ഇറാന്‍ ജനറലിനെ കൊലപ്പെടുത്തിയ കേസ്; ഡൊണാള്‍ഡ് ട്രംപിന് അറസ്റ്റ് വാറന്റ്

ബഗ്ദാദ്: ഇറാനിലെ സൈനിക ജനറല്‍ ഖാസിം സുലൈമാനിയെ കൊലപ്പെടുത്തിയ കേസില്‍, സ്ഥാനമൊഴിയുന്ന അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് അറസ്റ്റ് വാറണ്ട്. ബഗ്ദാദ് കോടതിയാണ് വാറണ്ട് പുറപ്പെടുവിച്ചത്. കഴിഞ്ഞ വര്‍ഷം ജനുവരിയിലാണ് ഖാസിം സുലൈമാനിയെയും ഇറാഖിലെ മഹ്ദി അല്‍ മുഹന്ദിസിനെയും ഡ്രോണ്‍ ആക്രമണത്തില്‍ അമേരിക്കന്‍ സൈന്യം കൊലപ്പെടുത്തിയത്. ഇറാഖ് സന്ദര്‍ശനം പൂര്‍ത്തിയാക്കി ഇറാനിലേക്ക് തിരിക്കാന്‍ ബഗ്ദാദിനെ വിമാനത്താവളത്തിലേക്ക് പോകുകയായിരുന്നു ഇരുവരും. ഈ വേളയിലാണ് അമേരിക്കന്‍ മിസൈല്‍ പതിച്ചതും രണ്ട് നേതാക്കളും കൊല്ലപ്പെട്ടതും.

ഇറാഖ് സര്‍ക്കാരിന്റെ അംഗീകാരമുള്ള ഷിയാ സായുധ സംഘത്തിന്റെ ഡെപ്യൂട്ടി നേതാവാണ് മുഹന്ദിസ്. ഐസിസിനെതിരെ പോരാടാന്‍ ഇറാഖ് സര്‍ക്കാര്‍ ഇവര്‍ക്ക് അംഗീകാരം കൊടുത്തിരുന്നു. ഇറാന്‍ സൈന്യത്തിലെ ഖുദ്‌സ് ഫോഴ്‌സിന്റെ മേധാവിയായിരുന്നു ഖാസിം സുലൈമാനി. ഇരുവരെയും കൊലപ്പെടുത്താന്‍ നിര്‍ദേശം നല്‍കിയത് അമേരിക്കന്‍ പ്രസിഡന്റ് ട്രംപ് ആയിരുന്നു. തുടര്‍ന്നാണ് ട്രംപിനെതിരെ ഇറാഖ് പോലീസ് കേസെടുത്തത്. ഈ കേസിലാണ് വാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നത്. വധശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് ട്രംപിനെതിരെ ചുമത്തിയിട്ടുള്ളത്.

മറ്റൊരു രാജ്യത്തിന്റെ പ്രസിഡന്റായതിനാല്‍ വാറണ്ട് പ്രതീകാത്മകം മാത്രമാകുമെന്നാണ് കരുതുന്നത്. മുഹന്ദസിന്റെ ബന്ധുക്കളുടെ മൊഴി എടുത്ത ശേഷമാണ് കോടതി വാറണ്ട് പുറപ്പെടുവിച്ചത്. വാറണ്ടുള്ളതിനാല്‍ ഭാവിയില്‍ ട്രംപിന് ഇറാഖ് സന്ദര്‍ശിക്കുന്നത് പ്രയാസകരമാകും. എന്നാല്‍ പ്രസിഡന്റ് പദവി ഒഴിയുന്നതിനാല്‍ ട്രംപ് ഇറാഖിലേക്ക് ഇനി വരുന്നതിന് സാധ്യതയും കുറവാണ്.

ഖാസിം സുലൈമാനിയെയും മുഹന്ദിസിനെയും വധിച്ച ആക്രമണം ഇറാഖ്-അമേരിക്ക ബന്ധത്തില്‍ ഉലച്ചിലുണ്ടാക്കിയിരുന്നു. അമേരിക്കന്‍ സൈന്യത്തെ രാജ്യത്ത് നിന്ന് പുറത്താക്കണമെന്ന് ഷിയാ പാര്‍ലമെന്റംഗങ്ങള്‍ പ്രമേയം അവതരിപ്പിച്ചു. ഈ സംഭത്തിന് ശേഷം ഇറാഖിലെ അമേരിക്കന്‍ സൈന്യത്തിന് നേരെ ആക്രമണമുണ്ടായിരുന്നു. തുടര്‍ന്ന് ഇറാഖിലെ അമേരിക്കന്‍ കാര്യാലയം അടച്ചുപൂട്ടുകയും ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here