ന്യൂഡൽഹി: വാക്സിനിൽ ഒരു തുള്ളി പോലും പാഴാക്കാതിരുന്ന കേരളത്തിലെ ആരോഗ്യപ്രവർത്തകർക്ക് അഭിനന്ദനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇക്കാര്യം പരാമർശിച്ചുള്ള പിണറായി വിജയന്റെ ട്വീറ്റ് റിട്വീറ്റ് ചെയ്തു കൊണ്ടായിരുന്നു പ്രധാനമന്ത്രിയുടെ അഭിനന്ദനം.
വളരെ സൂക്ഷ്മതയോടെ ഒരു തുള്ളി പോലും പാഴാക്കാതെ ഉപയോഗിച്ച ആരോഗ്യപ്രവർത്തകരെയും നഴ്സുമാരെയും അഭിനന്ദിക്കുന്നതായി പ്രധാനമന്ത്രി അറിയിച്ചു.

കേന്ദ്രസർക്കാരിൽ നിന്നും സംസ്ഥാനത്തിന് ലഭിച്ചത് 73,38,860 ഡോസ് വാക്സിനാണ്. ആ വാക്സിൻ മുഴുവനും ഉപയോഗിച്ചു. ഓരോ വാക്സിൻ വയലിനകത്തും പത്തു ഡോസ് കൂടാതെ വേസ്റ്റേജ് ഫാക്ടർ എന്ന നിലയ്ക്ക് ഒരു ഡോസ് കൂടി അധികം ഉണ്ടായിരിക്കും. വളരെ സൂക്ഷ്മതയോടെ ഒരു തുള്ളി പോലും പാഴാക്കാതെ ഉപയോഗിച്ചതിനാൽ ഈ അധിക ഡോസ് കൂടി ആളുകൾക്ക് നൽകാൻ കഴിഞ്ഞു. അതിനാലാണ് 73,38,860 ഡോസ് വാക്സിൻ ലഭിച്ചിട്ടും 74,26,164 ഡോസ് ഉപയോഗിക്കാൻ സാധിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു.

വാക്സിൻ പാഴാക്കാതെ ഫലപ്രദമായി ഉപയോഗിച്ച് ആരോഗ്യപ്രർത്തകർ മാതൃകയാണെന്നും പ്രത്യേകിച്ച് നഴ്സുമാർ വളരെ കാര്യപ്രാപ്തി ഉള്ളവരാണെന്നും പൂർണമനസോടെ അഭിനന്ദനം അർഹിക്കുന്നുവെന്നും മോദി പറഞ്ഞു. കോവിഡിന് എതിരായ പോരാട്ടം ശക്തിപ്പെടുത്തുന്നതിന് വാക്സിൻ പാഴാക്കൽ കുറയ്ക്കുന്നത് പ്രധാനമാണെന്നും മോദി കൂട്ടിച്ചേർത്തു. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രിമാരുടെ ചർച്ചയിൽ വാക്സിന്റെ ഒറ്റഡോസ് പോലും പാഴാക്കരുതെന്ന് അഭ്യർത്ഥിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here