പരീക്ഷാ പേ ചർച്ച; പരീക്ഷാപ്പേടി വേണ്ടെന്ന് കുട്ടികളോട് പ്രധാനമന്ത്രി

ഡൽഹി: ഭൂമിശാസ്ത്രം പഠിപ്പിക്കാൻ ലതാ മങ്കേഷ്ക്കറിന് കഴിയുമോ? താൻ ഭയപ്പെടുന്ന വിഷയങ്ങൾ തനിക്ക് എങ്ങനെ പഠിക്കാൻ കഴിയുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ചോദിച്ച വിദ്യാർത്ഥിയോടാണ് പ്രധാനമന്ത്രി ഇത്തരത്തിൽ ഒരു മറുചോദ്യം ചോദിച്ചത്. പ്രധാനമന്ത്രിയുടെ പരീക്ഷാ പേ ചർച്ച ആയിരുന്നു വേദി.

വിജയം കൈവരിച്ച വ്യക്തികൾ അവരുടെ ശക്തിയിൽ ശ്രദ്ധ കേന്ദ്രീകരിച്ചവരാണ്. ചില വിഷയങ്ങൾ ഇഷ്ടപ്പെടാതിരിക്കുന്നതും വിഷമകരമാകുന്നതും ഒക്കെ സംഭവിക്കാവുന്നതാണ്. പക്ഷേ, അതിനെ ഒരു പരാജയമായി കണക്കാക്കരുത്. വിഷമമുള്ള വിഷയങ്ങളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുക. അതിനെ ഒരു വെല്ലുവിളിയായി ഏറ്റെടുക്കുക’ – പരീക്ഷ പേ ചർച്ചയിൽ പ്രധാനമന്ത്രി കുട്ടികളോടായി പറഞ്ഞു.

കുട്ടികളും അധ്യാപകരും വിദ്യാഭ്യാസ വിദഗ്ദരുമായി സംവദിക്കവേ ഒരിക്കൽ ഭയപ്പെടുകയും എന്നാൽ പിന്നീട് വശത്താക്കുകയും ചെയ്ത കാര്യങ്ങളുടെ ഒരു പട്ടിക തയ്യാറാക്കാൻ പ്രധാനമന്ത്രി കുട്ടികളോട് ആവശ്യപ്പെട്ടു. ബൈക്ക് ഓടിക്കുക, നീന്തൽ തുടങ്ങിയ പോലുള്ള കാര്യങ്ങൾ പഠിച്ചെടുത്ത തരത്തിലുള്ള നേട്ടങ്ങൾ കുറിക്കാനാണ് പ്രധാനമന്ത്രി ആവശ്യപ്പെട്ടത്. ഇത് കുട്ടികളുടെ ആത്മവിശ്വാസം ഉയർത്താൻ സഹായിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

പരീക്ഷ പേ ചർച്ചയുടെ ആദ്യ വിർച്വൽ പതിപ്പ് ആയിരുന്നു ഇന്ന് നടന്നത്. ഈ വർഷത്തെ പരീക്ഷ പേ ചർച്ചയ്ക്കായി ഏകദേശം 14 ലക്ഷം വിദ്യാർത്ഥികളും അധ്യാപകരും മാതാപിതാക്കളും രജിസ്റ്റർ ചെയ്തിരുന്നു. ഇത്തവണ വിദേശത്തുനിന്നുള്ള വിദ്യാർത്ഥികളും വിദ്യാഭ്യാസ വിദഗ്ദരും പരിപാടിയിൽ പങ്കെടുത്തു.

എല്ലാ വർഷവും പരീക്ഷയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ, വിദ്യാഭ്യാസം, സമപ്രായക്കാരുടെ സമ്മർദ്ദം, ജീവിത നൈപുണ്യം തുടങ്ങിയ വിഷയങ്ങളിൽ വിദ്യാർത്ഥികൾ, അധ്യാപകർ, മാതാപിതാക്കൾ എന്നിവരുമായി പ്രധാനമന്ത്രി മോദി സംവദിക്കാറുണ്ട്. 2018ൽ പരീക്ഷാ വാരിയേഴ്സ് എന്ന പുസ്തകവും അദ്ദേഹം പുറത്തിറക്കി. ഇതിന്റെ പുതുക്കിയ പതിപ്പ് ഈ മാസം ആദ്യം പുറത്തിറക്കിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here