വിവാദമില്ലാത്ത 14 ബില്ലുകൾ ഗവർണർ ഒപ്പിട്ടു, സർവകലാശാല ബിൽ രാഷ്ട്രപതിക്ക് അയച്ചേക്കും

തിരുവനന്തപുരം | കേരള നിയമസഭ പാസാക്കിയ 14 ബില്ലുകളിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഒപ്പിട്ടു. എന്നാൽ, ഗവർണറെ ചാൻസലർ സ്ഥാനത്തുനിന്ന് നീക്കുന്നതിനും ലോകായുക്തയുടെ അധികാരം നിയന്ത്രിക്കുന്നതിനും നിഷ്കർഷിക്കുന്ന ബില്ലുകളിൽ ഒപ്പിട്ടില്ല.

സർക്കാരുമായുള്ള സംഘർഷത്തിൽ കഴിഞ്ഞ ദിവസങ്ങളിൽ മഞ്ഞുരുകൽ ഉണ്ടായിരുന്നു. പിന്നാലെയാണ് കഴിഞ്ഞ നിയമസഭാ സമ്മേളനത്തിൽ പാസാക്കിയ ബില്ലുകൾ ഗവർണർ ഒപ്പിട്ടത്. ഇതോടെ, ഡിസംബർ 13 ന് അവസാനിച്ച എഴാം സമ്മേളനത്തിൽ പാസാക്കിയ ബില്ലുകളിൽ ചാൻസലർ സ്ഥാനത്തുനിന്ന് ഗവർണറെ ഒഴിവാക്കുന്നത് ഒഴികെയുള്ളവയ്ക്ക് അംഗീകാരമായി.

ആറാം സമ്മേളനത്തിൽ പാസാക്കിയ സർവകലാശാലാ നിയമഭേദഗതി ബിൽ ഇപ്പോഴും ഒപ്പിടാതെ രാജ്ഭവനിലുണ്ട്. ആ സമ്മേളനത്തിൽ പാസാക്കിയ ക്ഷീരോത്പാദക സംഘങ്ങളിൽ നാമനിർദേശം ചെയ്യപ്പെടുന്നവർക്ക് വോട്ടവകാശം നൽകുന്നതിനുള്ള സഹകരണസംഘം ഭേദഗതി ബില്ലും ഇതുവരെ ഗവർണർ ഒപ്പിട്ടിട്ടില്ല.

സർവകലാശാല നിയമഭേദഗതി ബിൽ രാഷ്ട്രപതിക്ക് വിടുമെന്ന് സൂചനയാണ് രാജ് ഭവൻ നൽകുന്നത്. തന്നെക്കൂടി ബാധിക്കുന്ന വിഷയങ്ങൾ ബില്ലിലുള്ളതിനാൽ തനിക്കു മുകളിലുള്ളവർ തീരുമാനമെടുക്കട്ടെയെന്നാണ് ഗവർണറുടെ നിലപാട്.

Governor signs 14 bills passed by niyamasabha

LEAVE A REPLY

Please enter your comment!
Please enter your name here