കാലവര്‍ഷം ഉടനെത്തും, ശക്തമായ മഴയ്ക്കു സാധ്യത

0

തിരുവനന്തപുരം: സംസ്ഥാനത്ത് തെക്കു പടിഞ്ഞാറന്‍ കാലവര്‍ഷം ശനിയാഴ്ച എത്തിയേക്കും. ഞായറാഴ്ച മുതല്‍ ശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു. തിങ്കള്‍, ചൊവ്വ ദിവസങ്ങളിലായി നാല് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

തെക്ക് പടിഞ്ഞാറന്‍ കാലവര്‍ഷത്തിന് അനുയോജ്യമായ ഘടകങ്ങള്‍ അറബിക്കടലിലും അന്ത:രീക്ഷത്തിലും രൂപപ്പെട്ട് കൊണ്ടിരിക്കുന്നതിനാല്‍ അടുത്ത 24 മണിക്കൂറില്‍ തെക്ക് പടിഞ്ഞാറന്‍ കാലവര്‍ഷം കേരളത്തിലെത്തുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ കണക്കൂകൂട്ടല്‍. കൂടാതെ ഞായറാഴ്ചയോടെ കേരള കര്‍ണാടക തീരത്തോട് ചേര്‍ന്നുള്ള മധ്യകിഴക്കന്‍ അറബിക്കടലില്‍ ഒരു ന്യൂന മര്‍ദം (ഹീം ുൃലൗൈൃല മൃലമ) രൂപപ്പെടാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

2016ന് ശേഷം ഇതാദ്യമായാണ് കേരളത്തില്‍ കാലവര്‍ഷം വൈകുന്നത്. തൃശ്ശൂരില്‍ തിങ്കളാഴ്ചയും എറണാകുളം, മലപ്പുറം, കോഴിക്കോട് എന്നീ ജില്ലകളില്‍ ചൊവ്വാഴ്ചയും റെഡ് അലര്‍ട്ടായിരിക്കും. കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലര്‍ട്ട് പ്രഖ്യാപിക്കപ്പെട്ട ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായതോ (115 mm വരെ മഴ) അതിശക്തമായതോ (115 mm മുതല്‍ 204.5 mm വരെ മഴ) ആയ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.

സര്‍ക്കാര്‍ സംവിധാനങ്ങളും പൊതുജനങ്ങളും ജാഗ്രത പാലിക്കുവാനും ക്യാമ്പുകള്‍ തയ്യാറാക്കുകയുള്‍പ്പെടെയുള്ള മുന്നൊരുക്കങ്ങള്‍ നടത്തുക എന്നതുമാണ് റെഡ് അലര്‍ട്ട് കൊണ്ട് ഉദ്ദേശിക്കുന്നത്.

ഞായറാഴ്ച തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂര്‍ ജില്ലകളിലും തിങ്കളാഴ്ച തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, മലപ്പുറം, കോഴിക്കോട് ജില്ലകളിലും ചൊവ്വാഴ്ച കൊല്ലം, ആലപ്പുഴ, കോട്ടയം ജില്ലകളിലും ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here