ന്യൂഡല്‍ഹി: പിജി മെഡിക്കല്‍ കൗണ്‍സിലിങ്ങ് നടത്താന്‍ സുപ്രീം കോടതിയുടെ അനുമതി നല്കി. അഖിലേന്ത്യാ മെഡിക്കല്‍ ക്വോട്ടയില്‍ മുന്നാക്ക വിഭാഗം (ഇഡബ്ല്യുഎസ്), മറ്റു പിന്നാക്ക വിഭാഗ,(ഒബിസി) സംവരണം ഏര്‍പ്പെടുത്തിയതു ചോദ്യം ചെയ്തുള്ള ഹര്‍ജികളിലെ തീര്‍പ്പു വൈകിയതു കൗണ്‍സിലിങ് അനിശ്ചിതത്വത്തിലാക്കിയിരുന്നു. കേസില്‍ രണ്ടു ദിവസം തുടര്‍ച്ചയായി വാദം കേട്ട കോടതി കൗണ്‍സിലിങ് ഒട്ടും വൈകാതെ തുടങ്ങാന്‍ അനുവദിച്ചു. കേന്ദ്രസര്‍ക്കാരിന്റെ വാദങ്ങള്‍ അംഗീകരിച്ചാണു കോടതി വിധി.
അഖിലേന്ത്യ ക്വോട്ടയില്‍ 27% സംവരണം അനുവദിക്കുന്നതിന്റെ ഭരണഘടനാ സാധുത ജഡ്ജിമാരായ ഡി.വൈ.ചന്ദ്രചൂഡ്, എ.എസ്.ബൊപ്പണ്ണ എന്നിവരുള്‍പ്പെട്ട ബെഞ്ച് ഇടക്കാല ഉത്തരവിലൂടെ ശരിവച്ചു. 8 ലക്ഷം രൂപ വരുമാന പരിധി ഉള്‍പ്പെടെ മുന്നാക്ക സംവരണം നടപ്പാക്കുമ്പോഴുള്ള മാനദണ്ഡങ്ങളുടെ കാര്യത്തിലും ഈ വര്‍ഷം മാറ്റമില്ല. മുന്നാക്ക സംവരണം ഭാവിയില്‍ നടപ്പാക്കുമ്പോഴുള്ള വ്യവസ്ഥകള്‍ ഹര്‍ജികളിലെ അന്തിമ തീര്‍പ്പിന്റെ അടിസ്ഥാനത്തിലാകും.