ഇഡി ക്കെതിരായ ജുഡീഷ്യൽ അന്വേഷണം; വ്യക്തമായ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലെന്ന് മുഖ്യമന്ത്രി

കൊച്ചി: എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റിനെതിരെ സർക്കാർ പ്രഖ്യാപിച്ച ജുഡീഷ്യൽ അന്വേഷണം വ്യക്തമായ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിൽ എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിയമോപദേശം ലഭിക്കാതെ സർക്കാർ ഇങ്ങനെയൊരു നീക്കം നടത്തില്ലയെന്ന് അദ്ദേഹം മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടിയായി പറഞ്ഞു.
അന്വേഷണം നിയമപരമായി നിലനിൽക്കുന്നതല്ല എന്ന് പല കോണുകളിൽ നിന്നും വിമർശനം ഉയരുന്ന സാഹചര്യത്തിൽ കൂടിയാണ് മുഖ്യമന്ത്രി ഇത് വ്യക്തമാക്കിയത്.

അന്വേഷണത്തിൽ ആരും അസ്വസ്ഥമാകണ്ട കാര്യമില്ല.
ഇഡിക്കെതിരായ അന്വേഷണം വസ്തുതകൾ കണ്ടെത്താനാണ്. പ്രതികളായ പലരെയും പലതും പറയാൻ ഏജൻസികൾ നിർബന്ധിക്കുന്നതായി ആക്ഷേപം ഉയരുന്നുണ്ട്. ഇത് പുറത്തുവരണം. പ്രതിപക്ഷ നേതാവിന് എന്താണ് ഇതിൽ പ്രശ്നമെന്നും മുഖ്യമന്ത്രി ചോദിച്ചു. കോൺഗ്രസ്-ബി ജെ പി ബന്ധത്തിന്റെ ഭാഗമാണ് ഈ അസ്വസ്ഥതയെന്നും അദ്ദേഹം പരിഹസിച്ചു.

ജുഡീഷ്യൽ അന്വേഷണത്തെ വിമർശിച്ച കേന്ദ്രമന്ത്രി വി മുരളീധരനും മുഖ്യമന്ത്രി മറുപടി നൽകി. സ്വർണ്ണക്കടത്തിനെക്കുറിച്ച് മുരളീധരൻ പറഞ്ഞ പരാമർശങ്ങൾ അന്വേഷണത്തിന്റെ പരിധിയിൽ വരില്ലെന്നും അതുകൊണ്ട് മുരളീധരൻ ഭയപ്പെടേണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. യു ഡി എഫിന്റെ ഒത്താശയോടെയാണ് കേന്ദ്ര ഏജൻസികൾ നീങ്ങുന്നത്. യുഡിഎഫിനും ആർഎസ്എസിനും കിഫ്ബിക്കെതിരെ ഒരേ വികാരമാണുള്ളത്.

പ്രതിപക്ഷം തുറന്നിട്ട വാതിലിലൂടെയാണ് കേന്ദ്ര ഏജൻസികൾ എത്തിയത്. കേരള വികസനത്തിൽ കിഫ്ബിക്ക് വലിയ പങ്കുണ്ട്. ഇതിനെ തകർക്കാനാണ് പ്രതിപക്ഷ ശ്രമം. കിഫ് ബിയുടെ കഴുത്തിൽ കുരുക്കിടാനുള്ള ആരാച്ചാർ പണി പ്രതിപക്ഷം ഏറ്റെടുക്കുമെന്ന് പ്രതീക്ഷിച്ചില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഫെഡറൽ സംവിധാനം ഉള്ള രാജ്യമാണിത്. സംസ്ഥാനത്തിന്റെ അധികാരത്തിലാണ് കേന്ദ്ര ഏജൻസികളുടെ കടന്നുകയറ്റം നടക്കുന്നത്. ആദായനികുതി വകുപ്പിന്റെ നീക്കം ഇതിന്റെ ഭാഗമാണ്. ചോദിച്ചാൽ മറുപടി കൊടുക്കാവുന്ന കാര്യങ്ങൾക്കാണ് പരിശോധന നടത്തുകയും ചോദ്യം ചെയ്യലും ഉണ്ടായത്. കേരളത്തിൽ എന്തൊക്കെയോ കുഴപ്പങ്ങൾ ഉണ്ടെന്ന് പുറമെ വരുത്തി തീർക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണിതെന്നും പിണറായി കുറ്റപ്പെടുത്തി.

കേന്ദ്രം പണം തരാത്തതിനാൽ നാട്ടിൽ വികസനം മുടങ്ങിയില്ല. അത് സർക്കാരിന് നിർബന്ധമുണ്ടായിരുന്നു. കേരളത്തിന്റെ അതിജീവനത്തെ തകർക്കാനാണ് ബി ജെ പി ശ്രമിക്കുന്നത്. ഇതെല്ലാം ചില ശക്തികളെ അസ്വസ്ഥമാക്കുന്നുണ്ട്. അവർക്കൊപ്പമാണ് യു ഡി എഫ്.

വികസനം , ജനക്ഷേമം എന്നിവയിൽ ഒരു വിട്ടുവീഴ്ചയും ഉണ്ടാവില്ല.
കോവിഡ് കാലത്ത് തുടങ്ങിയ ഭക്ഷ്യ കിറ്റ് വിതരണം, പെൻഷൻ ഇതെല്ലാം മുടക്കാനാണ് പ്രതിപക്ഷ നേതാവിന്റെ ശ്രമം. സർക്കാർ ഇതെല്ലാം ചെയ്യുന്നത് തെരഞ്ഞെടുപ്പ് കണ്ടിട്ടല്ല. ഇപ്പോൾ ഈസ്റ്റർ, വിഷു ആഘോഷങ്ങൾ എത്തുന്നതും തെരഞ്ഞെടുപ്പ് കണ്ടിട്ടല്ല. എല്ലാവർക്കും ഒരു രാഷ്ട്രീയവുമില്ലാതെ അനുഭവിക്കാൻ കഴിയുന്ന കാര്യമാണ് പ്രതിപക്ഷ നേതാവ് തടസ്സപ്പെടുത്തുന്നത്. ഇതൊരു സങ്കുചിത മനസിന്റെ ചിന്തയാണ്. തന്റെ തെറ്റ് തിരിച്ചറിഞ്ഞ് പ്രതിക്ഷ നേതാവ് മാപ്പു പറയണം.

പ്രതിപക്ഷ നേതാവ് ഉയർത്തിയ ഇരട്ട വോട്ട് പ്രശ്നം അദ്ദേഹത്തിന് തന്നെ വിനയവുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. അദ്ദേഹത്തിന്റെ പേരും ഒട്ടനവധി പ്രതിക്ഷ എംഎൽഎമാരും അനുഭാവികളും ലിസ്റ്റിൽ ഉണ്ട്. ഇതിൽ നിന്നും വ്യക്തമാക്കുന്നത് പ്രതിപക്ഷം തന്നെയാണ് ഇതിനു പിറകിലെന്നാണ്.
എന്താണ് തെരഞ്ഞെടുപ്പ് ഫലം എന്ന് മുൻകൂട്ടി കണ്ട് ജാമ്യമെടുക്കലാണ് പ്രതിപക്ഷ നേതാവിന്റെ പല പ്രസ്താവനകളുമെന്നും പിണറായി പറഞ്ഞു.

2016 നു മുമ്പ് സംസ്ഥാനത്തിന്റെ പ്രത്യേകത അഴിമതിയുണ്ടെന്ന ദുഷ്പേരായിരുന്നു. അതിനൊരു മാറ്റം വരാൻ ജനങ്ങൾ ആഗ്രഹിച്ചിരുന്നു. പൊതുപ്രവർത്തകരുടെ സ്വത്ത് വിവരം ജനങ്ങൾക്ക് ലഭ്യമാകാൻ സുതാര്യ സംവിധാനം ഏർപ്പെടുത്തും.
എല്ലാ വകുപ്പുകളിലും ഇ-ടെൻഡർ, സോഷ്യൽ ഓഡിറ്റ് നിർബന്ധമാക്കും. ഇ ഗവേണൻസ്, കർശന വിജിലൻസ് സംവിധാനം എന്നിവയിലൂടെയെല്ലാം അഴിമതി നിയന്ത്രിക്കാൻ കഴിയും.
സോഷ്യൽ പൊലീസിങ്ങിലൂടെ ജനങ്ങളുടെ പരാതികൾ പരിഹരിക്കാനാകുമെന്നും ഇടതു സർക്കാർ ഇതെല്ലാം പ്രവർത്തികമാക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here