ഡല്‍ഹി: കേന്ദ്രത്തിന്റെ കാര്‍ഷിക നിയമങ്ങളുടെ ഗുണം കര്‍ഷകര്‍ക്ക് ലഭിക്കാന്‍ അല്‍പം കാത്തിരിക്കണമെന്ന് പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്. അതുവരെ കര്‍ഷകര്‍ കാത്തിരിക്കണമെന്നും പ്രയോജനമില്ലാത്ത പക്ഷം ചര്‍ച്ചകളിലൂടെ നിയമഭേദഗതി കൊണ്ടുവരാമെന്നും അദ്ദേഹം പറഞ്ഞു

1991ല്‍ നടപ്പിലാക്കിയ സാമ്ബത്തിക പരിഷ്‌കരണങ്ങളുടെ ഗുണങ്ങള്‍ ലഭിക്കാന്‍ നാല്-അഞ്ച് വര്‍ഷം വരെ എടുത്തിരുന്നു. അത്രയും കാത്തിരിക്കേണ്ടതില്ലെങ്കിലും രണ്ട് വര്‍ഷം വരെ കാത്തിരുന്നാല്‍ നരേന്ദ്രമോദി സര്‍ക്കാര്‍ കൊണ്ടുവന്ന പുതിയ കാര്‍ഷിക നിയമങ്ങളുടെ ഗുണങ്ങള്‍ക്ക് സാക്ഷികളാവാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബിജെപി സര്‍ക്കാര്‍ ഹിമാചല്‍ പ്രദേശില്‍ മൂന്നുവര്‍ഷം പിന്നിടുന്നതിന്റെ പശ്ചാത്തലത്തില്‍ വീഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെ ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നിയമങ്ങള്‍ നടപ്പിലായാല്‍ കര്‍ഷകരുടെ വരുമാനം ഇരട്ടിയാവും കൃഷിയെക്കുറിച്ച്‌ അറിവില്ലാത്തവര്‍ കാര്‍ഷിക നിയമങ്ങളെക്കുറിച്ച്‌ കര്‍ഷകരില്‍ തെറ്റിദ്ധാരണ ഉണ്ടാക്കുന്നത് ദൗര്‍ഭാഗ്യകരമാണ്. എംഎസ്പി നിര്‍ത്തലാക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ല, ഭാവിയിലും അത് ഉണ്ടാവില്ല. സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ചന്തകളും നിലനിര്‍ത്തപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം ഡല്‍ഹി അതിര്‍ത്തിയിലെ കര്‍ഷക പ്രക്ഷോഭം ഇന്ന് മുപ്പത്തിരണ്ടാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. സര്‍ക്കാര്‍ വിളിച്ച ചര്‍ച്ചയില്‍ പങ്കെടുക്കുമെന്ന് കര്‍ഷക സംഘടനകള്‍ തീരുമാനിച്ചിട്ടുണ്ട്. 29ന് രാവിലെ 11 മണിക്കാകും ചര്‍ച്ച. നിയമങ്ങള്‍ പിന്‍വലിക്കണമെന്ന നിലപാടില്‍ യാതൊരു മാറ്റവും ഇല്ലെന്ന് വ്യക്തമാക്കി തന്നെയാകും ചര്‍ച്ചയില്‍ പങ്കെടുക്കുക എന്ന് കര്‍ഷക നേതാക്കള്‍ അറിയിച്ചു. അതേസമയം കാര്‍ഷിക നിയമം പിന്‍വലിക്കണമെന്ന വ്യവസ്ഥ അംഗീകരിക്കാനാവില്ലെന്നാണ് കേന്ദ്രസര്‍ക്കാരും ആവര്‍ത്തിക്കുന്നത്. 

LEAVE A REPLY

Please enter your comment!
Please enter your name here