കാഴ്ചയില്ല, കൊന്നത് 13 പേരെ; തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ വീണ്ടും ഉത്സവത്തിനിറക്കാൻ നീക്കം

തിരുവനന്തപുരം: പടക്കം പൊട്ടിയതു കേട്ട് പേടിച്ച് രണ്ടുപേരെ കൊലപ്പെടുത്തിയ ആന തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ വീണ്ടും ഉത്സവത്തിന് എഴുന്നെള്ളിക്കാൻ നീക്കം. ആനയുടെ ആരോഗ്യാവസ്ഥ സംബന്ധിച്ച റിപ്പോര്‍ട്ട് പരിഗണിച്ച് എഴുന്നെള്ളിക്കാൻ അനുമതി നല്‍കാനാണ് നീക്കം. വിഷയത്തിൽ വെള്ളിയാഴ്ച ചേരുന്ന ജില്ലാ നാട്ടാന നിരീക്ഷണ സമിതി യോഗം തീരുമാനമെടുക്കും.

വെള്ളിയാഴ്ച ചേരുന്ന യോഗത്തിൻ്റെ പ്രധാന ഉദ്ദേശം തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ എഴുന്നെള്ളിക്കാൻ അനുമതി നല്‍കുക എന്നതാണെന്നാണ് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട്. 2019 ഫെബ്രുവരിയിലായിരുന്നു അവസാനമായി ഈ ആന രണ്ടുപേരെ കൊലപ്പെടുത്തിയത്. ഗുരുവായൂര്‍ കോട്ടപ്പടിയിലെ ഗൃഹപ്രവേശ ചടങ്ങിനിടെ പടക്കം പൊട്ടിച്ചതുകേട്ട് ആന വിരണ്ടോടുകയായിരുന്നു. ഈ സംഭവത്തിനു ശേഷം ആനയ്ക്ക് വിലക്കേര്‍പ്പെടുത്തിയെങ്കിലും രണ്ട് വര്‍ഷത്തിനു ശേഷം വീണ്ടും എഴുന്നെള്ളിപ്പിന് അനുമതി നല്‍കാനാണ് നീക്കം.

കഴിഞ്ഞ വര്‍ഷം മാര്‍ച്ചിൽ കര്‍ശന നിയന്ത്രണങ്ങളോടെ പാലക്കാട്, തൃശൂര്‍ ജില്ലകളിൽ മാത്രം ആനയെ എഴുന്നെള്ളിക്കാൻ അനുമതി നല്‍കിയിരുന്നു. എന്നാൽ നിയന്ത്രണങ്ങള്‍ പൂര്‍ണമായി പിൻവലിച്ച് അനുമതി നല്‍കാനാണ് നീക്കം.

കേരളത്തിൽ ഇന്ന് ജീവിച്ചിരിക്കുന്നതിൽ ഏറ്റവും തലപ്പൊക്കമുള്ള ആനയെന്ന വിശേഷണമുള്ള തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് സ്വന്തമായി ഫാൻസ് ഗ്രൂപ്പുകള്‍ വരെയുണ്ട്. ആറു പാപ്പാന്മാര്‍ ഉള്‍പ്പെടെ 13 പേരെ കൊന്ന ചരിത്രവും തെച്ചിക്കോട്ടുകാവ് രാമചന്ദ്രനുണ്ട്. എന്നാൽ തെച്ചിക്കോട്ടുകാവ് ദേവസ്വത്തിൻ്റെ ഉടമസ്ഥതയിലുള്ള രാമചന്ദ്രന് ഒരു ദിവസത്തെ ഏക്കത്തുക 2.75 ലക്ഷം രൂപ വരെയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

വലതുകണ്ണിനു പൂര്‍ണമായും ഇടതുകണ്ണിന് ഭാഗികമായും കാഴ്ച ശക്തിയില്ലാത്ത രാമചന്ദ്രന് 1984ലാണ് രാമചന്ദ്രൻ എന്ന പേരു വരുന്നത്. അസമിൽ നിന്ന് ബിഹാറിലെത്തിച്ച മോട്ടി പ്രസാദ് എന്ന ആനയെ ദേവസ്വം വാങ്ങിയ ശേഷം രാമചന്ദ്രൻ എന്ന പേരു വല്‍കുകയായിരുന്നു.

നിരവധി പേരെ കൊലപ്പെടുത്തിയ ചരിത്രമുള്ള ആനയെ രണ്ട് വര്‍ഷം മുൻപ് തൃശൂര‍് പൂരത്തിന് ഉപയോഗിക്കാനായി ചീഫ് വൈൽഡ് ലൈഫ് വാര്‍ഡൻ്റെ നിര്‍ദേശപ്രകാരം ആരോഗ്യനില പരിശോധിക്കാനായി വിദഗ്ധ സംഘം എത്തിയിരുന്നെങ്കിലും സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങി തിരിച്ചു കൊണ്ടുപോയതായി 2019 മെയിൽ മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കാഴ്ച ശക്തിയില്ലാത്ത ആനയെ നാലു പാപ്പാന്മാര്‍ ചേര്‍ന്നാണ് കൊണ്ടുപോകുന്നതെന്നും ഇതാണ് ആക്രമണത്തിന് ഇടയാക്കുന്നതെന്നുമാണ് ആരോപണം. ഇതിനു പിന്നാലെയാണ് രണ്ട് പേരെക്കൂടി ആന കൊലപ്പെടുത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here