ഈറോഡ്: കുടുംബത്തിന് അഭിവൃദ്ധി ഉണ്ടാകാൻ ആറു വയസുകാരിയെ ബലി നൽകാൻ ശ്രമം. തമിഴ്നാട്ടിലെ ഈറോഡിലാണ് ആറു വയസുകാരിയെ ബലി നൽകാൻ ശ്രമം നടന്നത്. മുത്തശ്ശി പരാതിയുമായി പോലീസ് സ്റ്റേഷനിൽ എത്തിയതോടെ അച്ഛനും അമ്മയും ഉൾപ്പെടെ അഞ്ചുപേർ സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായി. ആറു വയസുകാരിയെ ബലി നൽകിയാൽ കുടുംബത്തിന് അഭിവൃദ്ധിയുണ്ടാകുമെന്ന മന്ത്രവാദിയുടെ വാക്ക് കേട്ടായിരുന്നു ക്രൂരതയ്ക്ക് ഒരുങ്ങിയത്.

ഈറോഡിൽ സത്യമംഗലത്തിന് അടുത്തുള്ള പിള്ളിയാംപെട്ടിയിലാണ് സംഭവം. അറുപതുകാരിയായ ഭാഗ്യമെന്ന സ്ത്രീയാണ് പരാതിയുമായി പൊലീസിനെ സമീപിച്ചത്. കൊച്ചുമകളെ മകളും ഭർത്താവും ചേർന്ന് ബലി നൽകാൻ ശ്രമിക്കുന്നുവെന്ന് കാണിച്ചാണ് പരാതി നൽകിയത്.

ഭാഗ്യത്തിന്റെ മകളുടെ തന്നെ പതിനഞ്ചു വയസുള്ള മകനാണ് തന്റെ അനിയത്തിയെ അമ്മയും അച്ഛനും ചേർന്ന് ബലി നൽകാൻ പോകുന്നുവെന്ന കാര്യം മുത്തശ്ശിയെ അറിയിച്ചത്. വിവരം അറിഞ്ഞ അപ്പോൾ തന്നെ മകളുടെ വീട്ടിലേക്ക് ഭാഗ്യം ഓടിയെത്തുകയായിരുന്നു. എന്നാൽ, ഓടിയെത്തിയ ഭാഗ്യത്തെ മകളും ഭർത്താവും ചേർന്ന് ആട്ടിപ്പുറത്താക്കുകയായിരുന്നു. ഇതിനെ തുടർന്ന് ഇവർ എസ് പി ഓഫീസിലെത്തി സംഭവവുമായി ബന്ധപ്പെട്ട് പരാതി നൽകുകയായിരുന്നു.

പരാതിയെ തുടർന്ന് പൊലീസ് ഭാഗ്യത്തിന്റെ മകൾ ഉൾപ്പെടെ അഞ്ചുപേരെ കസ്റ്റഡിയിൽ എടുത്തു. ഭാഗ്യത്തിന്റെ മകൾ രഞ്ജിത, ഭർത്താവ് രമേശ്, രമേശിന്റെ മറ്റൊരു ഭാര്യ ഇന്ദുമതി, മന്ത്രവാദിയായ ധനലക്ഷ്മി, മാരിയപ്പൻ എന്നിവരെയാണ് പോലീസ് കസ്റ്റഡിയിൽ എടുത്തത്.

ഇവരെ ചോദ്യം ചെയ്തു. ധനലക്ഷ്മിയുടെ പ്രേരണയിൽ വീട്ടിൽ മനുഷ്യക്കുരുതിക്ക് ഒരുക്കം തുടങ്ങിയതായി രമേശും ഭാര്യമാരും സമ്മതിക്കുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here