ട്രെയിനില്‍ മഴ നനഞ്ഞു; യാത്രക്കാരന് 8,000 രൂപ നഷ്ടപരിഹാരം, വിധി 7 വര്‍ഷത്തിന് ശേഷം

തൃശൂര്‍: ട്രെയിനില്‍ മഴ നനഞ്ഞ സംഭവത്തില്‍ യാത്രക്കാരന്‍ നടത്തിയ നിയമപോരാട്ടത്തില്‍ ഏഴു വര്‍ഷത്തിനുശേഷം അനുകൂല വിധി. ജനാലയുടെഷട്ടര്‍ തകരാര്‍മൂലം അടയാതിരുന്നതാണ് യാത്രക്കാരന്‍ മഴ നനയേണ്ടി വന്നത്. പറപ്പൂര്‍ തോളൂര്‍ സ്വദേശി പുത്തൂര്‍ വീട്ടില്‍ സെബാസ്റ്റ്യനാണ് ഉപഭോക്തൃ കോടതിയില്‍നിന്ന് അനുകൂലവിധി ലഭിച്ചത്. സെബാസ്റ്റ്യന്‍ 8,000 രൂപ റെയില്‍വേ നഷ്ടപരിഹാരം നല്‍കാനാണ് ഉപഭോക്തൃതര്‍ക്ക പരിഹാര കോടതിയുടെ വിധി.

തൃശൂര്‍ സെന്റ് തോമസ് കോളജില്‍ സൂപ്രണ്ടായി ജോലി ചെയ്യുന്ന സെബാസ്റ്റ്യന്‍ തിരുവനന്തപുരത്തേക്കു ഔദ്യോഗിക ആവശ്യത്തിനുള്ള യാത്രയ്ക്കിടയിലാണു ജനശാതാബ്ദി ട്രെയിനില്‍ മഴ നനയേണ്ടി വന്നത്. വിന്‍ഡോ സീറ്റിലിരുന്ന സെബാസ്റ്റ്യന്‍ അടിമുടി നനഞ്ഞു. ഷട്ടര്‍ ശരിയാക്കണമെന്നു ടിടിആറിനോട് ആവശ്യപ്പെട്ടപ്പോള്‍ എറണാകുളത്തെത്തുമ്പോള്‍ ശരിയാക്കാമെന്ന ഒഴുക്കന്‍ മറുപടിയാണു ലഭിച്ചത്.

എറണാകുളം സൗത്ത് സ്റ്റേഷനില്‍ പത്തു മിനുട്ടിലധികം നിര്‍ത്തിയിട്ടെങ്കിലും ഷട്ടര്‍ ശരിയാക്കിയില്ല. ഷട്ടര്‍ ശരിയാക്കാമെന്നു പറഞ്ഞ ടിടിഇയെ പിന്നീടു കണ്ടില്ല. തിരുവനന്തപുരംവരെ സെബാസ്റ്റ്യന് മഴ നനഞ്ഞു യാത്ര ചെയ്യേണ്ടി വന്നു. തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ഇറങ്ങി തിരുവനന്തപുരത്തെ സ്റ്റേഷന്‍ മാസ്റ്റര്‍ക്കും പരാതി നല്‍കി. ഈ പരാതിയില്‍ തുടര്‍ നടപടികള്‍ ഒന്നും ഉണ്ടായില്ലെന്നു സെബാസ്റ്റ്യന്‍ പറഞ്ഞു. ഇതോടെയാണ് താന്‍ ഉപഭോക്തൃ തര്‍ക്ക പരിഹാര കോടതിയെ സമീപിച്ചതെന്നും അദ്ദേഹം പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here