കൊറോണ വൈറസ് കേസുകൾ വീണ്ടും വർദ്ധിച്ചതോടെ സോഷ്യൽ മീഡിയയിൽ വളർത്തു മൃഗങ്ങളെക്കുറിച്ചും വളർത്തുമൃഗങ്ങളുടെ സംരക്ഷണത്തെക്കുറിച്ചുമുള്ള ഹൃദയസ്പർശിയായ പോസ്റ്റുകൾ നിറയാൻ തുടങ്ങി. കൊറോണ വൈറസിന്റെ രണ്ടാം തരംഗം രാജ്യത്തുടനീളം ഉയർന്നതോടെ മിക്ക സംസ്ഥാന സർക്കാരുകളും വീണ്ടും കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ തുടങ്ങി. സ്വയം മാസ്ക് ധരിക്കാതെ നായയ്ക്ക് മാസ്ക് നൽകി നടന്ന് നീങ്ങുന്നയാളുടെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്.

ഇൻസ്റ്റാഗ്രാമിൽ പ്രത്യക്ഷപ്പെട്ട വീഡിയോയിൽ, വൃദ്ധനും നിരാലംബനുമാണെന്ന് തോന്നുന്നയാൾ നായയെ ചുമലിൽ ചുമന്ന് നടക്കുന്നത് കാണാം. നായയുടെ മൂക്കും വായും മറച്ച് മാസ്കും ധരിപ്പിച്ചിട്ടുണ്ട്. എന്നാൽ, നായയെ ചുമക്കുന്നയാൾ മാസ്ക് ധരിച്ചിട്ടില്ല. വീഡിയോയെടുത്തയാൾ എന്തിനാണ് നായയ്ക്ക് മാസ്ക് ധരിച്ചിരിക്കുന്നതെന്ന് ചോദിക്കുമ്പോൾ ‘ഇത് എന്റെ കുഞ്ഞാണ്. എനിക്ക് എന്ത് സംഭവിച്ചാലും ഇവന് ഒന്നും സംഭവിക്കരുതെന്നാണ്’. മറുപടി പറയുന്നത്. ‘ഞാൻ മരിച്ചാലും എന്റെ നായയെ മരിക്കാൻ അനുവദിക്കില്ലെന്നും’ ഇയാൾ പറയുന്നുണ്ട്.

വീഡിയോയിലെ മനുഷ്യന്റെ ഹൃദയസ്പർശിയായ പ്രതികരണമാണ് ഇന്റർനെറ്റിൽ ആളുകളെ ആകർഷിച്ചിരിക്കുന്നത്. ഫേസ്മാസ്ക് ധരിച്ച് വൈറലാകുന്ന ആദ്യത്തെ നായയല്ല ഇത്. ഇന്ത്യ ഉൾപ്പെടെയുള്ള ലോകരാജ്യങ്ങൾ കോവിഡ് -19 മഹാമാരിയുടെ രണ്ടാം തരംഗത്തിലൂടെ കടന്നു പോകുകയാണ്. കഴിഞ്ഞ വർഷം ഓഗസ്റ്റിൽ ഇക്വഡോറിലെ അംബാറ്റോയിൽ ഒരു ആൺകുട്ടി തന്റെ വളർത്തു നായയ്ക്ക് മുഖംമൂടി വച്ച് നൽകുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.

ഇന്ത്യൻ നായകളായ ചിപ്പിപരായ്, കോക്കർ സ്പാനിയേൽ എന്നിവക്ക് കോറോണ വൈറസ് ബാധ മണത്തറിയാനുള്ള പരിശീലനം നൽകിക്കൊണ്ടിരിക്കുകയാണെന്നും ചില വാർത്തകൾ പുറത്തു വന്നിരുന്നു. ആളുകളുടെ വിയർപ്പിന്റെയും മൂത്രത്തിന്റെയും സാംപിളുകൾ പരിശോധിച്ച് നിമിഷങ്ങൾക്കുള്ളിൽ കോവിഡ് ബാധ കണ്ടെത്താൽ ഇതുവഴി സാധിക്കും. ജയ, മണി എന്നിവയുൾപ്പെടെ ഏഴു മിലിറ്ററി നായകളെ കോവിഡ് കണ്ടെത്താൻ ഇന്ത്യ പരിശീലിപ്പിക്കുന്നുണ്ടെന്നാണ് വിവരം. കഴിഞ്ഞവർഷം സെപ്റ്റംബർ മുതൽ ഈ ടാസ്ക് തുടങ്ങിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here