കൊച്ചി: പോപ്പുലര്‍ ഫ്രണ്ടിന്റെ ബാങ്ക് അക്കൗണ്ടിലേക്ക് നൂറ് കോടിയിലധികം രൂപയെത്തിയെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കോടതിയില്‍. എറണകുളം പ്രിന്‍സിപ്പല്‍ സെക്ഷന്‍സ് കോടതിയിലാണ് ഇക്കാര്യം അറിയിച്ചത്. ക്യാമ്ബസ് ഫ്രണ്ട് ദേശീയ ജനറല്‍ സെക്രട്ടറി റൗഫ് ശരീഫിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് ഈ വിവരം ലഭിച്ചതെന്ന് ഇഡി വ്യക്തമാക്കി.
2019 ഡിസംബര്‍ മുതല്‍ 2020 ഫെബ്രുവരി വരെ പോപ്പുലര്‍ ഫ്രണ്ടിന്റെ അക്കൗണ്ടിലേക്കെത്തിയ പണം സിഎഎ വിരുദ്ധ സമരത്തിന് വേണ്ടി ചെലവഴിച്ചുവെന്ന് സംശയിക്കുന്നതായും ഇഡി കോടതിയെ അറിയിച്ചു. കൂടാതെ പണം ആരൊക്കെയാണ് നിക്ഷേപിച്ചതെന്ന് കണ്ടെത്തേണ്ടതുണ്ട്. റൗഫ് ശരീഫാണ് യുപിയില്‍ അറസ്റ്റിലായ മാധ്യമപ്രവര്ത്തകന് സിദ്ദിഖ് കാപ്പനെ ഹഥ്റാസിലേക്ക് അയച്ചതെന്നും ഇഡി പറയുന്നു. ഹഥ്റാസില് കലാപത്തിന് ശ്രമം നടന്നെന്നും ഇതിന്റെ വിശദാംശങ്ങള്‍ അന്വേഷിക്കേണ്ടതുണ്ടെന്നും ദശീയ അന്വേഷണ ഏജന്‍സി കോടതിയെ അറിയിച്ചു.
എന്നാല്‍ അന്വേഷണ സംഘം തന്നെ മാനസികമായി പീഡിപ്പിച്ചെന്നും പണം ലഭ്യമായത് ഒമാനില്‍ നിന്ന് തന്റെ കയറ്റുമതി സ്ഥാപനത്തില്‍ നിന്നുമാണെന്നും റൗഫ് വ്യക്തമാക്കി. പ്രതിയെ മാനസികമായും ശരീരികമായും പീഡിപ്പിക്കരുതെന്നും ഇത്തരത്തിലുള്ള പരാതി ഇനി ഉയരാന്‍ പാടില്ലെന്നും കോടതി ഇഡിക്ക് നിര്‍ദേശം നല്കി.