കെജിഎഫ് 2: സിഗരറ്റ് കത്തിക്കുന്ന രംഗം നീക്കണമെന്ന് കര്‍ണ്ണാടക ആരോഗ്യവകുപ്പ്

നടന്‍ യഷിന് നോട്ടീസ് നല്‍കി

തെന്നിന്ത്യ മുഴുവന്‍ കാത്തിരിക്കുന്ന സിനിമയാണ് യഷ് നായകനായി അഭിനയിച്ച കന്നടചിത്രം കെജിഎഫ് -ന്റെ രണ്ടാം ഭാഗം. ചിത്രത്തിന്റെ ടീസര്‍ പുറത്തുവന്നിട്ടു ദിവസങ്ങളേ ആയിട്ടുള്ളൂ. നായകന്‍ ചുട്ടുപഴുത്ത തോക്കിന്‍കുഴലില്‍നിന്നും സിഗരറ്റ് കത്തിച്ചു വലിക്കുന്ന രംഗമായിരുന്നു ടീസറിലെ ഹൈലൈറ്റ്. എന്നാല്‍ ഈ രംഗത്തിനെതിരേ രംഗത്തെത്തിയിരിക്കയാണ് കര്‍ണ്ണാടക ആരോഗ്യവകുപ്പ്. തുടര്‍ന്ന് സൂപ്പര്‍ സ്റ്റാര്‍ യഷിനു നോട്ടീസ് നല്‍കി. ടീസറില്‍ നിന്നും ആ രംഗം നീക്കംചെയ്യണമെന്നും ആരോഗ്യവകുപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്.

യഷിനെപോലുള്ള നടന്മാരെ യുവാക്കള്‍ അനുകരിക്കുമെന്നും അത്തരം ഫൂട്ടേജുകള്‍ പൊതുജനങ്ങളില്‍ സ്വാധീനം ചെലുത്തുമെന്നും നോട്ടീസില്‍ വ്യക്തമാക്കുന്നു. ചിത്രത്തിലെ ഈ രംഗം യുവാക്കളെ സിഗരറ്റ് വലിക്കാന്‍ പ്രേരിപ്പിക്കും. സിഗരറ്റ്, പുകയില ഉല്‍പന്ന നിയമത്തിലെ സെക്ഷന്‍ 5 ലെ വ്യവസ്ഥകളുടെ ലംഘനമാണിതെന്നും യഷിന്
ദശലക്ഷക്കണക്കിന് യുവ ആരാധകരുണ്ടെന്നും സമൂഹം നിങ്ങളെ പിന്തുടരുന്നുവെന്നും ആരോഗ്യവകുപ്പ് യഷിനെ ഓര്‍മ്മിപ്പിച്ചു.

യാഷിന് നോട്ടീസ് നല്‍കിയിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി സുധാകര്‍ സ്ഥീതികരിച്ചു. ”നടന്‍ യാഷിനെ മാത്രമല്ല, എല്ലാ അഭിനേതാക്കളോടും ഞങ്ങള്‍ അഭ്യര്‍ത്ഥിക്കുകയാണ്, ആയിരക്കണക്കിന് ആരാധകര്‍ നിങ്ങളെ പിന്തുടരുന്നുണ്ട്. അതിനാല്‍ സിഗരറ്റ് വലിക്കുന്ന രംഗങ്ങള്‍ കാണിക്കരുത്. കാരണം രാജ്യത്ത് കാന്‍സര്‍ ബാധിതരുടെ എണ്ണം വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ഈ പശ്ചാത്തലത്തില്‍, അത്തരം രംഗങ്ങള്‍ കാണിക്കുന്നതിനു പകരം അവബോധം വളര്‍ത്തുകയാണ് ഉചിതമെന്നും ആരോഗ്യമന്ത്രി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here