ബംഗളൂരു: മദ്യലഹരിയിലെത്തിയ ആൾ തീകൊളുത്തിയ വീടിനുള്ളിൽ അകപ്പെട്ട ആറു പേർക്ക് ദാരുണാന്ത്യം. പൊള്ളലേറ്റ നാലുപേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. മടികേരി പൊന്നംപേട്ടിന് സമീപം കഴിഞ്ഞ ദിവസമാണ് ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്. കുടുംബവഴക്കാണ് ക്രൂരമായ കുറ്റകൃത്യത്തിലേക്ക് നയിച്ചതെന്നാണ് സൂചന. സംഭവത്തിൽ യെറവര ബോജ എന്നയാൾക്കായി പോലീസ് തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്.
എസ്റ്റേറ്റ് തൊഴിലാളിയാണ് ബോജ. പൊലീസ് പറയുന്നതനുസരിച്ച് ഇയാളും ഭാര്യ ബാബിയും തമ്മിൽ കലഹം പതിവായിരുന്നു. ഭർത്താവുമായി ഒത്തുചേരാതെ വന്നതോടെ ഒരാഴ്ച മുമ്പ് ബാബി വീടു വിട്ട് തന്റെ സഹോദരനായ മഞ്ജുവിനൊപ്പം താമസിക്കാൻ തുടങ്ങി. കഴിഞ്ഞ ദിവസം പുലർച്ചെ രണ്ട് മണിയോടെ മദ്യ ലഹരിയിലെത്തിയ ബോജ വീടിന് തീകൊളുത്തുകയായിരുന്നു.
വീട് പുറത്തു നിന്ന് പൂട്ടിയ ശേഷം മേൽക്കൂരയിൽ കയറി, അകത്തേക്ക് പെട്രോളൊഴിച്ച ശേഷം തീകൊളുത്തുകയായിരുന്നു എന്നാണ് പോലീസ് പറയുന്നത്. ബാബി (40), ബന്ധുവായ സീതെ (45), സഹോദരന്റെ മക്കളായ പ്രകാശ് (6), വിശ്വാസ് (7), ബന്ധുവായ തോലയുടെ മകനായ ആറുവയസുകാരൻ എന്നിവരാണ് കൊല്ലപ്പെട്ടത്. വീട് അഗ്നിക്കിരയായ സമയത്ത് മഞ്ജുവും തോലയും ഇവിടെയുണ്ടായിരുന്നില്ല. വീട് കത്തുന്നത് കണ്ട് ഓടിയെത്തിയ ഇവരാണ് ബാക്കിയുള്ളവരെ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചത്. ഇവർ മടികേരി, മൈസൂരു ആശുപത്രികളിലായി ചികിത്സയിൽ തുടരുകയാണ്.
മൈസൂരു ഐജി പ്രവീൺ മധുകർ പവാർ, കൊഡക് എസ് പി ക്ഷമ മിശ്ര എന്നിവർ സംഭവ സ്ഥലം സന്ദര്‍ശിച്ച് പരിശോധന നടത്തി. ബോജയ്ക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും ഇയാള്‍ക്കായി തിരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ടെന്നും പോലീസ് വ്യക്തമാക്കി.