ന്യൂഡല്‍ഹി: മറാഠി സാഹിത്യകാരനും ദളിത് സാഹിത്യരംഗത്തെ പ്രശസ്തനുമായ ഡോ. ശരണ്‍കുമാര്‍ ലിമ്പാളെയ്ക്ക് സരസ്വതി സമ്മാന്‍ പുരസ്കാരം. സാഹിത്യ രംഗത്ത് രാജ്യത്ത് നല്കുന്ന പരമോന്നത പുരസ്കാരമാണ് സരസ്വതി സമ്മാന്‍ പുരസ്കാരം. 2018ല്‍ പുറത്തിറങ്ങിയ ലിമ്പാളെയുടെ സനാതന്‍ എന്ന കൃതിക്കാണ് അംഗീകാരം ലഭിച്ചത്. 15 ലക്ഷം രൂപയും ഫലകവും പ്രശസ്തി പത്രവും അടങ്ങിയതാണ് പുരസ്കാരം.
ദലിത് ജീവിത പ്രാരാബ്ദങ്ങളും പ്രതിസന്ധികളും വിവരിക്കുന്ന ചരിത്ര പ്രാധാന്യമുള്ള കൃതിയാണ് ലിമ്പാളെയുടെ സനാതന്‍. മുഗള്‍, ബ്രിട്ടീഷ് കാലഘട്ടത്തെ സാമൂഹിക ചരിത്രം ഈ കൃതിയില്‍ തുറന്നു കാട്ടുന്നു. ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തില്‍ ദലിത്, ഗോത്ര വര്‍ഗങ്ങള്‍ വഹിച്ച പങ്ക് നിഷേധിക്കപ്പെട്ടതിന്റെ ചരിത്രവും കൃതിയില്‍ ലിമ്പാളെ വിശദീകരിക്കുന്നു.
മഹാരാഷ്ട്രയിലെ സോളാപുരിലെ ഹന്നൂര് ഗ്രമത്തിലാണ് ഡോ. ശരണ്‍ കുമാര്‍ ലിമ്പാളെ ജനിച്ചത്. കോലാപുര്‍ ശിവാജി സര്‍വകലാശാലയില്‍ നിന്ന് മറാഠി ഭാഷയില്‍ ബിരുദാനന്തര ബിരുദം നേടി. ശേഷം മറാഠി ദലിത് സാഹിത്യത്തെക്കുറിച്ചും അമേരിക്കന്‍ കറുത്ത സാഹിത്യത്തെക്കുറിച്ചുമുള്ള പഠനത്തില്‍ പിഎച്ച്ഡി നേടുകയും ചെയ്തു. ശിവാജി സര്‍വലാശാലയില്‍ പ്രൊഫസറായും ഡയറതക്ടറുമായി പ്രവര്‍ത്തിച്ചിട്ടുണ്ട്.
അദ്ദേഹത്തിന്റെ ആത്മകഥ അക്കര്‍മാശി മലയാളം ഉള്‍പ്പെടെ നിരവധി ഭാഷകളില്‍ മൊഴിമാറ്റം നടത്തുകയും നിരവധി ദേശീയ, രാജ്യാന്തര പുരസ്കാരങ്ങള്‍ പുസ്തകത്തെ തേടി എത്തുകയും ചെയ്തു. മലയാളത്തില്‍ നിന്ന് ബാലാമണിയമ്മ, കെ അയ്യപ്പപ്പണിക്കര്‍, സുഗതകുമാരി എനനിവര്‍ സരസ്വതി സമ്മാന്‍ പുരസ്കാരത്തിന് അര്‍ഹരായിട്ടുണ്ട്. ഓരോ വര്‍ഷവും ഇന്ത്യന്‍ ഭാഷകളിലെ മികച്ച സാഹിത്യത്തിനാണ് പുരസ്കാരം നല്‍കുന്നത്.
ഓരോ വർഷവും ഇന്ത്യൻ ഭാഷകളിൽ നിന്നുള്ള മികച്ച സാഹിത്യസൃഷ്ടിക്ക് നൽകിവരുന്ന ഒരു പുരസ്ക്കാരമാണ് സരസ്വതി സമ്മാൻ. ഹിന്ദുപുരാണങ്ങളിലെ വിദ്യാദേവിയായ സരസ്വതിയാണ് പേരിന്റെ ആധാരം. 1991-ൽ കെ.കെ.ബിർള ഫൗണ്ടേഷൻ ആണ് ഇത് രൂപീകരിച്ചത്.
ഇന്ത്യൻ ഭരണഘടനയുടെ എട്ടാം പട്ടികയിലുൾപ്പെടുന്ന ഭാഷകളിൽ രചിച്ചിട്ടുള്ള ഗദ്യ-പദ്യ കൃതികൾക്കാണ് ഈ സമ്മാനം നൽകുന്നത്. സാഹിത്യരംഗത്ത് ഇന്ത്യയിൽ നൽകുന്ന ഏറ്റവും മികച്ച പുരസ്കാരമായി സരസ്വതി സമ്മാൻ കണക്കാക്കപ്പെടുന്നു. 15 ലക്ഷം ഇന്ത്യൻ രൂപയും സമ്മാനഫലകവും പ്രശസ്തിപത്രവുമടങ്ങുന്നതാണ് പുരസ്കാരം.
പണ്ഡിതരും സാഹിത്യപ്രതിഭകളുമടങ്ങുന്ന ഒരു പാനലാണ് കഴിഞ്ഞ 10 വർഷത്തിനുള്ളിൽ പ്രസിദ്ധീകരിക്കപ്പെട്ട സാഹിത്യകൃതികളിൽ നിന്നും വിജയിയെ തിരഞ്ഞെടുക്കുന്നത്. നൂറ്റാണ്ടിന്റെ കവി എന്നറിയപ്പെടുന്ന ഹരിവംശ്റായി ബച്ചനാണ് ഈ പുരസ്കാരം ആദ്യമായി ലഭിച്ചത്.