ബൈക്ക് യാത്രികനെ തടഞ്ഞ പോലീസ് ആവശ്യപ്പെട്ടത് ബസിനെ ചേസ് ചെയ്യാൻ; അഭിനന്ദിച്ച് സൈബർ ലോകവും

സാധാരണ ഗതിയിൽ ട്രാഫിക് പോലീസ് ബൈക്കിന് കൈ കാണിച്ചാൽ ആരും നല്ലത് പറയാറില്ല. എന്നാൽ, തമിഴ് നാട്ടിലെ ഒരു പോലീസുകാര൯ ബൈക്ക് യാത്രികനെ തടഞ്ഞതിനെ പ്രശംസിക്കുകയാണ് ആളുകൾ.

സംഭവം ഇങ്ങനെയാണ്. അരുൺ കുമാർ മോല്യ എന്ന ബംഗളൂരുകാരനായ ഐ ടി വിദഗ്ധനെയാണ് തമിഴ്നാട് പൊലീസ് തടഞ്ഞത്. ഇയാൾ യാത്ര ചെയ്യുന്ന അതേ റൂട്ടിൽ ഓടുന്ന ഒരു സർക്കാർ ബസിനെ പിന്തുടരാനാണ് പൊലീസ് നിർദ്ദേശം നൽകിയത്. ബസിൽ കയറുന്നതിന് മുമ്പ് ഒരു യുവതിയുടെ കൈയിൽ നിന്ന് മരുന്ന് താഴെ വീണു പോയിരുന്നു. ഈ മരുന്ന ബസിനെ പിന്തുടർന്ന് തിരികെ നൽകാനാണ് പൊലീസ് മോല്യയെ ഏൽപിച്ചത്.

സംഭവത്തിന്റെ പൂർണ ദൃശ്യങ്ങൾ അന്നി അരുണ് എന്ന തന്റെ യൂട്യൂബ് ചാനൽ പങ്കു വെച്ചിട്ടുണ്ട് അദ്ദേഹം. ട്രാഫിക് പോലീസുകാര൯ ബൈക്ക് യാത്രികനെ തടയുന്നതും താങ്കൾ കർണാടകയിൽ നിന്നുള്ളയാളാണോ എന്നും ചോദിക്കുന്നത് കേൾക്കാം. അദ്ദേഹം ‘അതെ’ എന്ന് മറുപടി പറഞ്ഞപ്പോൾ ഇതേ റൂട്ടിൽ ഇപ്പോൾ ഒരു സർക്കാർ ബസ് പോയിട്ടുണ്ടെന്നും ഒരു സ്ത്രീ ബസിൽ കയറിയപ്പോൾ മരുന്ന് കുപ്പി താഴെ വീണു പോയെന്നും പൊലീസ് അദ്ദേഹത്തെ അറിയിച്ചു. ബസിനെ പിന്തുടർന്ന് മരുന്ന് തിരികെ നൽകാമോ എന്നും അദ്ദേഹത്തോട് ചോദിക്കുകയായിരുന്നു പോലീസ്.ഏതായാലും പോലീസ് ഏൽപിച്ച ഉത്തരവാദിത്തം അരുൺ കൃത്യമായി നിർവഹിച്ചെന്ന് വീഡിയോയിൽ വ്യക്തമാണ്.

കഴിഞ്ഞ പത്ത് വർഷമായി യു ട്യൂബ് ചാനൽ നടത്തുന്ന അരുണ്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇരുചക്ര വാഹനത്തിൽ സഞ്ചരിച്ചതിന്റെ ദൃശ്യങ്ങൾ തന്റെ ചാനലിൽ ഷെയർ ചെയ്തിട്ടുണ്ട്.

യു ട്യൂബിൽ ഷെയർ ചെയ്ത വീഡിയോയുടെ തലവാചകം ഇങ്ങനെയാണ്: ‘എന്നെ പോലീസ് തടഞ്ഞു നിർത്തി എന്ന പേരിലൊരു വീഡിയോ നിർമ്മിക്കുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല, പക്ഷേ ഇത് പോസ്റ്റ് ചെയ്യാതിരിക്കാ൯ പറ്റില്ല!’

പ്രാദേശിക മാധ്യമങ്ങളിൽ വന്ന റിപ്പോർട്ടുകൾ അനുസരിച്ച്, ഗുജറാത്ത്, രാജസ്ഥാ൯, ലേ, ലഡാക്ക്, ഹിമാലയ൯ പ്രദേശങ്ങളിൽ ബൈക്കിൽ സന്ദർശിച്ച അരുണ്‍ യാത്രയുടനീളം റെക്കോർഡ് ചെയ്ത് തന്റെ യുട്യൂബ് ചാനലിൽ ഷെയർ ചെയ്യൽ പതിവാണ്. ആളുകളോടുള്ള സംഭാഷണങ്ങളും ഫിലിം ചെയ്ത് വെക്കൽ അദ്ദേഹത്തിന്റെ ശീലമാണ്.

ബസിന് പിന്നാലെ വേഗത്തിൽ ബൈക്കോടിച്ച് പോകുന്ന ദൃശ്യങ്ങളും ചാനലിൽ കാണാം. പിന്നീട് മരുന്ന് തിരിച്ചു വാങ്ങിയ അദ്ദേഹം അത് സ്ത്രീക്ക് കൈമാറുകയും ചെയ്തു.

തേനാക്ഷിയിലേക്കുള്ള യാത്രയിലാണ് അരുണിന് അപ്രതീക്ഷിതമായി പോലീസ് കൈകാണിച്ചത്. പോലീസ് എന്തിനാണ് തന്നെ തടയുന്നത് എന്നറിയാത്തതു കൊണ്ട് ഒരു സൂക്ഷ്മതക്ക് എന്ന നിലക്കാണ് താ൯ ക്യാമറ ഓൺ ചെയ്തതെന്നും എന്നാൽ അത് ഇത്തരം ഒരു അനുഭവമായി മാറുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചില്ലെന്നും അദ്ദേഹം പറയുന്നു.

നിരവധി പേരാണ് ഈ വീഡിയോക്ക് താഴെ കമന്റുകളുമായി രംഗത്തെത്തിയത്. ‘താങ്കൾക്കും പോലീസുകാരനും എല്ലാ വിധ ആദരങ്ങളും… അരുണേ..’, ഒരാൾ പറഞ്ഞു. ‘താങ്കളും പോലീസുകാരനും വലിയ മനുഷത്വമുള്ള കാര്യമാണ് ചെയ്തത്. കൃത്യ സമയത്തുള്ള സഹായം. രണ്ടു പേരെയും അഭിനന്ദിക്കുന്നു,’ – മറ്റൊരാൾ എഴുതി.

‘താങ്കളെക്കുറിച്ച് അഭിമാനം തോന്നുന്നു സഹോദരാ! വളരെ സത്യസന്ധനായ ഒരു പോലീസ് ഉദ്യോഗസ്ഥ൯. തമിഴ്നാട്ടുകാരനായ ഞാ൯ ഒരുപാട് കാലമായി താങ്കളുടെ വീഡിയോകൾ കാണുന്നു!,’ – മറ്റൊരു ഇന്റർനെറ്റ് ഉപയോക്താവ് കുറിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here