ മുഖം മാത്രം മാഞ്ഞു പോകുന്നില്ല , ആ കുഞ്ഞു മുഖങ്ങള്‍ മറന്നു കൊണ്ട് ഒരാഘോഷം എനിക്കോ നിങ്ങള്‍ക്കോ സാധ്യമല്ലെന്നും ഞാന്‍ വിശ്വസിക്കുന്നു
അത് കൊണ്ട് തന്നെ നാളെ എനിക്ക് കണ്ണുനീര്‍ പിറവിയുടെ ദുഃഖസാന്ദ്രമായ ദിനമാണ് , 63 വര്ഷങ്ങളുടെ ശേഷിപ്പായി കേരള സമൂഹത്തിനു ഈ ലോകത്തിനു മുന്‍പില്‍ വെയ്ക്കാന്‍ നീതിനിഷേധത്തിന്റെയും മനുഷ്യത്വ രാഹിത്യത്തിന്റെയും ഈ ആസുരിക ദൃശ്യം മാത്രമേ ഉള്ളു എന്നത് ഒരു മലയാളി എന്ന നിലയില്‍ എന്നെ അസ്വസ്ഥനും ആകുലനും ആക്കുന്നു
ധര്‍മ്മസങ്കടനത്തിന്റെ ഈ നിമിഷത്തില്‍ എന്റെ അമര്‍ഷവും ദുഖവും ഈ കണ്ണുനീര്‍ പിറവി ദിനത്തില്‍ ഒരു ദിവസത്തെ ഉണ്ണാവൃതമായി പ്രകടിപ്പിക്കുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നു , എന്നോടപ്പം നിങ്ങളും പങ്കു ചേരുമെന്നും അന്നേ ദിവസം കറുത്ത വസ്ത്രങ്ങള്‍ അണിഞ്ഞു മലയാളി സമൂഹത്തിന്റെ രോഷം ഭരണ കേന്ദ്രങ്ങളില്‍ എത്തിക്കുവാന്‍ സഹായിക്കുമെന്നും പ്രതീക്ഷിക്കുന്നു
ഓര്‍ക്കുക , കുഞ്ഞുങ്ങളുടെ കണ്ണുനീര്‍ കാണാത്ത കോയ്മകള്‍ കടലെടുക്കും ,
അവിടേക്കു നാം എത്താതിരിക്കട്ടെ

https://www.facebook.com/watch/?v=423393051919870

LEAVE A REPLY

Please enter your comment!
Please enter your name here