ചെന്നൈയെ പഞ്ഞിക്കിട്ട് ധവാനും പൃഥ്വി ഷായും; ഡല്‍ഹിക്ക് തകര്‍പ്പന്‍ ജയം

ഡല്‍ഹിയുടെ വെടിക്കെട്ട് ബാറ്റിങ്ങിന് മുന്നില്‍ തോല്‍വി സമ്മതിച്ച് ധോണിയുടെ ചെന്നൈ സൂപ്പര്‍ കിങ്സ്. ചെന്നൈ ഉയര്‍ത്തിയ 189 റണ്‍സ് വിജയലക്ഷ്യം ഡല്‍ഹി 3 വിക്കറ്റ് നഷ്ടത്തില്‍ 18.4 ഓവര്‍ കൊണ്ടുതന്നെ മറികടക്കുകയായിരുന്നു. തുടക്കത്തില്‍ത്തന്നെ പൃഥ്വി ഷായും(72) ശിഖര്‍ ധവാനും(85) വെടിക്കെട്ട് ബാറ്റിങ് പുറത്തെടുത്തതോടെയായിരുന്നു ഡല്‍ഹിക്ക് വിജയം അനായാസമായത്. നായകന്‍ റിഷഭ് പന്താണ്(15) ഡല്‍ഹിക്കായി വിജയറണ്‍സ് നേടിയത്. ചെന്നൈക്കായി ശാര്‍ദുല്‍ ഠാക്കൂര്‍ രണ്ടും ഡ്വെയ്ന്‍ ബ്രാവോ ഒരു വിക്കറ്റും വീഴ്ത്തി.

നേരത്തെ തിരിച്ചുവരവ് ഗംഭീരമാക്കിയ സുരേഷ് റെയ്നയുടെ അര്‍ദ്ദസെഞ്ച്വറിയുടെ പിന്‍ബലത്തില്‍ ചെന്നൈ 7 വിക്കറ്റ് നഷ്ടത്തില്‍ 188 റണ്‍സെടുത്തിരുന്നു.

തുടക്കം പിഴച്ചെങ്കിലും മുഈന്‍ അലിയും(36) അമ്പാട്ടി റായിഡുവും(23) സുരേഷ് റെയ്നയും(54) ചെന്നൈയെ കരകയറ്റുകയായിരുന്നു. നായകന്‍ ധോണി റണ്ണൊന്നുമെടുക്കാതെ പുറത്തായി. അവസാന ഓവറില്‍ സാം കറനും(34) രവീന്ദ്ര ജഡേജയും(26*) വെടിക്കെട്ട് ബാറ്റിങ് കാഴ്ചവെച്ചപ്പോള്‍ മികച്ച സ്കോറിലേക്ക് ചെന്നൈ എത്തുകയായിരുന്നു. ഡല്‍ഹിക്കായി ആവേശ് ഖാന്‍, ക്രിസ് വോക്സ് എന്നിവര്‍ രണ്ടും ടോം കറന്‍, രവിചന്ദ്രന്‍ അശ്വിന്‍ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.

LEAVE A REPLY

Please enter your comment!
Please enter your name here